ആര്യ തവ പാദാംഭുജമാശു ഞാൻ

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

കഥാപാത്രങ്ങൾ: 

ലക്ഷ്മണൻ

ഇത്ഥം ശ്രുത്വാ ജനകതനയാ ഭാഷണം ഭീഷണാത്മാ

ക്രുദ്ധഃ സ്മൃത്വാ സപദി ഹൃദയേ സ്പർദ്ധയാ മദ്ധ്യമാംബാം

നത്വാ പാദേ രഘുകുലവരം ലക്ഷ്മണ സ്തൽക്ഷണോദ്യൽ-

ബദ്ധാടോപജ്വലിത നയനോ രൂക്ഷം മിത്യാച ചക്ഷേ

ആര്യ! തവ പാദാംഭുജമാശു ഞാൻ തൊഴുന്നേൻ

വീര്യ ശൗര്യ സാരാംബുധേ! വിശ്രുത സൽക്കീർത്തേ!

കാര്യസാരജ്ഞനാം ഭവാൻ കഷ്ടമെന്തീവണ്ണം

കാരുണ്യാകുലനാകുന്നു കശ്മലരായോരിൽ?

ജ്യേഷ്ഠന്നഭിഷേകത്തിനു കൂട്ടി വട്ടമപ്പോൾ

ദുഷ്ടയാം കൈകേയിയല്ലേ മുട്ടിച്ചതു പാർത്താൽ?

നാട്ടിലെങ്ങും വസിക്കാതെ കാട്ടിൽ പോകണമെന്നായ്

ആട്ടിക്കളഞ്ഞതിൽപ്പരം ദൗഷ്ട്യമുണ്ടോ കാട്ടാൻ?

കഷ്ടമേവൻ സഹിക്കുമീദുഷ്ടകർമ്മമോർത്താൽ?

പെട്ടെന്നാദുഷ്ടയെയിപ്പോൾ വെട്ടി വധിക്കാതെ

പുഷ്ടമാമെൻ കോപവഹ്നി കെട്ടീടുകയില്ല

ശിഷ്ടമതേ! അതിന്നാജ്ഞ തുഷ്ട്യാ തന്നീടുക

അരങ്ങുസവിശേഷതകൾ: 

പുഷ്ടമാമെൻ.. ദ്രുത കാലം

ശിഷ്ടമതേ!.. കാലം താഴ്ത്തി

തുഷ്ട്യാ തന്നീടുക – പഴയകാലം