സദ്ഗുണശീല ഹേ ദ്വിജേന്ദ്ര

രാഗം: 

വേകട (ബേകട)

താളം: 

മുറിയടന്ത 14 മാത്ര

ആട്ടക്കഥ: 

സന്താനഗോപാലം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

സദ്ഗുണശീല! ഹേ ദ്വിജേന്ദ്ര! |മൽഗിരം കേൾക്ക മുദാ ||

സ്വർഗ്ഗവാസികൾക്കും | സുഖവിതരണം ചെയ്യും ||
ഫൽഗുനനെക്കേ- |ട്ടറിയുന്നില്ലയോ ഭവാൻ? || 

കൃഷ്ണനല്ലഹം ബലഭദ്രനുമല്ലറിക നീ; | വൃഷ്ണിവീരന്മാരിൽ എകനുമല്ലാ,||
ജിഷ്ണു ഞാൻ ദിവ്യാസ്ത്ര- | ധൃഷ്ണു വിജയൻ വീരൻ||
ജിഷ്ണുതനയൻ ഭ്രാ- | ജിഷ്ണു സുനയൻ സദയൻ ||    

അന്തകാന്തനേയും  ആഹവേ ജയച്ചീടും
ഇന്ദ്രനന്ദനൻ തന്റെ ശരകൂടസവിധേ
അന്തകഭയലേശം ഭവിച്ചീടുമോ ബാലനെ
ഹരിച്ചീടുമോ നാകം ഭരിച്ചീടുംസുരേശ്വരനും?    

[[ത്വൽപ്രിയതമയ്ക്കിനി ഗർഭംതികയുന്ന നാൾ
ക്ഷിപ്രമെന്നോടുവന്നിങ്ങറിയിക്ക നീ
അൽഭുതശരകൽപിതസ്തുതികാഭവനേ ത്വൽപ്രിയ പെറും
അർഭകനെ കെൽപൊടേ ഹരിപ്പോനേവൻ ഭുവനേ?    ]]

[മുറിയടന്ത – ദ്രുതം]
ഇനിമേലിൽ ജനിക്കുന്ന തനയനെ പരിപാലി-|
ച്ചനപായം ഭവതേ ഞാൻ തന്നില്ലായെങ്കിൽ||
അനലകുണ്ഡം തന്നിൽ മടിച്ചീടാതെ ചാടി|
ദഹിച്ചീടുവൻ ദേഹം വദിച്ചീടുവൻ സത്യം||

അർത്ഥം: 

സദ്ഗുണശീലാ, ഹേ ബ്രാഹ്മണശ്രേഷ്ഠാ, സന്തോഷത്തോടുകൂടി എന്റെ വാക്കുകൾ കേൾക്കുക. സ്വർഗ്ഗവാസികൾക്കും സുഖത്തെ നൽകുന്ന അർജ്ജുനനെ ഭവാന് കേട്ടറിയുകയില്ലേ? കൃഷ്ണനല്ല ഞാൻ. ബലഭദ്രനുമല്ല. വേഷ്ണിവീരന്മാരിൽ ഒരാളും അല്ല എന്ന് അങ്ങ് അറിഞ്ഞാലും. ദിവ്യാസ്ത്രധാരിയും, വിജയനും, വീരനും, ഇന്ദ്രപുത്രനും, തേജസ്വിയും, നല്ല നയശാലിയും, ദയാലുവുമായ അർജ്ജുനനാണ് ഞാൻ. അന്തകാന്തകനായ ശിവനേയും യുദ്ധത്തിൽ ജയിച്ച ഈ ഇന്ദ്രപുത്രന്റെ ശരകൂടത്തിന്റെ മുന്നിൽ അല്പം പോലും അന്തകനെ ഭയക്കണമോ? സ്വർഗ്ഗം ഭരിക്കുന്ന ഇന്ദ്രൻകൂടി കുട്ടിയെ അപഹരിക്കുമോ? ഇനിമേലിൽ ജനിക്കുന്ന പുത്രനെ ആപത്തുകൂടാതെ രക്ഷിച്ച് അങ്ങേയ്ക്ക് തന്നില്ലായെങ്കിൽ ഒട്ടും മടിക്കാതെ ഞാൻ തീയിൽ ചാടിവീണ് ദേഹം ദഹിപ്പിക്കുന്നുണ്ട്. സത്യം.

അരങ്ങുസവിശേഷതകൾ: 

പദത്തിനു ശേഷം-

അർജ്ജുനൻ: അല്ലയോ ബ്രാഹ്മണശ്രേഷ്ഠാ, ഞാൻ പറയുന്നതു വിശ്വസിച്ചാലും. അങ്ങേയ്ക്ക് സന്തോഷമായില്ലേ?

ബ്രാഹ്മണൻ: (പരിഭ്രമത്തോടെ) എനിക്കൊന്ന് പറയുവാനുണ്ട്. അങ്ങ് അങ്ങയുടെ പിതാവും ദേവനാഥനായുള്ള ഇന്ദ്രന്റെ പാദത്തെ സങ്കൽപ്പിച്ച് ഒരു സത്യം ചെയ്തു തരുമോ?

അർജ്ജുനൻ: ഓഹോ, അതിനെന്താ..ആകട്ടെ. അങ്ങേയ്ക്ക് ഇനി ഉണ്ടാവുന്ന പുത്രനെ ഞാൻ രക്ഷിച്ചു തരും എന്ന്  ദേവകളുടെ നാഥനായ എന്റെ അച്ഛന്റെ പാദമാണേ, സത്യം.

ബ്രാഹ്മ്മണൻ: മതി, സന്തോഷമായി. (പിന്നെയും ആലോചിച്ച് പരിഭ്രമത്തോടെ സ്വഗതം) ഇതു കൊണ്ടായില്ല്യ. ഒരു സത്യം കൂടി ചെയ്യിക്കണം. (അർജ്ജുനനോട്) സത്യസന്ധനും , ധർമതല്പരനുമായ അങ്ങയുടെ ജ്യേഷ്ഠൻ ധർമ്മപുത്രരുടെ പാദം സങ്കൽപ്പിച്ച് ഒരു സത്യം കൂടി ചെയ്തു തരണം.

അർജ്ജുനൻ: ഇതെന്തൊരു സംശയം! ഒന്നിലധികം സത്യം ചെയ്യുന്നതു യുക്തമല്ലല്ലൊ. (ആലോചിച്ച് സ്വഗതം) ഇദ്ധേഹം പുത്രദുഃഖത്താൽ വളരെ വ്യസനിക്കുന്നു, ശുദ്ധഹൃദയനുമാണ്. ആകട്ടെ സത്യം ചെയ്തു കൊടുക്കാം. (ബ്രാഹ്മണനോട്)  കേട്ടാലും, അങ്ങേയ്ക്ക് ഇനി ഉണ്ടാവുന്ന പുത്രനെ ഞാൻ രക്ഷിച്ചു തരും എന്ന്  എന്റെ ജ്യേഷ്ഠൻ ധർമ്മജന്റെ പാദത്താണെ സത്യം….

ബ്രാഹ്മണൻ: മതി തൃപ്തിയായി. ഇനി ഞാൻ പോകട്ടെ.

അർജ്ജുനൻ: അങ്ങനെയാവട്ടെ.

ബ്രാഹ്മണൻ: (പോകാതെ പരുങ്ങി അങ്ങോട്ടുമിങ്ങോട്ടും നടന്ന് സ്വഗതം) ഛെ!ഒരു കാര്യം ഓർമ്മ വിട്ടു, ഇനി എങ്ങനെയാണു ചോദിക്കുക, ഇയാൾ കോപിക്കും.

അർജ്ജുനൻ: (ബ്രാഹ്മണൻ പോയിട്ടില്ല എന്ന് കണ്ട്) ആ പോയില്ലെ!? എന്താ പരുങ്ങി നിൽക്കുന്നത്? എന്താകാര്യം പറയൂ.

ബ്രാഹ്മണൻ: ഒന്നൂല്യ. എങ്ങനെയാണ് ഞാൻ ഗൃഹത്തിൽ പോയി കരയുന്ന എന്റെ പത്നിയെ കാണുക!? വയ്യ.

അർജ്ജുനൻ: എല്ലാം ദൈവ നിശ്ചയമല്ലേ..സമാധാനത്തോടെ പോകൂ.

ബ്രാഹ്മണൻ: ഞാനൊരു ബ്രാഹ്മണനല്ലെ? ആപത്തിൽ പെട്ടവനല്ലേ..അതുകൊണ്ട് പറയുന്നതാണ്, കോപിക്കരുത്.

അർജ്ജുനൻ: കോപിക്കില്ല , പറയൂ

ബ്രാഹ്മണൻ: അങ്ങയുടെ ഇഷ്ടസുഹൃത്തും ജഗന്നാഥനുമായ ശ്രീകൃഷ്ണന്റെ പേരിൽ കൂടി ഒരു സത്യം ചെയ്തു തന്നാൽ പിന്നെ ഞാൻ പൊയ്ക്കൊള്ളാം.

അർജ്ജുനൻ: (കോപിച്ച്) ഇല്ല്യ, ഞാൻ അത് ചെയ്യുകയില്ല. അങ്ങ് വൃഷ്ണിസഭയിൽ വന്ന് വിലപിച്ചപ്പോൾ ഒന്ന് നോക്കുക പോലും ചെയ്യാത്ത ആ കൃഷ്ണന്റെ പേരിൽ സത്യമോ! സാധ്യമല്ല. ഞാൻ ക്ഷത്രിയനാണ്. പറഞ്ഞ വാക്ക് തെറ്റിക്കില്ല. അങ്ങേയ്ക്ക് വേണമെങ്കിൽ വിശ്വസിക്കാം. ഇല്ലെങ്കിൽ പോക്കോളൂ.

ബ്രാഹ്മണൻ: കണ്ടില്ലേ ..കോപിക്കില്ല എന്ന് പറഞ്ഞ് ഇപ്പോ…ഇത് അങ്ങയെപ്പോലുള്ള ധീരന്മാർക്ക് ചേർന്നതല്ല. സത്യം ചെയ്യില്ല എന്ന് തീർച്ചയാണോ?

അർജ്ജുനൻ: തീർച്ച.

ബ്രാഹ്മണൻ: (കോപിച്ച്) ഓ..ഒരു കേമൻ..എന്റെ തലേലെഴുത്ത്..ഞാൻ പോകാം (കരഞ്ഞും കോപിച്ചും കുട്ടിയുടെ ശവമെടുത്ത് പോകാൻ ഭാവിക്കുന്നു)

അർജ്ജുനൻ: (സ്വഗതം) ബ്രാഹ്മണരുടെ കണ്ണീർ ഭൂമിയിൽ വീണാൽ ക്ഷത്രിയന്മാർക്കാണു അതിന്റെ ദോഷം. അങ്ങനെ സംഭവിച്ചുകൂടാ. (ഓടിപ്പോയി ബ്രാഹ്മണനെ കൈയ്യ് പിടിച്ച് തിരിച്ച് കൊണ്ടുവന്ന്) അങ്ങ് കോപിക്കണ്ടാ, ഞാൻ സത്യം ചെയ്തു തരാം. കേട്ടോളൂ. അങ്ങയുടെ പത്നി ഇനി പ്രസവിക്കുന്ന കുട്ടിയെ ഞാൻ രക്ഷിച്ചു തരും. ഇല്ലെങ്കിൽ ഞാൻ (ബ്രാഹ്മണൻ ഇടയ്ക്കു കയറി ഗാണ്ഡീവത്തെ ഓർമ്മിപ്പിക്കുന്നു) ഈ ഗാണ്ഡീവത്തോടു കൂടി അഗ്നിയിൽ ചാടി മരിക്കും എന്ന് എന്റെ ഉറ്റസുഹൃത്തായ ശ്രീകൃഷ്ണഭഗവാന്റെ പാദത്താണെ സത്യം!

ബ്രാഹ്മണൻ: (വർദ്ധിച്ച സന്തോഷത്തോടെ അർജ്ജുനനെ കെട്ടിപ്പിടിച്ച് അനുഗ്രഹിച്ച്) ഇപ്പോൾ എനിക്ക് പൂർണ്ണവിശ്വാസമായി. ഇനി ഞാൻ സമാധാനത്തോടെ പോകാം.

അർജുനൻ: അങ്ങനെയാകട്ടെ. പോയി ഭാര്യയെ സമാധാനിപ്പിച്ചാലും. ഞാൻ കുറച്ചു കാലം ഇനി ഇവിടെത്തന്നെ ഉണ്ടാകും.

ബ്രാഹ്മണൻ: എന്നാൽ ഞാൻ ഭാര്യക്കു ഇനി ഗർഭം തികഞ്ഞാൽ വന്ന് അറിയിക്കാം.

ബ്രാഹ്മണൻ യാത്രയാവുന്നു.