രംഗം 4 മാല്യവാനുസമീപം നാരദൻ എത്തുന്നു

നാരദമുനീന്ദ്രസുമതേ തവ

രാഗം: 

സാരംഗം

താളം: 

ചെമ്പ

ആട്ടക്കഥ: 

രാവണോത്ഭവം

കഥാപാത്രങ്ങൾ: 

മാല്യവാൻ

പീത്വാ വാഗമൃതം ജഗത്‌ത്രയപതേഃ ശ്രോത്രൈർമ്മുകുന്ദസ്യ തത്

ഗത്വാ തേ ന്യവസന്നമീ നിജപദം യാവന്മഹേന്ദ്രാദയഃ

താവത് പ്രാപ്തമുപേത്യ നാരദമുനീം നത്വാഥ ലങ്കാപുരേ

ദേവപ്രാണയമസ്തമേവമവദദ്രക്ഷോവരോ മാല്യവാൻ

നാരദമുനീന്ദ്രസുമതേ, തവ ചരണതാരിണ ഭജേ സുഖഗതേ!

സാരസഭവാത്മജ! തവാഗമനകാരണം

ഭൂരിസുഖമാശു മനതാരിൽ വളരുന്നു മേ

സാരരണിയുന്ന മകുടേ, ഖചിതമണിപൂരിതപദപ്രഭ വിഭോ!

പാരിൽ നവമാകിയ വിശേഷമുണ്ടെങ്കിലതു

പാരമഭിലാഷമിഹ കേൾപ്പതിനു മാനസേ

മദ്ഭുജബലം ത്രിഭുവനേ വിബുധജനമൽഭുതമെന്നല്ലോ പറവൂ?

നിർഭയതപൂണ്ടു സുരരല്പവുമായോധനേ

മത്ഭയവശാലവർ വസിപ്പതുമതെങ്ങനേ?

അരങ്ങുസവിശേഷതകൾ: 

മാലി, സുമാലി, മാല്യവാൻ എന്നിവരുടെ തിരനോട്ടത്തിനു ശേഷം, മാല്യവാന്റെ തന്റേടാട്ടം-

രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്നുകൊണ്ട് മാല്യവാന്‍ തിരതാഴ്ത്തുന്നു.

മാല്യവാന്‍:(ഉത്തരീയം വീശി ഇരിക്കുമ്പോള്‍) ‘എനിക്ക് ഏറ്റവും സുഖം ഭവിച്ചു. കാരണമെന്ത്?’ (ചിന്തിച്ചിട്ട്) ‘ആ, മനസ്സിലായി. ഞാന്‍ പണ്ട് ത്രൈലോക്യനാഥനായുള്ള ബ്രഹ്മാവിനെ തപസ്സുചെയ്ത് ആഗ്രഹമുള്ള വരങ്ങളൊക്കെയും വാങ്ങി. അങ്ങിനെ ഞാന്‍ ഏറെ ശൌര്യശാലിയായിതീര്‍ന്നു. എന്നെ ജയിക്കുവാന്‍ തക്ക വീര്യമുള്ളവരായി ഈ ത്രൈലോക്യത്തിലും ആരുമില്ല. അതിനാല്‍ എനിക്ക് സുഖം ഭവിച്ചു. പിന്നെ ഞാന്‍ ദേവശില്പിയായ വിശ്വകര്‍മ്മാവിനെ കണ്ട് ഞങ്ങള്‍ക്ക് വസിക്കുവാനായി ഒരു നഗരം വേണമെന്ന് ആവശ്യപ്പെട്ടു. വിശ്വകര്‍മ്മാവ് ദക്ഷിണസമുദ്രത്തില്‍ ത്രികൂടാദ്രിക്കുമുകളിലായി, ഇവിടെ സ്വര്‍ഗ്ഗത്തേയും ജയിക്കുന്ന ഈ ലങ്കാനഗരം നിര്‍മ്മിച്ചു നല്‍കി. പിന്നെ അനുജരേയും പാതാളവാസികളായ ബന്ധുജനങ്ങളേയും കൂട്ടി ഞാന്‍ ഇവിടെ വന്ന് സുഖത്തോടുകൂടി വസിച്ചു.’ (വീണ്ടും ഉത്തരീയം വീശി പീഠത്തിലിരിക്കെ പെട്ടന്ന് ആകാശത്തില്‍ ഒരു തേജസ്സ് ദര്‍ശിച്ചിട്ട്) ‘ആകാശത്തില്‍നിന്നും ഒരു തേജസ്സ് ഇറങ്ങിവരുന്നതെന്ത്?‘ (ശ്രദ്ധിച്ചുനോക്കിയിട്ട്) ‘പ്രഭയുടെ മദ്ധ്യത്തിലായി ഭസ്മവും രുദ്രാക്ഷമാലകളുമണിഞ്ഞ കൈകാലുകള്‍ കാണുന്നു. കൈയ്യില്‍ വീണയും ധരിച്ചിട്ടുണ്ട്. ഓ, അത് നാരദമഹര്‍ഷിയുടെ വരവാണ്. ഇനി നാരദമുനിയെ സ്വീകരിച്ചിരുത്തി ലോകവര്‍ത്തമാനങ്ങള്‍ ചോദിച്ചറിയുകതന്നെ.’

മാല്യവാന്‍ നാലാമിരട്ടിയെടുത്ത് തിര ഉയര്‍ത്തുന്നു.