സോദരന്മാരേ നന്നിതു

രാഗം: 

ഭൈരവി

താളം: 

ചെമ്പട

ആട്ടക്കഥ: 

രാവണോത്ഭവം

കഥാപാത്രങ്ങൾ: 

രാവണന്‍

ചരണം 1
സോദരന്മാരേ നന്നിതു സാദരം നിങ്ങള്‍
ചൊന്നൊരു വാചമോര്‍ത്തീടുമ്പോളെത്രയും
ചേതസി മമ മോദമാശു നല്‍കീടുന്നഹോ

ചരണം 2

ചേതസാ ഭജിച്ചു ജഗദാധാരനായ്മേവീടുന്ന
ധാതാവോടു വാങ്ങിയ വരം
കേള്‍ക്കുന്നവര്‍ക്കുഹാസ്യമായ്ഭവിച്ചതദ്ഭുതം

ചരണം 3

ഇതിലധികം പുനരെന്തൊരു കുതുകം?
വിധിവിഹിതം മതി തന്നിലുദിപ്പതു?

നിദ്രയെസ്സേവ്വിച്ചുകൊൾക വിദ്രുതം പോയ് വല്ലേടവും
ഭദ്രമായിതു നിനക്കെടോ ഹേ!
കുംഭകർണ്ണ! ഉദ്രിക്തബലവാനെത്രയും
ജാതിമഹിമയഭിമാനവുമില്ലൊരു
നീതിയുമില്ലാത്തധികജളനിവൻ.

മാനവും വെടിഞ്ഞു തീർത്ഥസ്നാനവും ചെയ്തു നിത്യവും
സാനന്ദം ഗോവിന്ദേതി ജപ്ത്വാ ഹേ വിഭീഷണ!
ആനന്ദപദം ഭജിക്കെടോ,
മാനയ മധുരിപുമഹിതപദാംബുജം
മാനവമഘവമുഖാമരനിലയം.

ചരണം 4

പാരേഴും (പാരീരേഴും പാഠഭേദം) ജയിപ്പാനുംപോരും ഞാനേകനെന്നാലും
പോരാത്തവനെക്കൊണ്ടെന്തുള്ളു പോരുന്നോര്‍ കേട്ടാല്‍
പാരാതെ നിന്ദിക്കയെന്നിയെ

ചരണം 5

പരിചൊടു മമ ഭുജബലമിഹ ഭുവനേ
പരജനപരിഭവ വിഹിതം കലയേ

അർത്ഥം: 

സഹോദരന്മാരേ നന്നായി. നിങ്ങള്‍ പറഞ്ഞ വാക്കുകള്‍  എനിക്ക് മനസ്സില്‍ സന്തോഷം തരുന്നു. ഇതിലധികം ഒരു കൌതുകം എന്താണ്?(വിപരീതാര്‍ത്ഥം) ഈശ്വരഹിതമാണ് മനസ്സില്‍ തോന്നുന്നത്. ലോകേശനായ ബ്രഹ്മാവിനെ മനസ്സില്‍ ധ്യാനിച്ച്‌ വാങ്ങിയ വരം കേള്‍ക്കുന്നവര്‍ക്ക് പരിഹാസ്യമായത് അത്ഭുതം തന്നെ.

ഈരേഴുലോകവും ജയിക്കാന്‍ ഞാന്‍ ഒരുത്തന്‍ മതി. കൊള്ളാവുന്നവര്‍ കേട്ടാല്‍ പരിഹസിക്കുകയല്ലാതെ കൊള്ളരുതാത്തവരെക്കൊണ്ട് എന്തു ഫലം ? ലോകത്തില്‍ എന്‍റെ കയ്യൂക്ക് ഉടനെ ശത്രുക്കളെ ദു;ഖിപ്പിക്കും.

അരങ്ങുസവിശേഷതകൾ: 

കുംഭകര്‍ണ്ണന്‍ കുമ്പിടാന്‍ തുടങ്ങുമ്പോള്‍ ഇടംകൈകൊണ്ട് അയാളുടെ കൈപ്പടം കൂട്ടിപ്പിടിച്ചു ആപാദചൂഡം നോക്കി (ആത്മഗതം) ഇവന്‍ കണ്ടാല്‍ ഏറ്റവും യോഗ്യന്‍. (കുംഭകര്‍ണ്ണനോട്) കഷ്ടം ജന്മം നിഷ്ഫലമായല്ലോ. ആകട്ടെ നിനക്ക് ഉറങ്ങുവാനായി ഒരു ഗൃഹം പണിതുതരാം. ചെന്ന് യഥേഷ്ടം ഉറങ്ങിക്കൊള്‍ക. (കുംഭകര്‍ണ്ണന്‍ ഉറക്കം തൂങ്ങുന്നത് കണ്ട് എഴുന്നേറ്റ് ക്ഷോഭത്തോടെ) പോ! പോ! പോവില്ലേ? നോക്കിക്കോ (ലഘുവായ നാലാമിരട്ടി മേളത്തോടെ ഇടം കൈകൊണ്ട് കഴുത്തില്‍ പിടിച്ച് തള്ളി അയക്കുന്നു.

വീണ്ടും പീഠത്തിലിരിക്കുന്നു. വിഭീഷണന്‍ കുമ്പിടുമ്പോള്‍ അയാളുടെ കയ്യും കടന്നുപിടിച്ച് കേശാടിപാദം നോക്കി (ആത്മഗതം) ഇവന്‍ കണ്ടാല്‍ അതിസുന്ദര ശരീരന്‍! (വിഭീഷണനോട്) കഷ്ടം ജാതിമഹിമ അല്പമെങ്കിലും വിചാരിച്ചില്ലല്ലോ. ആകട്ടെ, നിനക്ക് വിഷ്ണുവിനെ ഒരു ഗൃഹം പണിതുതരാം. അവിടെപ്പോയി യഥേഷ്ടം ഭാജിച്ചാലും. (മുന്നിലേക്ക്‌ തിരിഞ്ഞിരിക്കുമ്പോള്‍ വിഭീഷണന്‍ ചൊല്ലിയ നാരായണനാമം കേട്ട് അസഹിഷ്ണുതയോടെ ക്രുദ്ധനായി എഴുന്നേറ്റ് ചെവിപൊത്തി) നോക്കിക്കോ (വാളെടുത്ത് ചുരുങ്ങിയ നാലാമിരട്ടിയോടെ വെട്ടുവാന്‍ തുനിയുമ്പോള്‍ ഇടംകൈകൊണ്ട് വാള്‍ തടഞ്ഞ്‌) ഏയ്‌! ബാലനല്ലേ (വീണ്ടും വിഭീഷണനോട്) പോ! പോ! പോവില്ലേ? നോക്കിക്കോ. (കഴുത്തുപിടിച്ച് തള്ളി അയക്കുന്നു.)

വീണ്ടും രംഗത്തേക്ക് ഓടിവന്ന്‍ ‘അഡ്ഡിഡ്ഡിക്കിട’ വെച്ച് മുന്നിലേക്ക്‌ വെച്ചുചവിട്ടി നിന്ന്) കഷ്ടം! അനുജന്മാരുടെ  ജന്മം ഫലമില്ലാതെ വന്നല്ലോ (സമാധാനിച്ചു) ആകട്ടെ ഞാന്‍ ഒരുത്തന്‍ മതി ഇനി സോദരിയുടെ വിവാഹം നടത്തുക തന്നെ (നാലാമിരട്ടിയെടുത്തു കലാശിച്ച് വാള്‍ അറയില്‍ കുത്തിപ്പിടിച്ച് സന്തോഷാഭിമാനങ്ങലോടെ പിന്നിലേക്ക് കുത്തിമാറി രംഗം വിടുന്നു.)

അനുബന്ധ വിവരം: 

നിദ്രയെസ്സേവ്വിച്ചുകൊൾക വിദ്രുതം പോയ് വല്ലേടവും
ഭദ്രമായിതു നിനക്കെടോ ഹേ!
കുംഭകർണ്ണ! ഉദ്രിക്തബലവാനെത്രയും
ജാതിമഹിമയഭിമാനവുമില്ലൊരു
നീതിയുമില്ലാത്തധികജളനിവൻ.

മാനവും വെടിഞ്ഞു തീർത്ഥസ്നാനവും ചെയ്തു നിത്യവും
സാനന്ദം ഗോവിന്ദേതി ജപ്ത്വാ ഹേ വിഭീഷണ!
ആനന്ദപദം ഭജിക്കെടോ,
മാനയ മധുരിപുമഹിതപദാംബുജം 
മാനവമഘവമുഖാമരനിലയം.

ഈ ചരണങ്ങൾ ആടാറില്ല.