പുറപ്പാട്

രാഗം: 

ശങ്കരാഭരണം

താളം: 

ചെമ്പട 32 മാത്ര

ആട്ടക്കഥ: 

സന്താനഗോപാലം

സാന്ദ്രാനന്ദാകുലാത്മാ ഹരിരഥ ഭഗവാന്‍ ഭക്തവാത്സല്യശാലീ
ദേവക്യാ നന്ദനസ്സന്നിഹ ഭുവി ജഗതാം രക്ഷണായവതീര്‍ണ്ണഃ !
ഹത്വാ കംസം സമല്ലം യുധി സഹ ഹലിനാ സര്‍വലോകൈകനാഥഃ
ശ്രീമത്യാം ദ്വാരവത്യാം പുരി സുഖമവസദ്ദാരതത്യാ സമേതഃ !!

പദം: 

ദേവദേവന്‍ വാസുദേവന്‍ ദേവകീതനയന്‍

സേവ ചെയ്യും ജനങ്ങളെ കേവലം പാലിപ്പാന്‍

രേവതീ രമണനാകും രാമനോടുംകൂടി

ഉത്തമ ബുദ്ധിമാന്‍ പുരുഷോത്തമ ഭക്തരില്‍

ഉത്തമോത്തമനാകും ഉദ്ദ്വവരോടും കൂടി

വാരിജലോചനമാരാം നാരിമാരുമായി

വാരിധിയില്‍ വിലസീടും ദ്വാരകയില്‍ വാണു.

നിലപ്പദം:

രാമ പാലയമാം ഹരേ സീതാരാമ പാലയമാം,

രാമ രവികുലസോമ, ജഗദഭിരാമ, നീരദശ്യാമ,

ദശരഥരാമ, ശരദശശിവദന, സാധുജനാവന

അർത്ഥം: 

സാന്ദ്രാനന്ദാകുലാത്മാ:
പരമാനന്ദമയനും ഭക്തവല്‍സലനും ലോകനാഥനുമായ മഹാവിഷ്ണു ലോകരക്ഷണത്തിനായി ദേവകി പുത്രനായി ഭൂമിയില്‍ ജനിച്ച്‌ ബലരാമനോടു കൂടെ യുദ്ധത്തില്‍ മല്ലന്മാരായ ചാണൂരന്‍,മുഷ്ടികന്‍ എന്നിവരേയും കംസനേയും വധിച്ച്‌ പത്ന്മാരോടോപ്പം ദ്വാരകയില്‍ സുഖമായി വസിച്ചു.

ദേവദേവന്‍ വാസുദേവന്‍:

ദേവകിയുടെ പുത്രനായ ദേവദേവന്‍ വാസുദേവന്‍ ആശ്രയിക്കുന്ന ജനങ്ങളെ പരിപാലിക്കുന്നതിനായി രേവതിയുടെ ഭര്‍ത്താവായ ബലരാമനോടുകൂടെ, അമ്മ ദേവകി, അച്ഛന്‍ വസുദേവന്‍, കൃഷ്ണഭക്തരില്‍ പ്രമുഖനായവനും ബുദ്ധിമാനുമായ ഉദ്ധവര്‍, പങ്കജലോചനകളായ പത്നിമാര്‍ എന്നിവരോട്‌ കൂടെ പശ്ചിമസമുദ്രത്തില്‍ പരിലസിക്കുന്ന ദ്വാരകാപുരിയില്‍ വസിച്ചു.

രാമാ, എന്നെ പരിപാലിച്ചാലും. ഹരേ, സീതാരാമാ, സൂര്യവംശത്തിലെ ചന്ദ്രാ, ലോകത്തെ മോഹിപ്പിക്കുന്നവനേ, കാർമേഘവർണ്ണാ, ദശരഥപുത്രാ, ശരത്ക്കാലചന്ദ്രനൊത്ത മുഖകാന്തിയുള്ളവനേ, ഭക്തജനരക്ഷകാ, രാമാ, എന്നെ കാത്തുകൊള്ളുക.

അനുബന്ധ വിവരം: 

“ദേവദേവന്‍ വാസുദേവന്‍ ദേവകീതനയന്‍” എന്ന് തുടങ്ങുന്ന പദം പ്രക്ഷിപ്തമാണ്. ആരാണിതിന്റെ കര്‍ത്താവ് എന്നറിയില്ല (കടപ്പാട്: “ചൊല്ലിയാട്ടം” എന്ന കലാമണ്ഡലം 2000ല്‍ പ്രസിദ്ധീകരിച്ച പദ്മനാഭന്‍ നായരുടെ പുസ്തകം. )