പുരന്ദരനന്ദന പൂരുകുലതിലക

രാഗം: 

നവരസം

താളം: 

ചെമ്പട

ആട്ടക്കഥ: 

സന്താനഗോപാലം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

ലോകാനന്ദനനേവമർജ്ജുനനൊടും സാകം കരേറി രഥേ

വേഗാൽ പശ്ചിമദിക്കിലേക്കഥ വിയന്മാർഗ്ഗേണ പോയാന്മുദാ!

ലോകാലോകമുടൻ കടന്നൊരളവിൽ ഘോരാന്ധകാരാകുലം

പാകാരാതി സുരാധിനാഥസുതനോടിത്യാഹ ബദ്ധാദരം

പുരന്ദരനന്ദന പൂരുകുലതിലക പുരുഷരത്നമേ മൗനമെന്തെടോ

നിരന്തരമായുള്ളുനിറഞ്ഞെങ്ങും തിമിരമായി

പരന്നൊരന്ധകാരംകൊണ്ടാകുലനാകയോ നീ

പാർത്ഥാ! നമ്മുടെദേശംതന്നിലിന്നിപ്പോൾ

ഏത്രേദൂരം പോന്നു നാം ചൊൽകെടോ?

അത്ര ദേശമേതെന്നും വർത്മനി നീ പര-

മാർത്ഥംബോധിച്ചിതോ നിന്നാത്മനി മോദാൽ 

അർത്ഥം: 

ശ്ലോകസാരം:-ഇപ്രകാരം അർജ്ജുനനോടുകൂടി വേഗം രഥത്തിലേറി ശ്രീകൃഷ്ണൻ സന്തോഷത്തോടുകൂടി ആകാശമാർഗ്ഗത്തിലൂടെ പടിഞ്ഞാറുദിക്കിലേയ്ക്ക് പോയി. പെട്ടന്ന് ലോകാലോകങ്ങളും കടന്നപ്പോൾ ചുറ്റും വ്യാപിച്ച ഘോരമായ ഇരുട്ടിനാൽ ദുഃഖിതനായ ഇന്ദ്രപുത്രനായ അർജ്ജുനനോട് ശ്രീകൃഷ്ണൻ സാദരം ഇങ്ങിനെ പറഞ്ഞു.

പദം:-ഇന്ദ്രപുത്രാ, പുരുഷശ്രേഷ്ഠാ, പുരുഷരത്നമേ, മൗനം എന്തെടോ? കാഴ്ച്ചകിട്ടാത്തരീതിയിൽ തുടർച്ചയായി എല്ലായിടവും നിറഞ്ഞുപരന്ന ഇരുട്ടുകൊണ്ട് ദുഃഖിതനായോ നീ? പാർത്ഥാ, നമ്മുടെ ദേശത്തുനിന്നും ഇപ്പോൾ എത്രദൂരം നമ്മൾ പോന്നു എന്നും, ഇത് ഏതുദേശത്തേയ്ക്കുള്ള വഴിയാണെന്നും പറയെടോ. നിന്റെ മനസ്സിൽ സന്തോഷത്തോടെ നീ പരമാർത്ഥം മനസ്സിലാക്കിയോ?

അരങ്ങുസവിശേഷതകൾ: 

രഥത്തിൽ സഞ്ചരിക്കുന്ന ഭാവത്തിൽ കൃഷ്ണാർജ്ജുനന്മാർ രംഗമദ്ധ്യത്തിൽ നിൽക്കുന്നു. ശ്രീകൃഷ്ണൻ പദാഭിനയം ആരംഭിക്കുന്നു.