ഹാ ഹാ കരോമി

രാഗം: 

ഘണ്ടാരം

താളം: 

ചെമ്പ 20 മാത്ര

ആട്ടക്കഥ: 

സന്താനഗോപാലം

കഥാപാത്രങ്ങൾ: 

ബ്രാഹ്മണൻ

ഇഷ്ടേനാഥ കിരീടിനാ ച ഭഗവാൻ തുഷ്ട്യാ വസിച്ചു പുരേ;
ശിഷ്ടന്നങ്ങൊരു ഭൂസുരന്നു മൃതരായെട്ടാണ്ടിലെട്ടുണ്ണികൾ; !
കഷ്ടം സ ദ്വിജനൊൻപതാംശിശുശവം പെട്ടെന്നു കൈകൊണ്ടു വാ-
വിട്ടുച്ചൈവിലപിച്ചു വൃഷ്ണിസഭയിൽച്ചെന്നേവമൂചേ ശുചം !

പദം:
ഹാഹാ കരോമി കിമിഹാ| ഹാഹന്ത ദൈവമേ ||ഹാഹാ കമേമി ശരണം?||

ലോകാന്തരങ്ങളിലും | സുഖമില്ല നൂനമിഹ||
സുതരഹിത പുരുഷന-| ഹോ ശിവശിവ!||

അർഭക! നീയെന്തിങ്ങനെ | സ്വൽപമപി കരയാത്തു?||
അൽഭുതവിലാസവനേ! | അൽപേതരം പാപിയായ||
ത്വൽപിതാവിനത്ര വിധി | കൽപിതമിതോ നന്ദന! ശിവശിവ!||

യാദവ വീരന്മാരേ!| സാദരം കേൾപ്പിൻ എന്റെ||
ഖേദമപി ദുസ്സഹം മേ | ഭൂദേവ നിഷിദ്ധകർമ്മം ||
ചെയ്തവനല്ലേതും ഞാൻ |പാതകമിതോ നന്ദന ശിവശിവ!||

കഷ്ടമിതു കാണ്മിനെന്റെ | കറ്റക്കിടാവിതിഹ ||
ദൃഷ്ടിമലച്ചേഷ ശേതേ;| എട്ടു ബാലന്മാരീവണ്ണം ||
പട്ടുപോയി മമ മക്കൾ|

[കാലം മുറുകി- ചെമ്പ 5 മാത്ര]
ധൃഷ്ടതര രാജദോഷാൽ

[കാലം താണ് – ചെമ്പ 20 മാത്ര]
നന്ദന ശിവശിവ!||

[കാലം മുറുകി – ചെമ്പ 5 മാത്ര]
പതിനാറു സഹസ്രങ്ങളിലും അധിക ദാരങ്ങളേയും
പരിചോടവർ മക്കളേയും ഹിതമറിഞ്ഞു ഭരിക്കെന്നുള്ളോ-
രധികാര ഭാരമേറും മധുവൈരിക്കീ ദ്വിജരക്ഷയ്ക്കോ

[കാലം താണ് -ചെമ്പ 20 മാത്ര]
അവസരം ശിവ ശിവ! 

അർത്ഥം: 

ഇഷ്ടേനാഥ:
അങ്ങനെ ഭഗവാന്റെ ഇംഗിതപ്രകാരം അർജ്ജുനൻ ദ്വാരകയിൽ സസുഖം വാഴുന്ന കാലത്ത്‌, സമീപവാസിയായ ഒരു ബ്രാഹ്മണന്‌ എട്ട്‌ കൊല്ലങ്ങളിലായി എട്ട്‌ പുത്രന്മാർ ജനിക്കുകയും അവരൊക്കെയും ജനിച്ച്‌ ഉടനെ തന്നെ മൃതരാവുകയും ചെയ്തിരുന്നു. അർജ്ജുനന്റെ വാസക്കാലത്ത്‌ ഒൻപതാമത്തെ ഉണ്ണിപിറന്നു. ഈ ഉണ്ണിയും ജനിച്ച ഉടൻ മരിച്ചുപോയിരുന്നു. ദുഃഖം സഹിക്കവയ്യാതെ ബ്രാഹ്മണൻ  തന്റെ കുഞ്ഞിന്റെ മൃതശരീരവുമെടുത്ത്‌ വാവിട്ട്‌ കരഞ്ഞുകൊണ്ട്‌ യാദവസഭയിൽ വന്ന് സങ്കടം പറഞ്ഞു.
 

പദം:-ഹാഹാ! കഷ്ടം! ദൈവമേ, ഞാൻ എന്തുചെയ്യേണ്ടൂ? ഹാഹാ! എനിക്കാരാണ് ആശ്രയം? ശിവശിവ! ഹോ! പുത്രരഹിതനായ പുരുഷന് പരലോകങ്ങളിൽ പോലും സുഖമില്ലായെന്ന് ഇവിടെ ഉറപ്പ്. ഉണ്ണീ, നീയെന്താണിങ്ങിനെ സ്വല്പംപോലും കരയാതിരിക്കുന്നത്? ശിവശിവ! അത്ഭുതകരമായി ശോഭിക്കുന്ന മുഖത്തോടുകൂടിയവനേ, മഹാപാപിയായ നിന്റെ അച്ഛന് ഇതാണോ വിധി? യാദവവീരന്മാരേ, ഇത് സാദരം കേട്ടാലും. എനിക്ക് ദുഃഖം സഹിക്കുവാനാകുന്നില്ല. ബ്രാഹ്മണർക്ക് നിഷിദ്ധമായ കർമ്മമൊന്നും ചെയ്തവനല്ല ഞാൻ. ശിവശിവ! ഇതാണോ എന്റെ ദുരിതത്തിനു കാരണം? കഷ്ടം! ഇത് കാണുവിൻ. എന്റെ പിഞ്ചുകുഞ്ഞ് ദൃഷ്ടിമലച്ച് ഇതാ ഇവിടെ കിടക്കുന്നു. ശിവശിവ! ദുഷിച്ച രാജവാഴ്ച്ചയുടെ ഫലമായി ഇതുപോലെ എന്റെ എട്ടുമക്കൾ മരിച്ചുപോയി. പതിനാറായിരത്തിലധികം ഭാര്യമാരേയും അവരുടെ മക്കളേയും വേണ്ടതുപോലെ ഹിതമറിഞ്ഞ് ഭരിക്കുക എന്ന കനത്ത ഭാരമുള്ള ശ്രീകൃഷ്ണന് ഈ ബ്രാഹ്മണനെ രക്ഷിക്കുവന്നുണ്ടോ സമയം? ശിവശിവ!

അരങ്ങുസവിശേഷതകൾ: 

വലതുഭാഗത്ത് മുന്നിലായി ശ്രീകൃഷ്ണനും പിന്നിലായി അർജ്ജുനനും പീഠങ്ങളിൽ ഇരിക്കുന്നു. ഇടതുവശത്തുകൂടി ശിശുശവമേന്തിക്കൊണ്ടും അസഹ്യമായ ദുഃഖത്താൽ മാറിലും ശിരസ്സിലും അടിച്ചുകൊണ്ടും പതിഞ്ഞ ‘കിടതകധീം,താം’മേളത്തിനൊപ്പം പ്രവേശിക്കുന്ന ബ്രാഹ്മണൻ തളർന്നുവീഴുന്നു. 

ബ്രാഹ്മണൻ:(നിലത്തിരുന്ന് ഏങ്ങിക്കരഞ്ഞുകൊണ്ട്)’അയ്യോ! ദൈവമേ, ഞാൻ അറിഞ്ഞുകൊണ്ട് യാതൊരു പാപവും ചെയ്തിട്ടില്ലല്ലൊ. എന്നിട്ടും എനിക്ക് ഇങ്ങിനെ വന്നുവല്ലോ?’ (ശിശുശവവുമെടുത്തുകൊണ്ട് വീണ്ടും മുന്നോട്ടുവരവെ തളർന്ന് ഇരുന്നിട്ട്)’ഹാ! കഷ്ടം! എന്റെ ഈശ്വരസേവാഫലം ഇങ്ങിനെ വന്നുവല്ലൊ?’ (എഴുന്നേറ്റുനിന്ന് പാരവശ്യത്തോടെ മാറിലും ശിരസ്സിലും മാറിമാറി അടിച്ചിട്ട്)’ആകട്ടെ, ഇനി യാദവസഭയിൽ പ്രവേശിച്ച് ഇതിനെ കൃഷ്ണന്റെ മുന്നിൽ കിടത്തി പോരുകതന്നെ’

ബ്രാഹ്മണൻ മുന്നോട്ടുനീങ്ങി സഭയിൽ എത്തിയതായി നടിച്ച് ചുറ്റും നോക്കിയശേഷം ഇടതുഭാഗത്ത് മുന്നിലായി ശിശുശരീരം കിടത്തിയിട്ട് അതിനരുകിലായി നിലത്തിരുന്നുകൊണ്ട് പദാഭിനയം ആരംഭിക്കുന്നു. അനുപല്ലവി മുതലുള്ളഭാഗം എഴുന്നേറ്റുനിന്ന് ചൊല്ലിയാടുന്ന ബ്രാഹ്മണൻ അനുപല്ലവിയുടേയും ചരണങ്ങളുടേയും ഒടുവിൽ ശിശുശവത്തിനരികിൽ വന്നിരുന്ന് ദുഃഖം പ്രകടിപ്പിക്കും.
പദാഭിനയം അവസാനിക്കുന്നതോടെ ബ്രാഹ്മണൻ ശിശുശവത്തിനരുകിൽ ദുഃഖിച്ചിരിക്കുന്നു. ഗായകർ ശോകം ആലപിക്കുന്നു.