കേളെടാ നീ പംക്തികണ്ഠ

രാഗം: 

കേദാരഗൌഡം

താളം: 

അടന്ത

ആട്ടക്കഥ: 

സേതുബന്ധനം

കഥാപാത്രങ്ങൾ: 

അംഗദൻ

തദനുരഘുവരൻ താൻ വാനരൈർഭീമനാദൈർ

വിരവൊടുവരണാന്തം പ്രാപ്യചുറ്റിപ്പുരീന്താം

ഗുരുബലസഹിതോസാ വംഗദൻ വേഗമോടും

നിശിചരവരമാരാൽ പ്രാപ്യചൊന്നാൻ മഹാത്മാ

കേളെടാ നീ പംക്തികണ്ഠ! ബാലിസുതനാമെൻവാക്കു

മൂലമേനശിച്ചിടാതെ നൽകു സീതയെ വേഗാൽ

പിന്നെയുമെന്നാര്യൻ രാമൻ മന്നിൽ വീരശിരോമണി

തന്നുടെ പാദപങ്കജം ചെന്നു ഭജിക്ക വിരവിൽ

പ്രാണികളാമവർക്കെല്ലാം പ്രാണനാഥനല്ലോ രാമൻ

കൗണപസുദൃഢതര ക്ഷോണിരുഹഭംഗവായു

അല്ലായ്കിൽ ദാശരഥി നല്ലവീരനായനിന്നെ

കൊല്ലുമെന്നു ദൃഡമല്ലൊ വല്ലാതെ മരിക്ക വേണ്ടാ

തൽകരലാളിതം ബാണം ത്വൽഖരാദികളാമന്നം

അക്കുലാവനിയിൽ തിന്നു ത്വൽ ഗളാസൃക്പാനം ചെയ്യും