രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
കാർത്താന്തീം താമാത്തചിന്തോഥ വാണീം
ശ്രുത്വാ ഗത്വാ വേഗതോ നാകലോകം!
തത്രാസീനം ദേവരാജം സഭായാം
നത്വാ പാർത്ഥസ്സാദരം വാചമൂചേ!
പദം:
ഭഗവൻ പാകാരാതേ തവപാദയുഗളം വന്ദേ
വിഗതസംശയംവൃഷ്ണിപുരിയിൽ നിന്നു നീതരാം
മഹിതവിപ്രബാലരെ തരിക മേ തരസൈവ
അർത്ഥം:
കാർത്താന്തീം:
ധർമ്മരാജാവിന്റെ വാക്കുകൾ കേട്ട് അർജ്ജുനൻ അതിവേഗം സ്വർഗ്ഗലോകത്ത് ചെന്ന് അവിടെ സഭയിൽ ഇരിക്കുന്ന ഇന്ദ്രനെ നമസ്കരിച്ച് ആദരവോടേ പറഞ്ഞു.
പദം:-ഭഗവാനേ, പാകശാസനാ, അങ്ങയുടെ കാലിണ വന്ദിക്കുന്നേൻ. സംശയമില്ലാതെ ദ്വാരകാപുരിയിൽനിന്നും കൊണ്ടുപോരപ്പെട്ട ബ്രാഹ്മണബാലന്മാരെ ഉടനെ എനിക്കു് തരിക.
അരങ്ങുസവിശേഷതകൾ:
ഇടത്തുഭാഗത്തുകൂടി ഓടിക്കൊണ്ട് പ്രവേശിക്കുന്ന അർജ്ജുനൻ ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടി നില്ക്കുന്നതോടെ വലതുവശത്തായി പീഠത്തിലിരിക്കുന്ന ദേവേന്ദ്രനെ കണ്ട്, കെട്ടിച്ചാടി കുമ്പിടുന്നു.
ഇന്ദ്രൻ:(അനുഗ്രഹിച്ചിട്ട് അമ്പരപ്പോടെ)’എന്താണിത്? നീ കോപിച്ചുവന്നിരിക്കുന്നത് എന്തിനാണ്?’
അർജ്ജുനൻ:’എല്ലാം ഞാൻ ഉണർത്തിക്കാം. വഴിപോലെ കേട്ടാലും’
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് അർജ്ജുനൻ പദാഭിനയം ആരംഭിക്കുന്നു.