കുത്രവദ കുത്രവദ വൃത്രാരിപുത്രനാം

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പ 10 മാത്ര

ആട്ടക്കഥ: 

സുഭദ്രാഹരണം

കഥാപാത്രങ്ങൾ: 

ബലരാമൻ

ഇത്ഥം ബ്രാഹ്മണരും പറഞ്ഞു നടകൊള്ളുന്നോരവസ്ഥാന്തരേ

ശ്രുത്വാ പാർത്ഥവിചേഷ്ടിതാനി പരുഷാനുദ്യൽ ഗദാ ഭീഷണം

ദ്വീപാദാത്മപുരീം പ്രവിശ്യ വിഹസൻ കോപാദ്വിധക്ഷന്നിവ

ത്രൈലോക്യം മുസലീ ജഗാദ വചനം പാദാനതം സോദരം

കുത്രവദ കുത്രവദ വൃത്രാരിപുത്രനാം

ശത്രുവരനെ ക്ഷണം സംഹരിച്ചീടുവൻ

യാദവശിഖാമണേ! കഷ്ടമവനെ പുരാ

സൽക്കരിച്ചന്തഃപുരത്തിങ്കൽ വച്ചതും

ഒട്ടും നമുക്കൊരു വിചാരവുമില്ലെന്നു

മൂന്നുലോകത്തിലും പ്രസിദ്ധമല്ലോ

അരങ്ങുസവിശേഷതകൾ: 

ഇടതുകൈയ്യില്‍ ഗദയും വലതുകൈയ്യില്‍ കരി(കലപ്പ)യും ധരിച്ചുകൊണ്ട് രംഗമദ്ധ്യത്തിലെ പീഠത്തില്‍ നിന്നുകൊണ്ട് തിരതാഴ്ത്തുന്ന ബലഭദ്രന്‍ വീരഭാവത്തില്‍ ഇരുവശങ്ങളിലേയ്ക്കും നോക്കി,

ബലഭദ്രന്‍:  ‘ഉത്സവമെല്ലാം വഴിപോലെ കഴിഞ്ഞു.  ഇതാ ബ്രാഹ്മണന്മാർ സന്തോഷത്തോടു കൂടി പോകുന്നു. ആകട്ടെ ഇനി വേഗം ദ്വാരകയിലേയ്ക്ക് മടങ്ങുകതന്നെ.’  (പീഠത്തിൽ നിന്നിറങ്ങി അഡ്ഡിഡ്ഡിക്കിട വെച്ച് മുന്നില്‍ വെവ്വേറെ കണ്ട്) ‘ഇതാ അനവധി ബ്രാഹ്മണര്‍ ഓരോന്നു പറഞ്ഞുകൊണ്ട് പോകുന്നു’ (ബ്രാഹ്മണര്‍ പറയുന്നത് ചെവിയോര്‍ത്ത്, ചിന്തയോടെ) ‘ഇവർ പറയുന്നതെന്ത്?’ (വീണ്ടും ചെവിയോര്‍ത്തുകൊണ്ട്) ‘ദ്വാരകയില്‍ ഒരു സന്യാസി വന്ന് താമസിച്ചു’ (ആലോചിച്ച്)‘ ആ സത്യം തന്നെ, ഞാൻ തന്നെ ആണ് ആ സന്യാസിയെ സൽക്കരിച്ച് അന്തപ്പുരത്തിൽ തമസിപ്പിച്ചതു.’  (കൂടുതല്‍ ശ്രദ്ധയോടെ ചെവിയോര്‍ത്തിട്ട്) ‘എന്നാൽ അത് സന്യാസി അല്ല, മധ്യമ പാണ്ഡവനായ അര്‍ജ്ജുനനാണ്. സുഭദ്രയെ കട്ടുകൊണ്ടുപോയി. സുഭദ്രയെ കട്ടുകൊണ്ടുപോയതല്ല, കൃഷ്ണന്‍ വിവാഹം കഴിച്ചുകൊടുത്തതാണ്.’  (പെട്ടന്ന് ആലോചിച്ച് നിശ്ചയദാര്‍ഢ്യത്തോടെ) ‘ഇല്ല, ഇല്ല. എന്റെ സോദരിയെ ഞാനറിയാതെ കൃഷ്ണന്‍ വിവാഹംകഴിപ്പിച്ച് കൊടുക്കുകയില്ല. പിന്നെ എന്താണ് ഇവർ പറയുന്ന്ത് ?’ (വീണ്ടും ചെവിയോര്‍ത്ത് ) ‘എന്തായാലും വിവാഹം കഴിച്ചു കൊടുത്തതാണെന്ന്  തീര്‍ച്ച’ (പെട്ടന്ന് കോപാന്ധനായി കലപ്പയെടുത്ത് സ്വന്തം മാറില്‍ കൊളുത്തി വലിച്ചിട്ട്) ‘എവിടെ കള്ളകൃഷ്ണന്‍?‘ (ഇരുവശങ്ങളിലും തിരഞ്ഞുകൊണ്ട്) ‘എവിടെ? എവിടെ?’

ബലഭദ്രന്‍ ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി നില്‍ക്കുന്നതോടെ ഇടതുഭാഗത്തുകൂടി ശ്രീകൃഷ്ണന്‍ ഓടി വന്ന് ഭയത്തോടുകൂടി ബലഭദ്രന്റെ കാല്‍ക്കല്‍ നമസ്ക്കരിക്കുന്നു.

ബലഭദ്രന്‍:(നമസ്ക്കരിച്ച് എഴുന്നേറ്റ കൃഷ്ണന്റെ കഴുത്തില്‍ പിടിച്ച് തള്ളിയിട്ട്, അസഹ്യമായ കോപത്തോടെ) ‘അയ്യാ, അയ്യാ, എടാ, എന്നെ അറിയിക്കാതെ സഹോദരിയെ നീ അര്‍ജ്ജുനന് വിവാഹം കഴിപ്പിച്ച് കൊടുത്തില്ലെ?’ (കൃഷ്ണന്‍ ഉരിയാടാതെ തലതാഴ്ത്തി നില്‍ക്കുന്നതു കണ്ട്) ‘ഒന്നും മിണ്ടില്ലെ?’ (ശുണ്ഠിയെടുത്ത്) ‘നിന്റെ ബന്ധുവായ അര്‍ജ്ജുനനെ ഞാന്‍ ഇക്ഷണത്തില്‍ നശിപ്പിച്ചേക്കാം. എന്നാല്‍ കണ്ടുകൊള്‍ക’

ബലഭദ്രന്‍ നാലാമിരട്ടിയെടുത്ത് കലാശിച്ച് ശേഷം ‘കുത്രവദ കുത്രവദ’ പദം.