ഗുണവതി സുമുഹൂർത്തേ

രാഗം: 

ഇന്ദളം

താളം: 

ത്രിപുട

ഗുണവതി സുമുഹൂർത്തേ തൂര്യഘോഷേ പ്രവൃത്തേ

ത്രിദശയുവതിനൃത്തേ ചാമലോദാര കീർത്തേഃ

സുഭഗമധുരമൂർത്തേ (കീർത്തേ എന്ന് പാഠഭേദമുണ്ട്) രാജ്ഞയാ ദേവഭർത്തുഃ

കരതല മലസാംഗ്യാശ്ചാരു ജഗ്രാഹ പാർത്ഥഃ

അർത്ഥം: 

ഗുണം തികഞ്ഞ സുമുഹൂര്‍ത്തത്തില്‍ മംഗളവാദ്യങ്ങള്‍ മുഴങ്ങിക്കൊണ്ടിരിക്കെ ദേവയുവതികള്‍ നൃത്തം ചെയ്തുകൊണ്ടിരിക്കെ നിര്‍മ്മലവും ഉദാരവുമായ കീര്‍ത്തിയോടുകൂടിയവനും സുഭഗമധുരമൂത്തിയുമായ ദേവനാഥന്റെ ആജ്ഞപ്രകാരം പാര്‍ത്ഥന്‍ സുന്ദരിയായ സുഭദ്രയുടെ കരതലം പിടിച്ചു.

അരങ്ങുസവിശേഷതകൾ: 

ചിട്ടപ്രധാനമായ മാലയിടൽ എന്ന ചടങ്ങ് നടക്കുന്ന ഈ രംഗത്ത് പദങ്ങൾ ഒന്നും ഇല്ല. 

(വലന്തലമേളവും ശംഖനാദവും)

തിരശ്ശീല പകുതി താഴ്ത്തുമ്പോള്‍ ആലവട്ടമേലാപ്പുകളോടെ രംഗമദ്ധ്യത്തില്‍ വില്ലുകുത്തിപിടിച്ച് സന്തോഷഭാവത്തില്‍ അര്‍ജ്ജുനനും, തൊട്ടിടതുവശത്തായി വരണമാല്യവും പിടിച്ചുകൊണ്ട് ലജ്ജാവതിയായ സുഭദ്രയും നില്‍ക്കുന്നു. വലതുവശത്ത് കൃഷ്ണനും ഇടതുവശത്തായി ഇന്ദ്ര-ഇന്ദ്രാണിമാരും പീഠങ്ങളിലിരിക്കുന്നു. സുഭദ്ര അര്‍ജ്ജുനനെ മാലയിട്ട് വരിച്ചിട്ട്, ലജ്ജാവതിയായി നില്‍ക്കുന്നു. അര്‍ജ്ജുനന്‍ സന്തോഷത്തോടെ രോമാഞ്ചം കൊള്ളുന്നു.

(മേളം-തൃപുട-ഒന്നാം കാലം)

അര്‍ജ്ജുനന്‍ ശൃംഗാര ലജ്ജാഭാവേന സുഭദ്രയെ കടാക്ഷിച്ചശേഷം, സുഭദ്രയുടെ ഇടംകൈ ഗ്രഹിച്ച് മാറോടുചേര്‍ത്ത് സുഖദൃഷ്ടിയില്‍ നില്‍ക്കുന്നു. അല്പസമത്തിനുശേഷം സുഭദ്രയുടെ കൈ വിട്ട് അര്‍ജ്ജുനന്‍ പ്രൌഢമായ സദസ്സിനെ വീരഭാവത്തില്‍ നോക്കിക്കാണുന്നു. തുടര്‍ന്ന് വലതുഭാഗത്ത് കൃഷ്ണനെ കണ്ട് സന്തോഷാത്ഭുതഭക്തികള്‍ നടിച്ചിട്ട്, കുമ്പിടുന്നു. കൃഷ്ണസമീപം വന്ന് ആശ്രിതഭാവത്തില്‍ നിന്ന്, അപരാധബോധവും ജാള്യതയും നടിച്ച ശേഷം അര്‍ജുനന്‍ സാവധാനം ഇടതുവശത്തേയ്ക്കുതിരിഞ്ഞ് ഇന്ദ്ര-ഇന്ദ്രാണിമാരെ കണ്ട് സന്തോഷിച്ച്, ഭക്തിയോടെ കുമ്പിടുന്നു. തുടര്‍ന്ന് ഇന്ദ്രസമീപവും ചെന്ന് നിന്ന് അപരാധബോധവും ജാള്യതയും നടിക്കുന്നു.

(മേളം-തൃപുട-രണ്ടാം കാലം)

അര്‍ജ്ജുനന്‍ ആകാശത്തുനിന്നും പുഷ്പവൃഷ്ടി ചെയ്യുന്ന ദേവകളെ കണ്ട് വണങ്ങുന്നു.

(മേളം-ഏകതാളം)

തുടര്‍ന്ന് അര്‍ജ്ജുനന്‍ രംഗാദ്യത്തിലേതുപോലെ രംഗമദ്ധ്യത്തില്‍ വില്ലുകുത്തിപ്പിടിച്ച് നില്‍ക്കുന്നു.

തിരശ്ശീല