കുത്ര മമ ചന്ദ്രഹാസം

രാഗം: 

പാടി

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

രാവണന്‍

കുത്ര മമ ചന്ദ്രഹാസം അത്ര സീതേ നിന്നെ

കൃത്തയാക്കിച്ചെയ്യുന്നുണ്ടോരത്തല്‍ കൂടാതെ

അർത്ഥം: 

എന്റെ ചന്ദ്രഹാസം എവിടെ? (ചന്ദ്രഹാസം ശ്രീപരമേശ്വരൻ രാവണനു അനുഗ്രഹിച്ച് നൽകിയ വാളിന്റെ പേരാണ്) സീതേ നിന്നെ ഒട്ടും മടികൂടാതെ വെട്ടിനുറുക്കുന്നുണ്ട്.

അരങ്ങുസവിശേഷതകൾ: 

ആട്ടത്തിനുവട്ടം തട്ടുന്നു. കിങ്കരനോട് വാൾ വാങ്ങി തുടച്ച് ചെറിയ നാലാമിരട്ടി എടുത്ത് കലാശിക്കുന്നതോടൊപ്പം സീതയെ വെട്ടാനൊരുങ്ങുന്നു. അപ്പോഴേക്ക് മണ്ഡോദരി ഓടിവന്ന് വലംകൈ പിടിച്ച് പിന്നോക്കം വലിക്കുന്നു. രാവണൻ കുതറിമാറുന്നു. ഈ സമയം നാലുമാത്ര ചെമ്പടയിൽ തോടി രാഗം പാടുന്നു. 

പതുക്കെപ്പതുക്കെ തല തിരിച്ച് മണ്ഡോദരിയെ കണ്ട് ലജ്ജിച്ച് തല താശ്ത്തുന്നു. പിന്നെ കാൽ കൊട്ടി നിന്ന് ആലിംഗനം ചെയ്യുന്നു. വീണ്ടും ദൃഷ്ടി സീതയുടെ നേരെ തിരിയുന്നു. കാൽ പരത്തി താണുനിന്ന് ക്ഷോഭത്തോടെ പതുക്കെപ്പതുക്കെ കാലുകൾ നിരക്കി ഇടതുകോണിലേക്ക് നീങ്ങുന്നു. ഇടം കൈ കൊണ്ട് സീതയുടെ മുടി ചുട്ടിപ്പിടിക്കുവാൻ തുടങ്ങുമ്പോൾ മണ്ഡോദരി പിടിച്ചുവലിച്ചതിനാൽ പിന്നിലേക്ക് നീങ്ങി അവളെ നോക്കി ക്ഷോഭത്തോടെ “പോ, പോ“എന്ന് രണ്ടുതവണ കണ്ണുകൾ കൊണ്ട് മാത്രം നടിക്കുന്നു. വീണും മുൻപേ പോലെ സീതയുടെ അടുത്തെത്തി പിടിക്കുവാനൊരുങ്ങിയപ്പോൾ മണ്ഡോദരി പിന്നോക്കം വലിക്കുന്നു. അറിയാതെ പിന്നിലേക്ക് നീങ്ങി മണ്ഡോദരിയെ രൂക്ഷമായി നോക്കി “വിടെടീ, വിടെടീ“ എന്ന് രണ്ട് തവണ കൈ കുതറുന്നു. രാഗം പാടി കലാശിക്കുന്നു. അതോടൊപ്പം കാൽകൂട്ടി നിന്ന് തനിക്ക് പറ്റിയ ഇച്ഛാഭംഗമോർത്ത് ലജ്ജിച്ച് കഴുത്തിളക്കി ശിരസ്സു താഴ്ത്തി കലാശത്തോടൊപ്പം പിൻ തിരിയുന്നു രാവണോടൊപ്പം മണ്ഡോദരിയും രംഗം വിടുന്നു.

അനുബന്ധ വിവരം: 

മണ്ഡോദരി രാവണന്റെ കയ്യിൽ പിടിച്ചശേഷം രംഗം കഴിയുന്നതുവരേയും പിടി വിടുന്നില്ല.