സുഗ്രീവ ദിവാകരാത്മജ കപിവര

രാഗം: 

കാമോദരി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

ലക്ഷ്മണൻ

ഏവം കപീന്ദ്രമഹിഷീമൊഴികേട്ടു കിഞ്ചില്‍

സൗമിത്രി കോപവുമുടക്കി മനസ്സിലപ്പോള്‍

താവന്നികാമചകിതം രവിനന്ദനന്തം

പാര്‍ശ്വസ്ഥിതം പരുഷമോടയമിത്യുവാച

സുഗ്രീവ ദിവാകരാത്മജ കപിവര

സുഗ്രീവ ദിവാകരാത്മജ

അഗ്രജനെ കൊന്നു തവ രാജ്യം തന്ന വീരനാമെന്‍

അഗ്രജനെ മറന്നു നീ ആത്തമോദം വാണീടുമോ

ബാലിമാര്‍ഗ്ഗത്തെ നീയനുസരിക്കുമേവമെങ്കിലോ

ബാലതകൊണ്ടധികം നീ മൂഢനായി വാണീടൊല്ലാ

അർത്ഥം: 

ശ്ലോകാർത്ഥം:-മർക്കടരാജപ്ത്നിയുടെ ഇങ്ങനെ ഉള്ള വാക്കുകൾ കേട്ട് ലക്ഷ്മണൻ ദേഷ്യത്തെ അൽപ്പം അടക്കി. ആ സമയം ഭയന്നുവിറച്ച് അടുത്തുവന്ന സുഗ്രീവനോടായി ഇപ്രകാരം പരുഷമായി പറഞ്ഞു.

പദം:- സുഗ്രീവാ, സൂര്യപുത്രാ, ജ്യേഷ്ഠനെ കൊന്ന് രാജ്യം നിനക്ക് തന്ന വീരനായ എന്റെ ജ്യേഷ്ഠൻ ശ്രീരാമനെ മറന്ന് സുഖമായി നിനക്ക് കഴിയാൻ പറ്റില്ല. അങ്ങനെ ചെയ്താൽ ബാലി പോയ വഴി തന്നെ നീയും പോകും. പ്രായക്കുറവ് (ചെറുപ്പം) കൊണ്ട് നീ വിഡ്ഢി ആയി കഴിയരുത്.

അരങ്ങുസവിശേഷതകൾ: 

ഈ രംഗത്ത് സുഗ്രീവൻ, അംഗദൻ (രണ്ടും ചുകന്ന താടികൾ) ഹനൂമാൻ (വെള്ളത്താടി) എന്നീ മൂന്നുപേരുടെ തിരനോക്ക് ഉണ്ട് എന്ന് പദ്മാശാന്റെ ചൊല്ലിയാട്ടം എന്ന പുസ്തകത്തിൽ പറയുന്നു. തിരനോക്കിനുശേഷം സുഗ്രീവൻ തിരശ്ശീല താഴിത്തി ഉത്തരീയം വീശി ഗൗരവത്തിൽ ഇരുന്ന് രംഗാഭിവാദ്യം ചെയ്ത് തന്റേടാട്ടം.

എനിക്ക് ഏറ്റവും സുഖം ഭവിച്ചു. എന്റെ ജ്യേഷ്ഠനായ ബാലിയുടെ വിരോധത്താൽ വളരെ കാലം ദുഃഖത്തോടെ മലമുകളിൽ കഴിഞ്ഞു കൂടിയ എന്നെ ശ്രീരാമചന്ദ്രൻ രക്ഷിച്ചു. വാനരരാജാവായി ഞാൻ ഇന്ന് സന്തോഷത്തോടെ കിഷ്കിന്ധ ഭരിക്കുന്നു. എന്നെ പോലെ ഭാഗ്യമുള്ളവർ ഇന്ന് ആർ? ഏയും ആരും ഇല്ല. അതുകൊണ്ട് ഇപ്പോൾ എനിക്ക് ഏറ്റവും സുഖം തന്നെ.

(ഉത്തരീയം വീശി പീഠത്തിലിരിക്കുമ്പോൾ ആലോചിച്ച് ഒരു കുസൃതിച്ചിരിയോടെ) വേനം, വേണം അൽപ്പം മദ്യം സേവിക്കണം. (ഇരുന്നുകൊണ്ട് തന്നെ ഇടത്തോട്ടു നോക്കി ഭൃത്യനെ മാടിവിളിച്ച് ഇടം കൈകൊണ്ട് അനുഗ്രഹിച്ച്)നീ വേഗത്തിൽ പോയി അൽപ്പം മദ്യം കൊണ്ടുവന്നാലും. (ഭൃത്യനെ അയച്ച് വീണ്ടും ഉത്തരീയം വീശി ഇരിക്കുന്നു. അൽപ്പം കഴിഞ്ഞ് ഭൃത്യൻ കൊണ്ടുവന്ന മദ്യം രണ്ടുകയ്യും നീട്ടി വാങ്ങി മുന്നിൽ വെച്ച് കുടിക്കുവാൻ തുടങ്ങുന്നു. കുടിച്ച് കുടിച്ച് മദോന്മത്തനായിരിക്കുമ്പോൾ കിടിലം കൊള്ളിക്കുന്ന ഞാണൊലി കേൾക്കുന്നു. തുടർച്ചയായ ഞാണൊലി കേട്ട് അസഹ്യതയോടേ) കർണ്ണകഠോരം ആയ ഞാണൊലി ഇടുന്നതാരാണ്? (ആലോചിച്ച് വിരൽ മടക്കി എണ്ണിനോക്കി ഭയപരിഭ്രമങ്ങളോടെ) അയ്യോ! ശ്രീരാമസ്വാമി എന്നോട് ചെല്ലുവാൻ പറഞ്ഞ സമയം കഴിഞ്ഞിരിക്കുന്നു. എന്നെ കാണാഞ്ഞ് ലക്ഷ്മണൻ കോപിച്ച് വന്നിരിക്കുകയാണ്. ഇനി എന്തു ചെയ്യും? ഞാനിപ്പോോ മുന്നിൽ ചെന്നാൽ ലക്ഷ്മണൻ എന്നെ കൊന്നുകളയുമല്ലൊ. അദ്ദേഹത്തിന്റെ ദേഷ്യം ശമിപ്പിക്കുവാൻ ഉപായമെന്താണ്? (ആലോചിച്ച് ഉറച്ച്) എന്തായാലും വേഗം ഹനൂമാനെ കൂട്ടി ചെന്ന കണ്ട് വന്ദിക്കുക തന്നെ. 

(നാലിരട്ടി എടുത്ത് തിരശ്ശീല പൊക്കുന്നു)

ലക്ഷ്മണൻ വില്ല് കുത്തി പിടിച്ച് വലതുവശത്ത് ഇരിക്കുന്നു. സുഗ്രീവൻ ഹനൂമാനോടുകൂടെ ആശങ്കയോടെ പ്രവേശിക്കുന്നു. ലക്ഷ്മണനെ കണ്ട് കുമ്പിട്ട് തൊഴുതുമാറി ഭയന്നുവിറച്ച് നിൽക്കുന്നു. ലക്ഷ്മണൻ ഇരുവരേയും അനുഗ്രഹിച്ച് വളരെ ഗൗരവത്തോടെ സുഗ്രീവനോട് പദം ആടുന്നു.