ആരെടാ നടന്നീടുന്നു രാമനോടാ മൂഢാ

രാഗം: 

ശങ്കരാഭരണം

താളം: 

ചെമ്പട

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

പരശുരാമൻ

ഇത്ഥം കൃത്വാവിവാഹം സുതരൊടു ജരഠന്‍ ഭൂമിപന്‍ പോകുമപ്പോള്‍ 

മദ്ധ്യേമാര്‍ഗ്ഗം മഹീയാന്‍ ഭൃഗുപതിരധികം ക്രൂദ്ധനായ്‌ത്തത്രവന്നു

രുദ്ധ്വാരാമം സതാതം പുരമഥനധനുർഭംഗവും ചെയ്‌തു നീയി-

ന്നദ്ധാ പോകുന്നതില്ലെന്നുരുതര പരുഷം പൂണ്ടു ചൊന്നാനിവണ്ണം

ആരെടാ നടന്നീടുന്നു രാമനോടാ മൂഢാ

വീരനെങ്കിലെന്നെ നീ ജയിച്ചു പോകവേണം

ഘോരമായ ശൈവം വില്ലിനെ മുറിച്ചെന്നു നീ

പാരം മദം ചിത്തതാരില്‍ കരുതീടവേണ്ടാ

വിഷ്‌ണുതന്റെ ഹുങ്കാരത്താല്‍ ഭഗ്നമായ ചാപം

ദുഷ്‌ട നീ മുറിച്ചതിന്നു ശൗര്യം കൊണ്ടല്ലേതും

ഉത്തമദശരഥന്റെ പുത്രനെങ്കിലും തേ

ചിത്രം ചിത്രം ദുര്‍മ്മദമുണ്ടേറെ നല്ലതല്ല

അർത്ഥം: 

ശ്ലോകാർത്ഥം:-ഇങ്ങനെ വിവാഹിതരായ മക്കളോടു കൂടി വൃദ്ധനായ (ദശരഥ)മഹാരാജാവ് പോകുന്നസമയം വഴിനടുവിൽ പരശുരാമൻ അതീവ ദേഷ്യത്തോടെ വന്നെത്തി. രാമനേയും ദശരഥനേയും (ആ വിവാഹം കഴിഞ്ഞുള്ള ഘോഷയാത്ര മൊത്തം) തടഞ്ഞ്, ‘ശൈവചാപം മുറിച്ച നീ സ്വൈര്യമായി പോവില്ല’ എന്ന് ദേഷ്യത്തോടെ പറഞ്ഞു.

പദം:-ആരെടാ പോകുന്നത്? മൂഢനായ രാമനോ? നീ മഹാവീരൻ എങ്കില്‍ എന്നെ ജയിച്ച് പോകണം. ഘോരമായ ശൈവചാപം മുറിച്ചെന്ന് നീ മനസ്സില്‍ വളരെ അഹങ്കരിക്കരുത്. വിഷ്ണുവിന്റെ ഹുങ്കാരത്താല്‍ മടങ്ങിയ ചാപം ദുഷ്ടനായ നീ ഇന്ന് മുറിച്ചത് നിന്റെ ശൌര്യം കൊണ്ടല്ല. ഉത്തമനായ ദശരഥന്റെ മകനാണ് നീ എങ്കിലും നിന്റെ ഈ അത്ഭുതകരമാ‍യ ദുരഹങ്കാരം ഒട്ടും നല്ലതല്ല.

അരങ്ങുസവിശേഷതകൾ: 

രംഗത്ത്-ദശരഥന്‍‍(പച്ചവേഷം വെളുത്ത താടി), ശ്രീരാമന്‍, ലക്ഷ്മണന്‍, സീത, പരശുരാമന്‍‍(കറുത്ത താടി കെട്ടിയ ഒന്നാം‌തരം മഹര്‍ഷിവേഷം.)

പരശുരാമന്റെ വേഷവിധാനത്തെ കുറിച്ച് ആമുഖ താൾ നോക്കുക.

ഇടതുവശത്തുനിന്നും ദശരഥനും രാമനും സീതയും ലക്ഷ്മണനും വലന്തലയിൽ തൃപുടമേളത്തോടെ പ്രവേശിച്ച്, രംഗമദ്ധ്യത്തിലേക്ക് നീങ്ങുന്നു. പെട്ടന്ന് വലതുഭാഗത്തുകൂടി മഴുവും വൈഷ്ണവചാപവും മഴുവും ധരിച്ചുകൊണ്ട് ക്രുദ്ധനായ പരശുരാമന്‍ ചാടിക്കൊണ്ട് പ്രവേശിച്ച്, രാമനെ തടയുന്നു. ദശരഥാദികള്‍ പരശുരാമനെ വണങ്ങുന്നു.

പരശുരാമന്‍:‘എടാ, എടാ, മൂഢാ, എന്റെ ഗുരുവായ ശിവന്റെ ചാപം മുറിച്ചതെന്തിന്? ഞാന്‍ ഇന്ന് ക്ഷത്രിയരായ നിങ്ങളെയെല്ലാം നശിപ്പിക്കുന്നുണ്ട്, നോക്കിക്കോ.’

പരശുരാമന്‍ നാലാമിരട്ടിചവുട്ടിയിട്ട് പദം ആടുന്നു.

പതിനഞ്ചാം രംഗത്തില്‍ കോട്ടക്കല്‍ ചിട്ടപ്രകാരമുള്ള പ്രധാന വത്യാസം

കോട്ടക്കല്‍ പി.എസ്.വി.നാട്ട്യസംഘം കളരിയില്‍ പത്മശ്രീ വാഴേങ്കിട കുഞ്ചുനായര്‍ ചിട്ടപ്പെടുത്തിയതനുസ്സരിച്ച് പതിനഞ്ചാം രംഗാരംഭത്തില്‍, ശ്ലോകത്തിനുശേഷം തിരശ്ശീലതാഴ്ത്തി പരശുരാമന്റെ കുറച്ച് ആട്ടം ഉണ്ട്. ഈ ആട്ടം കഴിഞ്ഞ് തിരശ്ശീല ഉയര്‍ത്തിയിട്ട് വീണ്ടും താഴുത്തുമ്പോഴാണ് ദശരഥാദികള്‍ രംഗത്തുവരുന്നത്.

പരശുരാമന്റെ ആട്ടം-

തിരശ്ശീല നീക്കുമ്പോള്‍ രംഗമദ്ധ്യത്തിലെ പീഠത്തില്‍ പരശുരാമന്‍ തപസ്സില്‍ ഇരിക്കുന്നു. പെട്ടന്ന് ഘോരമായ ഒരു ശബ്ദം കേട്ട് പരശുരാമന്‍ തപസ്സില്‍ നിന്നും ഞെട്ടിയുണരുന്നു.

പരശുരാമന്‍:‘അതിഘോരമായ ഒരു ശബ്ദം കേള്‍ക്കുന്നതെന്ത്?’ (ശ്രദ്ധിച്ച്, ആകാശത്തില്‍ കണ്ട്) ‘അതാ ദേവകള്‍ പുഷ്പവൃഷ്ടി നടത്തുന്നു. കാരണമെന്ത്?’ (ഇരുവശവും ശ്രദ്ധിച്ച്, കേട്ടിട്ട്) ‘എന്ത്? ശ്രീരാമന്‍ ജയിക്കട്ടെ, ശ്രീരാമന്‍ ജയിക്കട്ടെ എന്നോ? ഞാനല്ലാതെ മറ്റൊരു രാമനോ?’ (വീണ്ടും ശ്രദ്ധിച്ചുകേട്ടിട്ട്) ‘ദേവകള്‍ പറയുന്നതെന്ത്? ദാശരഥിയായ ശ്രീരാമന്‍ ശൈവചാപം ഖണ്ഡിച്ചു‘ (പെട്ടന്ന് വളരെ കോപാവിഷ്ടനായി) ‘എന്ത്? എന്റെ ഗുരുനാഥന്റെ പൂജനീയമായ ശൈവചാപം കേവലം ഒരു രാജകുമാരന്‍ ഖണ്ഡിച്ചുകളഞ്ഞുവെന്നോ? ഇത് ഞാന്‍ സഹിക്കില്ല. അഹങ്കാരിയായ അവനെ ഞാന്‍ നശിപ്പിക്കുന്നുണ്ട്.’ (ദൂരെ എന്തോ കോലാഹലം കണ്ട് പീഠത്തില്‍ കയറി വീക്ഷിച്ചിട്ട്) ‘രാമനുള്‍പ്പെടെ നാലുരാജകുമാരന്മാരും പത്നിമാരോടും രാജപരിവാരങ്ങളോടും കുടി ഘോഷത്തോടേ വരികയാണ്. ഇവരെ വെറുതെവിട്ടുകൂടാ. ഇനി ഇവരുടെ വഴിതടുത്ത് രാമനെ എതിരിടുകതന്നെ’

പരശുരാമന്‍ നാലാമിരട്ടി എടുത്തിട്ട് നിഷ്ക്രമിക്കുന്നു.

—–(തിരശ്ശീല)—–

അനുബന്ധ വിവരം: 

ശൈവവൈഷ്ണവ ചാപങ്ങളെ പറ്റി കഥയുണ്ട്. ശിവവിഷ്ണുമാരുടെ യുദ്ധസമയം വിഷ്ണു ഊതിയപ്പോൾ ശൈവചാപം ഒടിഞ്ഞു എന്നാണ് കഥ. യുദ്ധത്തിൽ ആരും ജയിക്കില്ല. പരബ്രഹ്മത്തിൽ നിന്നുമുത്ഭവിച്ചതാണ് ശിവൻ വിഷ്ണു ബ്രഹ്മാവ് എന്നിവർ. അതിനാൽ  നിങ്ങൾ തമ്മിൽ യുദ്ധം അരുത് നിർത്തിക്കോളിൻ എന്ന് അശരീരി കേൾക്കും. മൂലകാരണം:-കദ്രുവും വിനിതയും തമ്മിലുള്ള മത്സരത്തിൽ ഗരുഡനും നാഗങ്ങളും തമ്മിൽ ശത്രുതയിലായി. ഗരുഡൻ നാഗങ്ങളെ കൊന്നൊടുക്കുവാൻ തുടങ്ങി. വാസുകി ശിവനെ പ്രീതിപ്പെടുത്തിയപ്പോൾ ഗരുഡനു വാസുകിയെ അക്രമിക്കാൻ സാധിക്കാതെ വന്നു. അപ്പോൾ ഗരുഡൻ വിഷ്ണുവിനെ പ്രീതിപ്പെടുത്തി. അവരവരുടെ ഭക്തരെ രക്ഷിക്കാനായി മഹാവിഷ്ണുവും പരമേശ്വരനും തമ്മിൽ യുദ്ധമായി. രണ്ട് പേരും ഓരോ വില്ലുകൾ സൃഷ്ടിച്ചു. അതാണ് ശൈവചാപവും വൈഷ്ണവ ചാപവും. യുദ്ധാവസാനം ശൈവചാപം പരമേശ്വരൻ തന്റെ ഭക്തനും മിഥിലയിലെ രാജാവുമായ ക്രതുവിനു നൽകി. മിഥിലയിലെ രാജാക്കന്മാർ ശൈവചാപത്തെ പൂജിച്ചു സൂക്ഷിച്ചു. അങ്ങനെ ആണ് ജനകനും ശൈവചാപം കിട്ടുന്നത്. വിഷ്ണു തന്റെ വില്ലിനെ ജമദഗ്നി മഹർഷിക്കു നൽകി. ജമദഗ്നിയുടെ മകനാണല്ലൊ പരശുരാമൻ. അങ്ങനെ പരശുരാമന്റെ കയ്യിൽ വൈഷ്ണവ ചാപവും എത്തി. 

ഇവിടെ കോട്ടക്കൽ കളരിയിൽ ഇങ്ങയേയും ആടാറുണ്ട്:-
 

ഘോരമായ ശൈവം വില്ലിനെ…

ഏറ്റവും ഘോരമായ ശിവന്റെ വില്ല് നീ അഹങ്കാരത്തോടെ പോയെടുത്ത് മുറിച്ചില്ലേ? (ദേഷ്യം) ആ വില്ലിന്റെ മഹത്ത്വം നിനക്കറിയുമോ? പണ്ട് ഭൂമിയിലുള്ള മുനിമാരുടെ തപശ്ശക്തി അറിയാൻ ബ്രഹ്മാവ് എല്ലാ ഋഷിമാരേയും വിളിച്ചുവരുത്തി. (ബ്രഹ്മാവായി.. വേറെ വേറെ കണ്ട് കാണിച്ച്) നിങ്ങളിൽ ആർക്കാണ് ഏറ്റവും തപശ്ശക്തി എന്ന് എനിക്ക് അറിയണം. അതുകൊണ്ട് നിങ്ങൾ എല്ലാവരും തപസ്സ് ആരംഭിച്ചാലും . അനുഗ്രഹിച്ച് പറഞ്ഞയക്കുന്നു. അങ്ങനെ മുനിമാർ എല്ലാവരും തപസ്സ് ആരംഭിയ്ക്കുന്നു. അനവധി കാലം കഴിഞ്ഞ് ഓരോരോ മുനിമാർ തപസ്സ് ഉപേക്ഷിച്ച് പോകുന്നു. എന്നാൽ അഗസ്ത്യമുനിയാകട്ടെ കാലാകാലം തപസ്സ് ചെയ്തു. മുനിയുടെ നെറ്റിയിൽ നിന്നും ദിവ്യമായ ഒരു തേജസ്സ് ആകാശത്തേയ്ക്ക് പറന്നു. ബ്രഹ്മാവ് ആ തേജസ്സ് മൂന്നായി മുറിച്ചു. ദേവശില്പിയായ വിശ്വകർമ്മാവ് അതുകൊണ്ട് മൂന്ന് വില്ല് ഉണ്ടാക്കി. ഗാർങ്ഗം എന്ന വില്ല് വിഷ്ണുവിനു കൊടുത്തു. ത്രയമ്പകം ശിവനു കൊടുത്തു. ഗാണ്ഡീവം അഗ്നിയ്ക്കും കൊടുത്തു. ഈ കഥ വല്ലതും നിനക്കറിയുമോ? ഇന്നലെ ജനിച്ച രാജകീടത്തിനു ഇതൊക്കെ അറിയുമോ? ച്ഛേ!

വിഷ്ണുവിന്റെ ഹുങ്കാരത്താൽ…

ആ വില്ലിന്റെ മഹത്ത്വം തീർന്നിട്ടില്ല.

പണ്ട് ദേവന്മാർക്കൊരു സംശയം. ശ്വൻ ആണോ വിഷ്ണു ആണോ കൂടുതൽ ശക്തി? ദേവന്മാർ ബ്രഹ്മാവിനേയും കൂട്ടി വിഷ്ണുവിന്റെ അടുത്ത് പോയി. ശിവനു അങ്ങയുടെ നേരെ മത്സരം ഉണ്ട്. പിന്നെ ശിവന്റെ അടുത്ത് പോയി. വിഷ്ണുവിനു അങ്ങയുടെ നേരെ ഒരു മത്സരം. അങ്ങനെ ശിവനും വിഷ്ണുവും തമ്മിൽ യുദ്ധം ആരംഭിച്ചു. ദേവന്മാർ ഇരുഭാഗത്തുമായി മാറി നിന്നു. അതുപോലെ ഘോരമായ ഒരു യുദ്ധം അതിനു മുൻപും പിമ്പും ഉണ്ടായിട്ടില്ല. സമുദ്രങ്ങളിൽ തിരകൾ ആഞ്ഞടിച്ചു. പർവ്വതങ്ങൾ ചികടിച്ച് പറന്ന്നു. ആകാശത്ത് മിന്നൽ പൊട്ടി കാറ്റു വീശി. ത്രൈലോക്യം പേടിച്ചു വിറച്ചു. ആ സമയം വിഷ്ണു ഒരു ‘ഹും’ ആരവം പുറപ്പെടുവിച്ചു. ശിവന്റെ വില്ല് വളഞ്ഞ് പോയി. അങ്ങനെ യുദ്ധം അവസാനിച്ചു. ശിവൻ ആ വില്ല് സ്വന്തം ഭക്തനായ ‘വിദേഹ’ രാജാവിനു കൊടുത്തു. ഈ വില്ല് വീട്ടിൽ പൂജയ്ക്ക് വെയ്ക്കുക. ആ വില്ലാണ് നീ ഏറെ ലാഘവത്തോടെ പോയി പൊട്ടിച്ചത്. ആ വിൽ പൊട്ടിയത് നിന്റെ കേമത്തം കൊണ്ട് അല്ല.