വാനിനൊത്തു വിളങ്ങുന്ന വാനോരാറ്റിൽ

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

കഥാപാത്രങ്ങൾ: 

മുക്കുവർ

ഹനൂമാൻ

ശ്രീരാമദൂതനിദമോതി നടന്നു ഗംഗാ-

തീരത്തു ചെന്നളവഹോ! ബഹു ദാശവർഗ്ഗം

പാരാതെ തത്ര വലവീശുവതിന്നു മറ്റേ-

ത്തീരത്തു വഞ്ചികളിൽ വന്നു നിരന്നു മോദാൽ

വാനിനൊത്തു വിളങ്ങുന്ന വാനോരാറ്റിൽ വലയിട്ടു-

മീനങ്ങൾ പിടിക്കുമീ മാനുഷർക്കെല്ലാം

ഊനമറ്റ മറകട്ട ദാനവനെക്കൊൽവാനൊരു-

മീനമായ ദാനവാരി തുണച്ചീടേണം

മന്ദരാദ്രിയുയർത്തുവാൻ മന്ദമന്യേ കൂർമ്മമായി

വന്ന വിഷ്ണുഭഗവാനെ വണങ്ങീടുന്നേൻ

ധാത്രിയെക്കട്ടദൈത്യന്റെ മൂർത്തി പിളർന്നീടാനൊരു-

പോത്രിയായ പരമനെ പണിഞ്ഞീടുന്നേൻ

ദനുജേന്ദ്ര വധത്തിനു പുനരൊരു നരസിംഹ-

തനുവായ തമ്പുരാനെ തൊഴിതീടുന്നേൻ

കേമനായ ബലിയോടു ഭൂമിയെ വീണ്ടെടുത്തീടാൻ

വാമനനായ് വന്നവനെ വണങ്ങീടുന്നേൻ

ഭൂതലത്തിൽ പുകൾന്നേറ്റം പൂതമായ ഭൃഗുവംശേ

ജാതനായ ജഗന്നാഥൻ ജയിച്ചീടട്ടെ!

സൂര്യവംശേ ദശരഥ സൂനുവായി ജനിച്ചൊരു-

വീര്യമേറും വിഷ്ണുവെ കൈവണങ്ങീടുന്നേൻ!

അരങ്ങുസവിശേഷതകൾ: 

വഞ്ചിപ്പാട്ട് രൂപത്തിൽ ആണ് ഇത്. ധിത്തിത്താരാ ധിത്തൈ ധിത്തത്ത ധിത്തൈ എന്ന പോലെ. വഞ്ചിക്കാർ കാണികൾക്കിടയിലൂടെ പാട്ടുപാടി, വഞ്ചിതുഴഞ്ഞ രംഗത്തേക്ക് പോകുന്നു. 

വഞ്ചി രംഗത്തെത്തുമ്പോൾ ഹനൂമാൻ മെല്ലെ പ്രവേശിച്ച് വഞ്ചിപിടിച്ച് കുലുക്കുന്നു. മുക്കുവരെ പേടിപ്പിച്ച് ഓടിപ്പിക്കുന്നു.

തിരശ്ശീല