രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ജംഭാരേർമ്മൊഴി കേട്ടു പോന്നു വിജയൻ സംപ്രാപ്യ നാകാത്സവൈ
സംപൂർണ്ണം ഭുവനഞ്ച തത്ര ലഭിയാഞ്ഞുവീസുരാപത്യകം
അംഭോജാക്ഷ പരീക്ഷ നിർണ്ണയമിതെന്നൻപൊടു കണ്ടാശയേ
കമ്പം തീർന്നനലേഥ ചാടുവതിനായ് വമ്പൻ മുതിർന്നീടിനാൻ!!
വിധികൃതവിലാസമിതു വിസ്മയം ഓർത്താൽ
കാലനറിയാതെയായ് ബാലമൃതിപോലും
കാലമിതു വിജയനുടെ കാലദോഷം
ഇനിമമ ചെയ്‌വതഹോ? വഹ്നിയതിൽ മുഴുകി ഞാൻ
ധന്യനായീടുവൻ നന്ദസൂനോ പാഹിമാം
അർത്ഥം:
ജംഭാരേർമ്മൊഴി:
ദേവേന്ദ്രന്റെ വാക്കുകൾ കേട്ട് സ്വർഗ്ഗത്തിൽ നിന്നും പോന്ന അർജ്ജുനൻ ലോകത്തെല്ലാം തിരഞ്ഞ് ബ്രാഹ്മണകുമാരനെ കിട്ടായ്കയാൽ തീർച്ചയായും ഇത് ശ്രീകൃഷ്ണന്റെ പരീക്ഷതന്നെ എന്ന് നിശ്ചയിച്ച് കൂസൽ കൂടാതെ തീക്കുണ്ഡത്തിൽ ചാടുവാനായി മുതിർന്നു.
പദം:-ഇത് വിധി ചെയ്യുന്ന ലീലയാണ്. അത്ഭുതം! അത്ഭുതം! കാലൻ അറിയാതെയായി ബാലമരണം പോലും. ഈ കാലം വിജയനായ എന്റെ ദോഷകാലമാണ്. ഇനി ഞാൻ ചെയ്‌വതെന്ത്? തീയിൽ ചാടി ഞാൻ ധന്യനാകുന്നുണ്ട്. നന്ദപുത്രാ, എന്നെ രക്ഷിച്ചാലും.
അരങ്ങുസവിശേഷതകൾ:
രംഗമദ്ധ്യത്തിലെ പീഠത്തിൽ നിരാശാഭാവത്തിൽ ഇരിക്കുന്ന അർജ്ജുനൻ ഇരുന്നുകൊണ്ടുതന്നെ പദം അഭിനയിക്കുന്നു.
ശേഷം ആട്ടം-
(താളം:ചെമ്പട)
അർജ്ജുനൻ:(പെട്ടന്ന് എഴുന്നേറ്റിട്ട്)’ഇനി വേഗം തീക്കുണ്ഡം ഒരുക്കുകതന്നെ’
അർജ്ജുനൻ അസ്ത്രമയച്ച് ഭൂമിയിൽ വിസ്തൃതമായ ഒരു കുഴിയുണ്ടാക്കുകയും, അതിൽ ആഗ്നേയാസ്ത്രം പ്രയോഗിക്കുകയും ചെയ്യുന്നു.
(താളം:തൃപുട-നാലാം കാലം)
അർജ്ജുനൻ ‘പരുന്തുകാൽ’ ചവുട്ടിക്കൊണ്ട് അഗ്നിജ്വലിപ്പിക്കുന്നു.
(താളം:ചെമ്പട)
അർജ്ജുനൻ:’ഇനി വേഗം ഇതിൽ ചാടി സത്യം പാലിക്കുകതന്നെ’
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് അർജ്ജുജൻ ചാപബാണങ്ങൾ ഇരുകൈകളിലുമായി ശിരസ്സിനുമുകളിൽ ഉയർത്തിപിടിച്ചുകൊണ്ട് നിന്ന് കണ്ണടച്ച് പ്രാർത്ഥിക്കുന്നു. ഗായകർ ശ്ലോകം ആലപിക്കുന്നു.