ആട്ടക്കഥ:
ബ്രഹ്മാവിനെ തപസ്സു ചെയ്ത് വരങ്ങള്‍ നേടിയ രാവണന്‍ താന്‍ തപസ്സു ചെയ്യുവാനുണ്ടായ കാരണവും ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തിയ കഥയും ആടുന്നതാണ് ഈ രംഗം. തുടര്‍ന്നു അനുജന്മാരായ കുംഭകര്‍ണ്ണനോടും വിഭീഷണനോടും അവര്‍ നേടിയ വരങ്ങളെക്കുറിച്ച് ചോദിക്കുന്നു. കുംഭകര്‍ണ്ണന്‍ നിര്‍ദ്ദേവത്വം മോഹിച്ച് നിദ്രാവത്വവും വിഭീഷണന്‍ വിഷ്ണുഭാഗവാനില്‍ അചഞ്ചലമായ ഭക്തിയും ആണ് വാങ്ങിയതെന്നറിഞ്ഞ് രാവണന്‍ കോപാകുലനായി അവരെ പറഞ്ഞയക്കുന്നു.
തപസ്സാട്ടം
ആലവട്ടം, മേലാപ്പ് എന്നീ രാജകീയാഡംബരങ്ങളോടും വീരഭാവ പ്രൌഢിയോടും കൂടി ഇടംകാല്‍ പീഠത്തില്‍ വെച്ചുകൊണ്ട് ഇടക്കാലത്തിലുള്ള തിരനോട്ടം. ഈ തിരനോട്ടത്തില്‍ത്തന്നെ ലഘുവായ തോതില്‍ നാലുതവണ താഴ്ത്തുന്നതില്‍ മൂന്നിലും വീരവും നാലാമത്തേതില്‍ അഹങ്കാരവുമാണ് ഭാവം.
രണ്ടാമത് തിരതാഴ്ത്തി ഉത്തരീയം വീശി ഇടംകാല്‍ വലം കാലില്‍ കയറ്റി വച്ച് പീഠത്തിലിരുന്ന് ഉത്തരീയം വീശുന്നതില്‍ മൂന്നാമത് ഇളക്കിത്താഴ്ത്തി പടം മറിച്ചിടുന്നതോടെ ത്രിപുടമേളം തുടങ്ങുന്നു.
(ത്രിപുട ഒന്നാം കാലം 14 മാത്ര)
ആനന്ദാഹങ്കാരങ്ങളോടെ ഇരുവശത്തേക്കും ഉലഞ്ഞ് നിവര്‍ന്ന് ഞെളിഞ്ഞിരുന്ന ശേഷം എഴുന്നേറ്റ് സദസ്സിനെ വന്ദിച്ചുകൊണ്ട് പിന്നിലേക്ക് മാറി ഇടംകാല്‍ പീഠത്തില്‍ വെച്ച് :
” എനിക്ക് ഏറ്റവും സുഖം ഭവിച്ചു അതിനു കാരണം എന്ത്? (വിചാരിച്ച്) ആ മനസ്സിലായി. ഞാന്‍ പണ്ട് (ഇടതുകോണിലേക്ക് തിരിഞ്ഞ് ഇടംകാല്‍ പരത്തിച്ചവിട്ടി വലം കൈകൊണ്ട് ) ത്രൈലോക്യ (മുന്നിലേക്ക് വെച്ച് ചവിട്ടി മാറി രണ്ടു വട്ടം കൊണ്ട്) നാഥനായുള്ള ബ്രഹ്മാവിനെ (വലത്തോട്ട്) തപസ്സു ചെയ്ത് ആഗ്രഹമുള്ള വരങ്ങളൊക്കെയും വാങ്ങി. അതുകൊണ്ട് ഏറ്റവും സുഖം ഭവിച്ചു.
(വലം കൈകൊണ്ട് ഉത്തരീയം വീശി പീഠത്തിലിരിക്കുമ്പോള്‍ ആലോചിച്ച് ലഘു മുദ്രയില്‍ ) “എന്നാല്‍ ഞാന്‍ ബ്രഹ്മാവിനോട് (എഴുന്നേറ്റ് പിന്നോക്കം മാറി വലതുവശത്ത് അല്പം മുകളില്‍ കണ്ടതായി നടിച്ച് വന്ദിച്ച്) അല്ലയോ ബ്രഹ്മാവേ എനിക്ക് വരം തരണേ (കൈക്കുമ്പിളിലേക്ക് കണ്ണുകൊണ്ട് മാത്രം; നേരെ തിരിഞ്ഞ് ഗൌരവത്തോടെ) എന്നിങ്ങനെ യാചിച്ച് വാങ്ങിയതല്ല (രണ്ടു വട്ടം). ഏറ്റവും ബലവീര്യത്തോടെ (വലംകാല്‍ പീഠത്തില്‍ വെച്ച് മുന്‍പോലെ വലതുവശത്തേക്ക് ബ്രഹ്മാവിനെ നോക്കി, മലര്‍ത്തിയ വലം കൈ മുമ്പിലേക്ക് നീട്ടി “കൊണ്ടുവാ! കൊണ്ടുവാ!” എന്ന് കണ്ണുകൊണ്ടും “വെയ്ക്ക്,വെയ്ക്ക്” എന്ന മുദ്ര ഇടം കൈ കൊണ്ടും കാണിച്ചു മുന്നോക്കം ചെന്ന് ഇടതു കോണിലേക്ക് തിരിയുന്നതോടുകൂടി വലംകൈ കൊണ്ട് പിടിച്ചു വാങ്ങി കൃതാര്‍ത്ഥതയോടെ) ഇപ്രകാരം വാങ്ങിയതാകുന്നു.”
(പ്രതാപലങ്കേശനായി മുന്‍പോലെ ഉത്തരീയം വീശി ഞെളിഞ്ഞിരിക്കുന്ന സമയം വീണ്ടും ആലോചിച്ച് ) “എന്നാല്‍ ഞാന്‍ ബ്രഹ്മാവിനെ തപസ്സുചെയ്യാന്‍ കാരണം എന്ത്? (വിചാരിച്ച്) ഉണ്ട്. ഞാന്‍ പണ്ട് അമ്മയോടും അനുജന്മാരോടും കൂടി മധുവനത്തില്‍ സഞ്ചരിക്കുന്ന കാലത്ത് ഒരു ദിവസം അമ്മയുടെ മടിയില്‍ കിടന്നുറങ്ങി.”
(കൈകസിയായി ഇടംകാല്‍ മീതെവച്ച് കാല്‍ കെട്ടിയിരുന്ന് മടിയില്‍ കൈകളില്‍ കിടന്ന് (ശിരസ്സ് ഇടത്തോട്ട്) ഉറങ്ങുന്ന പുത്രന്റെ മുഖത്തുനോക്കി ഭംഗി നടിച്ച് ദൃഷ്ടി നേരെ കൊണ്ടുവന്ന് ആശ്ച്ചര്യത്തോടെ വലംകൈകൊണ്ട്) ഇവന്‍റെ മുഖം പൂര്‍ണ്ണചന്ദ്രന് തുല്യം തന്നെ. (വീണ്ടും മുഖത്തേക്ക് നോക്കി ഭംഗി നടിച്ച് ദീര്‍ഘനിശ്വാസത്തോടെ ദൃഷ്ടി മുകളിലേക്ക് ഉയര്‍ത്തി തന്റെ ഭാഗ്യത്തെ ഓര്‍ത്ത് രണ്ടു നാല് തവണ ശിരസ്സ് ഇരുവശത്തേക്കും തിരിച്ച്) “ഇവനെ ലഭിച്ചത് എന്റെ ഭാഗ്യം തന്നെ” (സ്നേഹാധിക്യത്തോടെ മൃദുവായി കണ്ണും പുരികവും ഉഴിഞ്ഞ് കൈകാലുകള്‍ വെവ്വേറെ തിരുമ്മി മുഖത്തേക്ക് നോക്കി) “വഴിപോലെ ഉറങ്ങിയാലും” (മടിയില്‍ നിന്ന് കൈകള്‍ അല്പം ഉയര്‍ത്തി പുത്രന്റെ മുഖത്ത് ദൃഷ്ടി നിര്‍ത്തി ശിരസ്സ് അല്പം ഇടതുവശത്തേക്ക് ചെരിച്ചു പിടിച്ചുകൊണ്ട് സാവധാനത്തില്‍ താരാട്ടുന്നു.അങ്ങിനെ താരാട്ടി ഉറക്കുന്ന സമയം ഒരു ശബ്ദം (വലതു വശത്ത്) കേട്ട് ചെവിയോര്‍ത്തു സമാധാനിച്ച്എന്തെങ്കിലുമാകട്ടെ എന്ന് നടിക്കുന്നു. മുന്‍പോലെ താരാട്ടിയിരിക്കുമ്പോള്‍ അല്പം കൂടി വ്യക്തമായ ശബ്ദം വീണ്ടും മുദ്രയോടെ കേള്‍ക്കുന്നു. ആലോചനാ ഭാവത്തില്‍ ദൃഷ്ടി നേരെ മുമ്പിലേക്ക് കൊണ്ടുവന്ന് നിവര്‍ത്തി (വലംകൈകൊണ്ട്) “ഒരു ശബ്ദം കേള്‍ക്കുന്നതെന്ത്?” (വീണ്ടും ചെവിയോര്‍ത്ത് സമാധാനിച്ച്) “ആ എന്തായാലും എനിക്കെന്താണ്?” (വീണ്ടും താരാട്ടിയിരിമ്പോള്‍ വളരെ വ്യക്തമായ ശബ്ദം-മുദ്രയിളക്കിക്കൊണ്ട് മൂന്നാമതും കേള്‍ക്കുന്നു. നല്ലപോലെ ചെവിയോര്‍ത്ത് ദൃഷ്ടി നേരെ മുന്നിലേക്ക് കൊണ്ടുവന്ന് ശിരസ്സ് രണ്ടുനാല് തവണ ഇരുവശത്തേക്കും തിരിച്ച ശേഷം) “ഒട്ടും നിസ്സാരമല്ല എന്താണിത്?” (വീണ്ടും ചെവിയോര്‍ക്കുമ്പോള്‍ ആകാശത്തില്‍ ഇടതുവശത്ത് പ്രത്യക്ഷപ്പെട്ട വിമാനം കാണുന്നു. വലത്തോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നതിനോടൊപ്പം – നാല് താളവട്ടം കൊണ്ട് – ഇമ വെട്ടാതെ ദൃഷ്ടി നീക്കി നേരെ മുന്നില്‍ കൊണ്ടുവന്ന് വിമാനത്തില്‍ തന്നെ ദൃഷ്ടിയുറപ്പിച്ചുംകൊണ്ട് ലഘുമുദ്രയില്‍ വലംകൈകൊണ്ട് ) “പെരുമ്പറ അടിച്ചുകൊണ്ട് പുഷ്പകവിമാനത്തില്‍ കയറി ഏറ്റവും പ്രതാപത്തോടെ ആകാശത്തില്‍ പോകുന്നതാരാണ്?”
(സൂക്ഷിച്ചുനോക്കി മനസ്സിലായി അസൂയയോടെ) “ഓ!ഓ! വൈശ്രവണന്‍ തന്നെ”. (വൈശ്രവണനെ നോക്കി അസഹ്യതയും അസൂയയും, പുത്രന്റെ മുഖത്തുനോക്കി അസഹ്യമായ സങ്കടവും നടിച്ച് വലംകൈകൊണ്ട്) “കഷ്ടം ഇവന്റെയും (സൂചീമുഖമുദ്ര വലത്തോട്ട് ചുഴറ്റിയെടുത്ത് ശക്തിയായി ഇളക്കികൊണ്ട് വൈശ്രവണന്റെ നേര്‍ക്ക്) ഇവന്റെയും-പുത്രന്റെയും അച്ഛന്‍ ഒന്നുതന്നെ. ഇവന്‍(വൈശ്രവണന്‍-മുന്‍പോലെ) ഏറ്റവും പ്രതാപി(അസൂയ)യായും ഇവന്‍(പുത്രന്‍) ഏറ്റവും ആഭാസനായും വന്നുവല്ലോ. എന്റെ നിര്‍ഭാഗ്യം തന്നെ. (പിന്നെ പുത്രനെ നോക്കി വ്യസനവും വൈശ്രവണനെ നോക്കി ഈര്‍ഷ്യയും മാറി മാറി നടിക്കുന്നു.) (ഓരോ തവണയും വൈശ്രവണനെ നോക്കുന്നത് വലത്തോട്ട് അധികമധികം നീങ്ങിക്കൊണ്ടായിരിക്കണം )
(മൂന്നാമത് വലത്തേ അറ്റത്ത് നോക്കി ഈര്‍ഷ്യ നടിച്ച ശേഷം എത്തിവലിഞ്ഞുനോക്കി വിമാനം കാണാതാവുന്നതോടെ) “വൈശ്രവണന്‍ മറഞ്ഞു” (വീണ്ടും പുത്രനെ നോക്കി കണ്ണീര്‍ വാര്‍ക്കുന്നു.)
(രാവണനായി) ” ആ സമയത്ത് ഞാന്‍ (കാല്‍ പരത്തിനിന്ന് അമ്മയുടെ മടിയില്‍ ശിരസ്സ് ഇത്തോട്ടായി കിടന്നുറങ്ങുന്നു. നാലാം വട്ടത്തോടോപ്പം ഞെട്ടി ഉണരുന്നു. അല്പം മാത്രം കണ്ണ് തുറന്ന് പതുക്കെ തല തിരിച്ച് അമ്മയുടെ മുഖത്തേക്ക്-മുകളിലേക്ക്-നോക്കുന്നു. കണ്ണടച്ച് ഉറങ്ങുന്നു. നാലാം വട്ടത്തോടോപ്പം വീണ്ടും ഞെട്ടിയുണര്‍ന്ന്‍ സാവധാനത്തില്‍ നിവര്‍ന്ന്, എഴുന്നേറ്റിരുന്ന് പാതിയടഞ്ഞ ദൃഷ്ടികളോടെ ഉറക്കച്ചവടോടെ കൈകള്‍ കോര്‍ത്തുപിടിച്ച് മേലോട്ട് ദേഹം വലിഞ്ഞ് ചുണ്ട് തുറക്കാതെ കോട്ടുവായിടുന്നു. കൈകള്‍ കീഴോട്ട് കുടഞ്ഞ് രണ്ടുകയ്യും വെവ്വേറെ തിരുമ്മുന്നു. കൈകള്‍ കോര്‍ത്തുപിടിച്ച് കീഴോട്ട്താഴ്ത്തി വലിഞ്ഞ് വീണ്ടും കോട്ടുവായിടുന്നു. ഉറക്കം മതിയായില്ല എന്ന ഭാവത്തില്‍ വീണ്ടും കിടന്നുറങ്ങുന്നു. നാലാം വട്ടത്തോടൊപ്പം മൂന്നാമതും ഞെട്ടിയുണരുന്നു. കണ്ണുകള്‍ നല്ല പോലെ തുറന്ന് തന്റെ ചുമലില്‍ വീണ കണ്ണുനീരും, പിന്നിലേക്ക് മാറി കണ്ണുനീരണിഞ്ഞ അമ്മയുടെ മുഖവും കാണുന്നു. ഉടനെ പിടിച്ചെഴുന്നേല്‍പ്പിച്ച് ഇരുത്തിയ ശേഷം മുഖത്ത് സൂക്ഷിച്ചുനോക്കി കൈകൂപ്പി വന്ദിച്ച്) “അല്ലയോ മാതാവേ, ഇങ്ങനെ കരയുവാന്‍ കാരണമെന്ത്? വേഗം പറഞ്ഞാലും. (കൂപ്പുകയ്യോടെ ശ്രദ്ധിച്ച് നില്‍ക്കുന്നു.
അമ്മ പറയുന്നത് ലഘു മുദ്രയില്‍ കാണിക്കുന്നു). വൈശ്രവണന്‍ ഏറ്റവും പ്രതാപത്തോടെ മുന്നിലൂടെ പോയി എന്നോ? (‘എന്നോ’ എന്ന മുദ്രയോടോപ്പം അമ്മയെ നോക്കി “ഛീ! ആ ശപ്പനായുള്ള വൈശ്രവണനും ഞാനും തുല്യമാണോ? ആകട്ടെ ഒട്ടും വ്യസനിക്കേണ്ട ഞാന്‍ അവന്റെ കയ്യും കാലും കൂട്ടിക്കെട്ടി (കൈകള്‍ പിന്നിലേക്ക് പിടിച്ച്) ഇവിടുത്തെ പാദത്തില്‍ വന്ദിപ്പിച്ചേക്കാം. എന്നാല്‍ പോരെ? (മറുപടി കേട്ട് സന്തോഷത്തോടെ) എന്നാല്‍ ഞാന്‍ ബ്രഹ്മാവിനെ തപസ്സുചെയ്യാന്‍ പോകുന്നു. സന്തോഷത്തോടെ ഇരുന്നാലും”. (അമ്മയെ കുമ്പിട്ട് തൊഴുതുമാറി വലതുവശത്തേക്ക് തിരിഞ്ഞ് വലംകാല്‍ പരത്തിച്ചവിട്ടി ഇടംകൈ ഒച്ഛാനിച്ച് പിടിച്ചും വലംകൈ മലര്‍ത്തി യാത്രയാക്കുന്ന ഭാവത്തില്‍ നീട്ടിപ്പിടിച്ചും പിന്നിലേക്ക് കുത്തിമാറി തിരിഞ്ഞ്,
രണ്ടാം കാലം
രംഗത്തേക്ക് ഓടിവന്ന് ‘അഡ്ഡിഡ്ഡിക്കിട’ വെച്ച് ഇടംകാല്‍ പീഠത്തില്‍ വെച്ചു നിന്ന് ) “ഇനി വേഗം ബ്രഹ്മാവിനെ തപസ്സുചെയ്യാന്‍ പുറപ്പെടുകതന്നെ (കാല്‍കൂട്ടി കൈകെട്ടി നിന്ന് വിചാരിച്ച്) എന്നാല്‍ തപസ്സുചെയ്യേണ്ട സ്ഥലം എവിടെ? (ആലോചിച്ചുറച്ചു കാല്‍ പീഠത്തില്‍ വെച്ച്) ആ, ഗോകര്‍ണ്ണത്തിങ്കല്‍ തന്നെ. (വീണ്ടും മുന്‍പോലെ നിന്ന് ആലോചിച്ചു) എന്നാല്‍ തപസ്സുചെയ്യേണ്ടത് എങ്ങിനെ? (ആലോചിച്ചുറച്ചു കാല്‍ പീഠത്തില്‍ വെച്ച്) ആ, പഞ്ചാഗ്നിമധ്യത്തില്‍ ഇരുന്നിട്ടുതന്നെ. ആകട്ടെ ഇനി അനുജന്മാരുടെ അഭിപ്രായം അറിയുക തന്നെ. (വലതുവശത്തേക്ക് നീങ്ങി ഇടം കാല്‍ പീഠത്തില്‍ വെച്ച് വലംകൈ മലര്‍ത്തി ഇടതുവശത്ത് ഇരുവരേയും കണ്ട് ഇടംകൈകൊണ്ട് വെവ്വേറെ അനുഗ്രഹിച്ച്) അല്ലയോ സോദരന്മാരെ, ഞാന്‍ ബ്രഹ്മാവിനെ തപസ്സു ചെയ്യാന്‍ പോകുന്നു. നിങ്ങളും എന്നോടൊപ്പം പോരികയല്ലേ? (അനുകൂലമായ മറുപടി കേട്ട് വിഭീഷണനെ പിടിച്ച് വലതുവശത്തും കുംഭകര്‍ണ്ണനെ ഇടതുവശത്തും നിര്‍ത്തിയശേഷം ഇടത്തോട്ടുനോക്കി) അല്ലേ, കുംഭകര്‍ണ്ണ! ദേവകളെ ജയിക്കാനുള്ള വരം വാങ്ങിയാലും (വലത്തോട്ടുനോക്കി) നീയും ഇവനെപ്പോലെതന്നെ”. (കാല്‍കൂട്ടി നിന്ന് ഒറ്റക്കൈകള്‍ കൊണ്ട് ഓരോരുത്തരെയും വെവ്വേറെ അനുഗ്രഹിച്ച്
ഇരുവരെയും മാറി മാറി നോക്കി ഗോകര്‍ണ്ണത്തേക്ക് യാത്രയാക്കി പിന്നിലേക്ക് കുത്തിമാറി തിരിഞ്ഞ്,
മൂന്നാം കാലം
രംഗത്തേക്ക്-ഗോകര്‍ണ്ണത്ത് എത്തി എന്ന നിലയില്‍ ഓടി പ്രവേശിക്കുന്നതോടൊപ്പം പതാക മുദ്ര പിടിച്ച് രണ്ടുകൈകൊണ്ടും വിശാലമായ ഒരു സ്ഥലവും, പീഠത്തിനുമുന്നില്‍ കാല്‍ പരത്തിനിന്ന് അതിനകത്ത് വലം-ഇടം കൈകളാല്‍ മാറി മാറി നാല് ഹോമകുണ്ഡങ്ങളും നിര്‍മ്മിച്ച് “ഇനി ഒന്ന് ആദിത്യന്റെ നേരെ നോക്കിയിട്ട് (ആദിത്യനില്‍ ദൃഷ്ടിയുറപ്പിച്ച്) തന്നെ” (വലംകൈ മലര്‍ത്തി മുന്നില്‍ ആകാശത്തേക്ക് നോക്കി). “അല്ലെ ആദിത്യന്‍! എന്റെ തപസ്സു കഴിയുവോളം അവിടെനിന്നും അനങ്ങിപ്പോകരുത്.” (പിന്നെ നാല് ഹോമകുണ്ഡങ്ങളിലും നടുവില്‍ നിന്ന് മേലേരി എടുത്ത് അടുക്കി) “ഇനി സ്നാനം ചെയ്തു ശുദ്ധമാവുക തന്നെ.” (വലതുവശത്തേക്ക് നീങ്ങി നിന്ന് സ്നാനമുദ്രകൊണ്ട് കുളിച്ചു ഭസ്മം ധരിച്ച് “ശുദ്ധമായി” എന്ന് കാണിച്ച് പീഠത്തിനു മുന്നില്‍ കാല്‍ പരത്തിനിന്ന്) “ഇനി അഗ്നി ഉണ്ടാക്കുക തന്നെ” (നാല് കുണ്ഡങ്ങളിലും വെവ്വേറെ അഗ്നി കത്തിച്ച് ജ്വലിപ്പിക്കുന്നു. അരണി കടഞ്ഞു അഗ്നിയുണ്ടാക്കുന്ന സങ്കല്‍പ്പത്തില്‍ മടക്കിപ്പിടിച്ച കൈപ്പടങ്ങള്‍ കൂട്ടിയുരച്ചു അഗ്നി ഉണ്ടാക്കുന്നു. അടിയിലുള്ള കൈകൊണ്ടു തീ കത്തുന്നതായും മുകളിലുള്ള കൈകൊണ്ടു ജ്വലിച്ചുയരുന്നതായും കാണിക്കണം.
ഉരക്കുമ്പോള്‍ ഇടതുവശത്ത് വലംകയ്യും വലതുവശത്ത് ഇടംകയ്യും ആണ് മുകളില്‍ പിടിക്കേണ്ടത്. യാഗകുണ്ഡവുമായി ബന്ധപ്പെട്ട്ചെയ്യുന്ന ഓരോ കര്‍മ്മങ്ങളുടേയും തുടക്കം വലതുവശത്തെ മുന്നിലെ കുണ്ഡത്തില്‍ നിന്നാണ്.അഗ്നിയുണ്ടാക്കിയതിനു ശേഷം നാലുകുണ്ഡങ്ങളിലും വെവ്വേറെ മുമ്മൂന്നു പ്രാവശ്യം പൂജ, ഹോമം എന്നിവയുടെ ച്ഛായ മാത്രം കാണിക്കുന്നു. വീണ്ടും നാളിലും ഒറ്റക്കൈകളാല്‍ അഗ്നിജ്വലിപ്പിച്ചു) “ഇനി തപസ്സ് ചെയ്യുക തന്നെ”. (ഇടം കാല്‍ വലംകാലിലേക്ക് കയറ്റിവച്ച് തപോമുദ്രയോടെ പീഠത്തിലിരുന്ന് നല്ലതുപോലെ തുറന്ന ദൃഷ്ടി ആദിത്യനില്‍ തറപ്പിച്ചു നിര്‍ത്തി, തപസ്സു തുടങ്ങുന്നു. നാല് താളവട്ടത്തിന് ശേഷം മനസ്സിളക്കി ഞെട്ടിയുണര്‍ന്ന് ഇരുവശത്തേക്കും സൂക്ഷിച്ചുനോക്കി ദൃഷ്ടി നേരെ മുന്നില്‍ കൊണ്ടുവന്ന്‍ നേരിയ ഇച്ഛാഭംഗത്തോടെ) “ബ്രഹ്മാവ് പ്രത്യക്ഷമായില്ല. ഇനി ചെയ്യേണ്ടത് എന്ത്? (എഴുന്നേറ്റ് കാല്‍ പരത്തിനിന്ന് വിചാരമുദ്രയോടെ ആലോചിച്ചുറച്ച്) ” എനിക്ക് പത്തു ശിരസ്സുള്ളതില്‍ ഒന്നറുത്ത് ഹോമിക്കുക തന്നെ.”. (അരയില്‍ ഇടതുവശത്ത് ബന്ധിച്ചിട്ടുള്ള ഉറയില്‍നിന്നും വാള്‍ വലിച്ചൂരി അറയില്‍ കുത്തിപ്പിടിച്ചു നില്‍ക്കുമ്പോള്‍ ആകാശത്ത് തന്നെ ശ്രദ്ധിച്ച് നില്‍ക്കുന്ന ദേവകളെ
കണ്ട് പരിഹാസത്തോടെ ഇരുവശത്തേക്കും ഉലഞ്ഞ്) “ഞാന്‍ വാള്‍ (ഇടം കൈകൊണ്ടു ചൂണ്ടിക്കാട്ടി) ഇളക്കുന്നതല്ല. അതുവിചാരിച്ച് നിങ്ങള്‍ സന്തോഷിക്കേണ്ട (വാള്‍ ഇളകിയാല്‍ അതിന്മേല്‍ പ്രതിഫലിക്കുന്ന രാവണന്റെ ആകാരം ഇളകുമല്ലോ. അതുപോലും ഉണ്ടാവില്ല. അത്രമേല്‍ അചഞ്ചലനാണെന്ന് സാരം) (വാള്‍ മാറിനുനേരെ പിടിച്ച് ഇരുവശത്തുമുള്ള ശിരസ്സുകള്‍ കണ്ട് ഇടം കൈകൊണ്ടു മുടി ചുറ്റിപ്പിടിച്ച് ഇടതുവശത്തുനിന്നു ഒരു ശിരസ്സറുത്ത് വലംകൈകൊണ്ട് തലമുടി പിഴുതെറിഞ്ഞ് രണ്ടുകയ്യും കൂട്ടി വലതുവശത്ത് മുന്നിലുള്ള കുണ്ഡത്തില്‍ ഹോമിക്കുന്നു. “ശിരസ്സുപൊട്ടുന്നു” എന്ന് മൂന്നു പ്രാവശ്യം ആ കുണ്ഡത്തില്‍ത്തന്നെ കാണിച്ച്, ഇരുകൈകളും കൂട്ടി നാലുകുണ്ഡത്തിലും അഗ്നി പൂര്‍വ്വാധികം ജ്വലിപ്പിക്കുന്നു). “ഇനി തപസ്സു ചെയ്യുക തന്നെ”.
(മുന്‍പോലെ തപസ്സിലിരിക്കുമ്പോള്‍ നാലുതാളവട്ടത്തിനുശേഷം വീണ്ടും തപസ്സിളകുന്നു. ബ്രഹ്മാവ് പ്രത്യക്ഷമായിട്ടുണ്ടോ എന്ന് ഇരുവശത്തേക്കും നോക്കി ഇല്ലെന്നറിഞ്ഞ് വലിയ നിരാശയോടെ) “ഇനിയും ബ്രഹ്മാവ് പ്രത്യക്ഷമായില്ല. ഇനി ചെയ്യേണ്ടതെന്ത് (എഴുന്നേറ്റ് ആലോചിച്ച് വാശിയോടും ദൃഡനിശ്ചയത്തോടും കൂടി) ആകട്ടെ, എന്റെ ഒരു ശിരസ്സല്ലാത്തതൊക്കെയും അറുത്ത് ഹോമിക്കുക തന്നെ”.
നാലാം കാലം “ധീം ധീം ധീം”
(മുന്‍പോലെ അരയില്‍ നിന്ന് വാള്‍ വലിച്ചൂരി അരയില്‍കുത്തിപ്പിടിചച്ച് ഒന്നലറി അല്പസമയം പരുന്തുകാല്‍ ചവിട്ടി – നല്ലതുപോലെ പടം മറിച്ചു ചവിട്ടണം. മേളക്കൊഴുപ്പ് കൂട്ടി കാല്‍ പരത്തിനിന്നു മടമ്പടിച്ചുകൊണ്ട് വലതുവശത്തുനിന്ന് ശിരസ്സറുക്കുവാന്‍ തുടങ്ങുന്നു. മുടി ചുറ്റിപ്പിടിക്കുക, അറുക്കുക, ഹോമിക്കുക എന്നിങ്ങനെ മുമ്മൂന്ന് താളവട്ടം കൊണ്ട് ഓരോ ശിരസ്സും അറുത്ത് ഹോമിക്കുന്നു.(ഏഴു ശിരസ്സുകളുടെയും മുടി ചുറ്റിപ്പിടിക്കുന്നതും കുണ്ഡത്തിലേക്കിടുന്നതും ഇടം കൈകൊണ്ടും, വെട്ടുന്നതെല്ലാം വലംകൈകൊണ്ടും ആണ്. വലതുവശത്തെ ശിരസ്സറുത്ത് ഇടത്തേകുണ്ഡത്തിലും ഇടതുവശത്തെ ശിരസ്സറുത്ത് വലത്തേകുണ്ഡത്തിലും ആയി മാറി മാറി നാലുകുണ്ഡങ്ങളിലും ഹോമിക്കുന്നു.) എട്ടാമത്തെ ശിരസ്സറുത്താല്‍ മാത്രം രണ്ടു തവണ മുടി പിഴുതെറിഞ്ഞ് രണ്ടുകയ്യും കൂട്ടി വലതുകുണ്ഡത്തില്‍ ഹോമിക്കുന്നു. നാലുകുണ്ഡത്തിലും മുമ്മൂന്നുതവണ (ശിരസ്സ്) പൊട്ടുന്നു. വലം-ഇടം വശങ്ങളില്‍ നിന്ന് വെവ്വേറെ കോരിയെടുത്ത തീക്കനലുകള്‍ പരുന്തുകാല്‍ ചവിട്ടോടെ മുന്നിലേക്ക് ചൊരിയുന്നു. ഇരുവശത്തുനിന്നും തട്ടിക്കൂട്ടുന്നു.അലറിക്കൊണ്ട് പരുന്തുകാല്‍ചവിട്ടോടെ രണ്ടുകൈകൊണ്ടും നേരെ മുന്നില്‍ അത്യുഗ്രമായി
ജ്വലിപ്പിക്കുന്നു.) “ഇനിയും തപസ്സു ചെയ്യുക തന്നെ”.
(കത്തിജ്വലിക്കുന്ന അഗ്നിമധ്യത്തില്‍ ഒറ്റക്കാലില്‍ പീഠത്തിന്നരികില്‍ വലതുവശത്ത് ഇടംകാല്‍ മടക്കി വലംകാല്‍മുട്ടിനോടു ചേര്‍ത്ത് വലംകാലില്‍ നിന്ന് മുന്‍പോലെ ആദിത്യനില്‍ ദൃഷ്ടിയൂന്നി തപസ്സുചെയ്യുന്നു. എട്ടുതാളവട്ടത്തിന്നപ്പുറം മനസ്സിളകി അല്പം ക്ഷീണത്തോടെ ഇരുവശത്തേക്കും നോക്കി ബ്രഹ്മാവിനെ കാണാത്തത്തില്‍ കടുത്തനിരാശ പൂണ്ട് കൈകാലുകള്‍ തളര്‍ന്ന് പീഠത്തില്‍ ഇരുന്ന്) “കഷ്ടം! എന്റെ ശിരസ്സുകളെല്ലാം നശിച്ചുവല്ലോ! എന്തായാലും ഇനി തപസ്സുപേക്ഷിച്ച് പോവുക തന്നെ”. (ജാള്യതയോടെ എഴുന്നേറ്റ് മുന്നിലേക്ക് തൂക്കിയിട്ട വലംകയ്യിന്റെ മണിക്കണ്ടത്തില്‍ ഇടം കൈകൊണ്ടു പിടിച്ച് ഇരുവശത്തേക്കും ഒന്നുകൂടി നോക്കുന്നു. മൌഢ്യത്തോടെ ശിരസ്സ് അല്പം കുനിച്ചു തൂക്കിയിട്ട കൈകള്‍ പിന്നിലേക്ക് പിടിച്ച് വലം കാല്‍ പിന്നിലേക്ക് മാറി വലതുവശത്തേക്ക് ആശയോടെ നോക്കുന്നു. നിരാശയോടെ തലതാഴ്ത്തുന്നു. വലതുവശത്തേക്ക് തിരിഞ്ഞ് മടങ്ങിപ്പോകാന്‍ തുടങ്ങുമ്പോള്‍ പെട്ടെന്നുണ്ടായ ധൈര്യത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി (ചെമ്പട മേളം) കലാശത്തോടൊപ്പം “പാടില്ല” എന്നാ മുദ്ര പിടിച്ച്
രംഗത്തിലേക്ക് തന്നെ ഓടിവന്ന് ഇടംകാല്‍ പീഠത്തില്‍ വെച്ച് (ബ്രഹ്മാവിനെ സങ്കല്‍പ്പിച്ച്) “പണ്ട് ഒരു രാക്ഷസന്‍ ബ്രഹ്മാവിനെ തപസ്സു ചെയ്ത് പ്രത്യക്ഷമാവാഞ്ഞ് ജീവനാശം വരുത്തി എന്ന ദുഷ്കീര്‍ത്തി നിനക്ക് ഞാന്‍ തരുന്നുണ്ട്. നോക്കിക്കോ (സ്വഗതം) ഇനി ഒരു ശിരസ്സുള്ളതും കൂടി അറുക്കുക തന്നെ. (കുറഞ്ഞ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടോപ്പം ഇടംകൈകൊണ്ട് മുടി ചുറ്റിപ്പിടിച്ച് വലംകൈകൊണ്ട് വെട്ടുവാന്‍ തുടങ്ങുമ്പോള്‍ പെട്ടെന്ന് ബ്രഹ്മാവ് കൈ തടഞ്ഞപോലെ ശിരസ്സിനുമീതെ ഇടംകൈകൊണ്ട് വലംകയ്യിന്റെ മണിക്കണ്ടത്തില്‍ പിടിച്ച് ഇടതുവശത്ത് വലതുകോണിലേക്ക് തിരിഞ്ഞ് ഒരലര്‍ച്ചയോടെ കണ്ണടച്ച് നില്‍ക്കുന്നു. മേളം നിലക്കുന്നു.
അല്‍പ നിമിഷത്തിനുശേഷം കുറച്ചു പിന്നിലേക്ക് നീങ്ങി, ഒന്നമര്‍ന്ന് പ്രത്യക്ഷമുദ്രയോടെ വലതുവശത്തേക്ക് കെട്ടിച്ചാടി ഇടതുകോണിലേക്ക് തിരിഞ്ഞ്, (ബ്രഹ്മാവായി) “ഏ,ഏ, അരുത്! അരുത് കോപിക്കരുത്, വരം ഇതാ ഇതാ”.
(രാവണനായി, ഇടതുവശത്തേക്ക് മാറി മുന്‍നിലയില്‍ നില്‍ക്കുന്നു. പെട്ടെന്ന് കണ്ണ് തുറന്ന് മുന്നില്‍ വെട്ടിത്തിളങ്ങുന്ന പ്രഭാപൂരം കണ്ട് അത്ഭുതപ്പെടുന്നു. വൃത്താകാരത്തില്‍ നോക്കി “ശോഭ” മുദ്രയോടെ പിന്നിലേക്ക് മാറി വലതുകോണില്‍ പ്രത്യക്ഷപ്പെട്ട ബ്രഹ്മാവിനെ കാണുന്നു. അതോടൊപ്പം അടന്തവട്ടം തിത്തിത്തൈ, തിത്തൈ)
(ശിരസ്സ് നല്ലപോലെ ഉയര്‍ത്തി രണ്ടുകയ്യും അരയില്‍ കുത്തി നിന്ന്) ആങ്ങ്ഹാ! എന്റെ മുന്നില്‍ വരുവാന്‍ ഇത്ര പ്രയാസമായി അല്ലെ?” (എന്ന ഭാവത്തില്‍ രണ്ടുനാലുതവണ ശിരസ്സ് മേലോട്ടും കീഴോട്ടും ഇളക്കിയ ശേഷം ഇടംകാല്‍ പീഠത്തില്‍ വെച്ചു നിന്ന് ശിരസ്സുകളെല്ലാം മുന്‍പോലെ ഉണ്ടായതായി കണ്ട് സന്തോഷിച്ച്) “ശിരസ്സുകളെല്ലാം ഉണ്ടായിക്കഴിഞ്ഞു. ഇനി ഇഷ്ടമുള്ള വരങ്ങള്‍ വാങ്ങുക തന്നെ”. (ബ്രഹ്മാവിനെ നോക്കി കൈകൂപ്പി വന്ദിച്ച്) “അല്ലയോ ബ്രഹ്മാവേ! എനിക്ക് ത്രൈലോക്യം ജയിക്കാനുള്ള വരം തരേണമേ” (‘തരേണമേ’ എന്ന് രണ്ടും കയ്യും ചേര്‍ത്ത് കുമ്പിളാക്കി അതിലേക്കു കണ്ണുകൊണ്ട് അപേക്ഷിക്കുന്നു. സാവധാനം അടുത്തേക്ക് ചെന്ന് തലകുനിച്ചു വാങ്ങുന്നു. വാങ്ങുന്നതോടെ കൈകള്‍ മടക്കി ശരീരത്തോട് ചേര്‍ത്ത് പിടിക്കണം. രണ്ടാമതും നോക്കി) “ഇനി വളരെ യശസ്സുണ്ടാകാന്‍ വരം തരണേ” (മുന്‍പോലെ വാങ്ങുന്നു, വീണ്ടും നോക്കി) “ഇനി വളരെ ഐശ്വര്യമുണ്ടാവാന്‍ വരം തരണേ” (അതും വാങ്ങി മുന്നിലേക്ക് തിരിഞ്ഞുനിന്ന് ലഘുമുദ്രയോടെ ആത്മഗതം) “എല്ലാം ആയെന്നു തോന്നുന്നു.(ബ്രഹ്മാവിനോട് സംശയത്തോടെ) “എല്ലാം ആയി”
ആലോചചനയോടെ ബ്രഹ്മാവിനെ കുമ്പിട്ടു വന്ദിക്കുന്നു. ശിരസ്സ് നല്ലതുപോലെ താഴ്ത്തുംമുമ്പ് പെട്ടെന്ന് ഓര്‍മ്മ വന്നതായി നടിച്ച് പിന്നോക്കം ചാടി (കാലം തള്ളി) “വരട്ടെ, വരട്ടെ, നില്‍ക്കൂ നില്‍ക്കൂ, ഒന്ന് കൂടിയുണ്ട് പറയാം (വലംകാല്‍ പീഠത്തില്‍ വെച്ച് അഹങ്കാരത്തോടെ) “മനുഷ്യനാലല്ലാതെ മറ്റൊരു ജീവിയാലും എനിക്ക് മരണം സംഭവിക്കില്ല എന്ബ്ന വരം കൊണ്ടുവാ! കൊണ്ടുവാ! (വലംകൈ മലര്‍ത്തി നീട്ടി കണ്ണുകൊണ്ട്) “വെയ്ക്ക് ! വെയ്ക്ക് !” (ഇടംകൈകൊണ്ട് വലംകയ്യിലേക്ക് ചൂണ്ടി,മുഖത്തേക്ക് നോക്കി നിന്ന് ഓടിച്ചെന്ന് ഇടതുകോണിലേക്ക് തിരിയുന്നതോടെ വലംകൈകൊണ്ട് മാത്രം വാങ്ങുന്നു. ചാരിതാര്‍ത്ഥ്യത്തോടും ധൈര്യത്തോടും കൂടി ബ്രഹ്മാവിനെ നോക്കി) “എല്ലാം ആയി ഇനി പോകാം”.
(ഗര്‍വ്വ വീരനായി കൈകെട്ടി മുന്നാക്കം തിരിഞ്ഞ് അല്പസമയം നിന്ന് വീണ്ടും നോക്കി) ഉം? എന്തേ? പൊയ്ക്കൊള്ളുക, പൊയ്ക്കൊള്ളുക” (വലംകൈ കൊണ്ട് മാത്രം)
(വലതുകോണിലേക്ക് തിരിഞ്ഞ് കൂപ്പുകയ്യോടെ കാല്‍ പരത്തി താണുനിന്ന് ബ്രഹ്മാവ് മറയുന്നത് നോക്കി കാണുന്നു. അത്ഭുതഭാവത്തോടെ സാവധാനത്തില്‍ ദൃഷ്ടി മുകളിലേക്കുയര്‍ത്തി വലതുവശത്തേക്ക് നീങ്ങുന്നതോടൊപ്പം ശരീരം ഇടത്തോട്ട് ചാച്ച് എത്തിവലിഞ്ഞു നോക്കുന്നു.)
(ബ്രഹ്മാവ് “മറഞ്ഞു” എന്ന് കാണിക്കുന്നതോടെ പിന്‍തിരിഞ്ഞ് (ചെമ്പടവട്ടം)
വീണ്ടും രംഗത്തിലേക്ക് ഓടിവന്ന് ‘അഡ്ഡിഡ്ഡിക്കിട’ വെച്ച് മുന്നോക്കം വെച്ചു ചവിട്ടി നിന്ന് അതിസന്തോഷത്തോടും, അഹങ്കാരത്തോടും കൂടി “ഇപ്പോള്‍ എനിക്ക് തുല്യന്‍ ആര്? ആകട്ടെ ഇനി അനുജന്മാര്‍ക്ക് കിട്ടിയ വരം എന്തെന്ന് അറിയുക തന്നെ. (നാലാമിരട്ടി).
(വരങ്ങളെല്ലാം നേടിയശേഷം അനുജന്മാരെ കാണുന്നതിനുമുമ്പുള്ള അല്പസമയത്തിനുള്ളില്‍ രാവണന്‍ തന്റെ ഭൂതകാല സംഭവങ്ങളെ ഓര്‍ക്കുന്നതായാണ് “തപസ്സാട്ടം” എന്ന ഈ ഭാഗം. അതുകൊണ്ട് ബ്രഹ്മാവ് മറഞ്ഞു കഴിഞ്ഞാല്‍ “ഇപ്രകാരമാണ് ഞാനീ വരങ്ങളൊക്കെ നേടിയത്” എന്ന്‍ പൂര്‍വ്വ കഥ അവസാനിപ്പിക്കയും അതിനുശേഷം “ഇനി സഹോദരന്മാര്‍ക്ക് കിട്ടിയ വരമെന്തെന്നു അറിയുക തന്നെ” എന്ന് പ്രകൃതത്തിലേക്ക് കടക്കുകയും ചെയ്‌താല്‍ ഭൂതവും വര്‍ത്തമാനവും വേര്‍തിരിഞ്ഞു കാണാനാകും.)