ഇരുളെല്ലാമകന്നു ദൂരേ

രാഗം: 

നാട്ടക്കുറിഞ്ഞി

താളം: 

അടന്ത

ആട്ടക്കഥ: 

സന്താനഗോപാലം

കഥാപാത്രങ്ങൾ: 

സുദർശനം

ദാമോദരൻ പാർത്ഥനൊടേവമോരോ-

ന്നാമോദമുൾക്കൊണ്ടരുളുംദശായാം

പൂമാനിനീവല്ലഭചക്രമുഗ്ര-

ധാമാഞ്ജസാ തത്ര മുദാവിരാസീത്‌

ഇരുളെല്ലാമകന്നു ദൂരേ ഈശ കംസാരേ എഴുന്നള്ളാമിഹ മേ നേരേ

തിരുവുള്ളപ്പെരുവെള്ളത്തിരതള്ളും വിരുതുള്ള

നരനുള്ളിലലമല്ലലെഴുമല്ലലിതി നില്ലാ

ഫുല്ലസരസിജതുല്യമിഴിമുന തെല്ലലംകരു കല്യ മയി തവ

മല്ലരുചിഭരകല്യ ജിതമല്ല മഞ്ജുതരമല്ല 

ജയദ്രഥവധോദ്യോഗസംഗരേ സ്വാമിൻ!

ജഗത്ത്രയവാസിനാം ഭയങ്കരേ മുന്നം

സഹസ്രരശ്മിമണ്ഡലം തമിസ്രമണ്ഡലമായ പഞ്ജരേ

മറച്ചു ഞാനമിത്രാശനം നിരന്തരേ

മീനകമഠവരാഹനരഹിവടുഭൃഗുത്തമരൂപ!

രഘുവരകലിതഹലബലകൃഷ്ണ ശുഭശീല മ്ലേച്ഛകലകാല! 

അർത്ഥം: 

ശ്ലോകസാരം:-ശ്രീകൃഷ്ണൻ സന്തോഷത്തോടുകൂടി ഇപ്രകാരം പാർത്ഥനോട് പറയുന്ന സമയത്ത് ലക്ഷ്മീവല്ലഭനായ വിഷ്ണുവിന്റെ ഉഗ്രമായ സുദർശനചക്രം അവിടെ സന്തോഷത്തോടുകൂടി ആവിർഭവിച്ചു.

പദം:-കംസശത്രുവായ ഭഗവാനേ, ഇരുട്ടെല്ലാം ദൂരെയകന്നു. ഇവിടെ എന്റെ നേരെ എഴുന്നള്ളിയാലും. തിരുവുള്ളത്തിലെ കരുണയ്ക്ക് പാത്രവും, യോഗ്യനുമായ അർജ്ജുനന്റെ ഉള്ളിൽ ഇരുട്ടിനാൽ ഇനി ഒട്ടും ദുഃഖമുണ്ടാവുകയില്ല. വിടർന്ന താമരയ്ക്കുതുല്യമായ കണ്ണുകളാൽ ദർശ്ശിച്ചാലും. യോഗ്യനായവനേ, മല്ലനെ ജയിച്ച മനോഹരനായ മല്ലാ, ഞാൻ അങ്ങയുടെ ആജ്ഞാനുവർത്തിയാണ്. സ്വാമീ, മുൻപ് ജയദ്രഥനെ വധിക്കുവാനായി യുദ്ധംചെയ്തപ്പോൾ ശത്രുവിന്റെ നാശംവരെ ത്രിലോകവാസികളേയും ഭയപ്പെടുത്തിക്കൊണ്ട് സൂര്യരശ്മികളെ ഞാൻ ശരീരംകൊണ്ട് മറച്ച് ഇരുട്ടുപരത്തി. മത്സ്യ, കൂർമ്മ, വരാഹ, നരസിംഹ, ഭൃഗുരാമ രൂപങ്ങൾ ധരിച്ചവനേ, രഘുരാമാ, ബലശാലിയായ ബലഭദ്രാ, ശ്രീകൃഷ്ണാ, മംഗളശീലാ, ദുഷ്ടന്മാരുടെ കാലനായുള്ളവനേ.

അരങ്ങുസവിശേഷതകൾ: 

ശ്ലോകം അവസാനിക്കുന്നതോടെ ഇരുകൈകളിലും എരിയുന്ന പന്തങ്ങളുമായി ഇടത്തുഭാഗത്തുകൂടി എടുത്തുകലാശത്തോടെ പ്രവേശിക്കുന്ന സുദർശനം ശ്രീകൃഷ്ണനെ കണ്ട്, കെട്ടിച്ചാടി കുമ്പിട്ടശേഷം നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് പദത്തിന് ചുവടുവെയ്ക്കുന്നു.
 

ശേഷം ആട്ടം-

പദം കലാശിച്ചിട്ട് സുദർശനം ശ്രീകൃഷ്ണനെ കുമ്പിടുന്നു.

ശ്രീകൃഷ്ണൻ:(അനുഗ്രഹിച്ചിട്ട്)’നീ വൈകുണ്ഡത്തിലേയ്ക്ക് പോകുവാനായി വഴികാട്ടിക്കൊണ്ട് മുന്നിൽ ഗമിച്ചാലും’

സുദർശനം അനുസരിച്ച്, മുന്നിൽ നിന്ന് വഴികാട്ടുന്നു. കൃഷ്ണാർജ്ജുനന്മാർ യാത്രതുടരുന്നു.