Knowledge Base
ആട്ടക്കഥകൾ

മൂഢ! അതിപ്രൗഢമാം

രാഗം: 

ബിലഹരി

താളം: 

മുറിയടന്ത – ദ്രുതകാലം

ആട്ടക്കഥ: 

സന്താനഗോപാലം

കഥാപാത്രങ്ങൾ: 

ബ്രാഹ്മണൻ

ഈറ്റില്ലത്തിനകത്തുനിന്നുടനെഴും രോദാകുലാം ഭാരതീം

ഏറ്റം ദുഃഖമൊടു നിശമ്യ സഹസാ മൂർച്ഛിച്ചു വീണൂ ദ്വിജൻ !

കാറ്റേശും ദഹനാഭ പൂണ്ടു സഹസാ കോപാന്ധനായിട്ടവൻ

ചുറ്റം ഹന്ത വെടിഞ്ഞു നിഷ്ഠുരമധിക്ഷേപിച്ചു ശക്രാത്മജം!!

പദം:

മൂഢ! അതിപ്രൗഢമാം നിന്നുടെ പാടവം കുത്ര ഗതം?

രൂഢാധികമോടിയെഴും ശരകൂടംകൊണ്ടെന്തു ഫലം ജളപ്രഭോ (മൂഢ)

വീണ്ടും വീണ്ടും മുന്നം വേണ്ടുംപ്രകാരത്തിൽ

പാണ്ഡവ! നിന്നൊടു ഞാൻ ഇതു

വേണ്ടാ ദുർമ്മോഹം തുടങ്ങേണ്ടാ നീയെന്നു

ഖണ്ഡിച്ചു ചൊന്നതെല്ലാം അപ്പോൾ

കൊണ്ടില്ല നിന്നുള്ളിലാണ്ടൊരഹംഭാവം

മേന്മേൽ വളരുകയാൽ ഇപ്പോ-

ഴുണ്ടായ ബാലകൻ തന്റെ ശവം പോലും 

കണ്ടീലാ നിൻ വൈഭവത്താൽ ജളപ്രഭോ!

[[ഉച്ചീലലച്ചുതൊഴിച്ചുമുറവിളിച്ചച്യുചസന്നിധിയിൽ ചെന്ന-

ങ്ങിച്ചരിതംബോധിപ്പിച്ചീടുവാനും നിനച്ചാലയുക്തമിനി

ദുശ്ചരിതാഗ്രേസരനായ നിന്മൊഴിവിശ്വസിച്ചീടുകയാൽ കഷ്ടം

നിശ്ശരണമായ്‌ ഭവിച്ചീജനമിപ്പോൾ

അർജ്ജുനവീര്യഹീന ജളപ്രഭോ!]]

കുക്ഷിയിൽ കൈവച്ചു ദിക്ഷു വിവശനായ്‌

നോക്കുന്നതെന്തു ഭവാൻ ആശു-

ശൂക്ഷണിയിങ്കൽ പതിച്ചാലും ബാലനെ

രക്ഷിക്ക സാധിക്കുമോ?

രൂക്ഷസഹായ്യമുപേക്ഷിച്ചു നീ സഹ-

സ്രാക്ഷാത്മജ പോകെടോ വേഗാ-

ലക്ഷീണാനന്ദം പത്മാക്ഷപുരേ പുക്കു

ഭക്ഷിച്ചു വാണു കൊൾക ജളപ്രഭോ!

അർത്ഥം: 

ഈറ്റില്ലത്തിനകത്തുനിന്നുടനെഴും:
ഈറ്റില്ലത്തിൽ നിന്നും വന്ന സങ്കടകരമായ വാക്കുകൾ കേട്ട്‌ ബ്രാഹ്മണൻ മോഹാലസ്യപ്പെട്ട്‌ വീണു. മോഹാലസ്യം മാറി എഴുന്നേറ്റ ഉടൻ തന്നെ കാറ്റേറ്റ തീ പോലെ ജ്വലിച്ച്കൊണ്ട്‌ കോപാന്ധനായി ഒട്ടും ഇഷ്ടം കൂടാതെ അർജ്ജുനനെ അതിനിശിതമായി ശകാരിച്ചു. 

പദം:-മൂഢാ, നിന്റെ ഏറ്റവും ശക്തമായ സാമർത്ഥ്യം എവിടെപ്പോയി? കേമത്തം നടിക്കുന്നവനേ, ഏറ്റവും ശക്തവും മോടിയുള്ളതുമായ ശരകൂടം കൊണ്ട് എന്തുഫലം? പാണ്ഡവാ, ഇതുവേണ്ടാ, ദുർമ്മോഹം തുടങ്ങേണ്ടാ എന്ന് നിന്നോട് ഞാൻ മുൻപുതന്നെ വീണ്ടും വീണ്ടും വേണ്ടപ്രകാരത്തിൽ തറപ്പിച്ചുപറഞ്ഞു. അതൊന്നും കണക്കാക്കാതെ അപ്പോൾ നിന്റെയുള്ളിൽ ആണ്ടിറങ്ങിയ അഹങ്കാരം മേൽക്കുമേൽ വളരുകയായിരുന്നു. കേമത്തം നടിക്കുന്നവനേ, നിന്റെ കേമത്തംകൊണ്ട് ഇപ്പോൾ ഉണ്ടായ ബാലന്റെ ശവമ്പോലും കണ്ടില്ല. വളരെ വിവശനായി വയറ്റത്ത് കൈവെച്ചുനിന്ന് നോക്കുന്നതെന്ത്? ഭവാൻ പെട്ടന്ന് അഗ്നിയിൽ പതിച്ചാലും. ബാലനെ രക്ഷിക്കുവാൻ സാധിക്കുമോ? ആയിരം കണ്ണുകളുള്ളവനായ ദേവേന്ദ്രന്റെ പുത്രാ, കേമത്തം നടിക്കുന്നവനേ, എടാ, നീ ക്രൂരമായ സഹായം ഉപേക്ഷിച്ച് വേഗത്തിൽ പോയി ദ്വാരകാപുരിയിൽ ചെന്ന് ഭക്ഷണം കഴിച്ച് ക്ഷീണമകറ്റി ആനന്ദത്തോടെ വസിച്ചുകൊള്ളുക.

അരങ്ങുസവിശേഷതകൾ: 

ശ്ലോകാരംഭത്തോടെ എഴുന്നേറ്റ് പിന്നിലായി പിടിച്ചിരിക്കുന്ന തരശ്ശീലയ്ക്കുസമീപം വരുന്ന ബ്രാഹ്മണൻ ദാസിയിൽനിന്നും അപ്പോൾ ജനിച്ച കുട്ടിയെ കാണ്മാനില്ല എന്ന വിവരം അറിഞ്ഞ് ഏറ്റവും ദുഃഖിച്ച് ‘മൂർച്ഛിച്ചുവീണൂ’ എന്ന് ആലപിക്കുന്നതിനൊപ്പം മോഹാലസ്യപ്പെട്ട് വീഴുന്നു. തുടർന്ന് ശ്ലോകത്തിൽ ‘കോപാന്ധനായിട്ടവൻ’ എന്ന് ആലപിക്കുന്നതോടെ ചാടി എഴുന്നേൽക്കുന്ന ബ്രാഹ്മണൻ വർദ്ധിച്ച കോപത്തോടെ അർജ്ജുനന്റെ നേരെ പാഞ്ഞടുക്കുന്നു. തന്റെ പരിശ്രമം ഫലിച്ചില്ല എന്ന് മനസ്സിലാക്കിയ അർജ്ജുനൻ ഇതികർത്തവ്യതാമൂഢനായി തലതാഴ്ത്തി നിൽക്കുന്നു. ഈ സമയത്ത് പിന്നിൽ പിടിച്ചിരിക്കുന്ന തിരശ്ശീല നീക്കം ചെയ്യുന്നു.

ബ്രാഹ്മണൻ:’ഹോ! ഹോ! ഛീ! എടാ, നിന്റെ പുത്രപരിപാലനം വിശേഷമായി. കണ്ടുകൊൾക’

നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് ബ്രാഹ്മണൻ പദാഭിനയം ആരംഭിക്കുന്നു.

പദശേഷം ആട്ടം-

ബ്രാഹ്മണൻ:’എടാ, ഞാൻ പറഞ്ഞതൊന്നും കേൾക്കാതെ ഇങ്ങിനെ നിൽക്കുന്നതെന്തേ? ഛീ! കടന്നുപോ’

നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് ബ്രാഹ്മണൻ ദുഃഖാർത്തനായി വലതുവശത്തായി പീഠത്തിൽ ഇരിക്കുന്നു. കോപം, താപം, ജാള്യത ഇത്യാദി വികാരങ്ങളുടെ സമ്മർദ്ദത്താൽ വീർപ്പുമുട്ടിയ അർജ്ജുനൻ ആലോചിച്ചുറപ്പിച്ച് പെട്ടന്ന് നിഷ്ക്രമിക്കുന്നു.