ഭൂസുര ശിരോമണികളാം നിങ്ങളുടെ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ശ്ലോകം
സാക്ഷാദ്വൈകുണ്ഠവാസീ പവനജവിജയാഭ്യാം സമം യാത്രയും വീ-
ണ്ടക്കാലം വിപ്രവേഷത്തൊടൂ മഗധപുരം പുക്കുതാൻ തൽക്ഷണേന
ധിക്കാരത്തൊടു മേവും നരവരകുലകാലൻ ജരാസന്ധ വീരൻ
സൽക്കാരം ചെയ്തു മായാര്‍മയ ധരണിസുരന്മാരൊടിത്ഥം ബഭാഷേ
പദം
ഭൂസുര ശിരോമണികളാം -നിങ്ങളുടെ-
ഭാസുര പദങ്ങൾ കലയേ
യാതൊരു പ്രദേശമിന്നലംകൃതം നിങ്ങളാൽ
മോദേന ചൊൽവിനഭി- (അഭി)വാഞ്ചിതമതൊക്കെയും
ദിക്കുകളിലൊക്കെയധുനാ നമ്മുടയ-
ശക്തികൾ പുകഴ്ത്തുന്നില്ലേ?
മൽക്കരബലത്തൊടെതിർ- നില്പതിനു പാർക്കിലിഹ
ശക്തിനഹി ശക്രനും അതോർക്ക മമ വിക്രമം.
അരങ്ങുസവിശേഷതകൾ:
ജരാസന്ധന്റെ തിരനോക്ക്. തിരനോട്ടശേഷം വീണ്ടും തിരതാഴ്ത്തുമ്പോള്‍ ജരാസന്ധന്‍ രംഗമദ്ധ്യത്തിലെ പീഠത്തില്‍ ഉത്തരീയം വീശി ഇരിക്കുന്നു.
ജരാസന്ധന്‍:(എഴുന്നേറ്റ് സഭാവന്ദനം ചെയ്ത്, ആത്മഗതമായി) ‘എനിക്ക് ഏറ്റവും സുഖം ഭവിച്ചു. അതിന് കാരണമെന്ത്?’ (ആലോചിച്ച് മനസ്സിലാക്കിയിട്ട്) ‘എനിക്ക് തുല്യം ബലവീര്യപരാക്രമിയായി ഇന്ന് ലോകത്തില്‍ ആരാണുള്ളത്? ഒരുത്തരുമില്ല. അതുകൊണ്ട് എനിക്ക് ഏറ്റവും സുഖം ഭവിച്ചു. എന്നാല്‍ ഞാന്‍ ഇത്ര പരാക്രമിയാവാന്‍ കാരണം എന്ത്?’ (ഓര്‍ത്തിട്ട്) ‘അതെ, ത്രൈലോക്യനാഥനായുള്ള മഹേശ്വരന്റെ അനുഗ്രഹം തന്നെ കാരണം. അതുകൊണ്ട് ഞാനാകട്ടെ നമ്മുടെ ശത്രുക്കളായുള്ള സകല രാജാക്കന്മാരേയും യുദ്ധത്തില്‍ ജയിച്ച് ഇവിടെ കാരാഗ്രഹത്തില്‍ കെട്ടിയിട്ടു കഴിഞ്ഞു. എന്നെ ഭയന്ന് യാദവന്മാര്‍ ഓടിപ്പോയി. എന്റെ ഭുജബലത്തോട് എതിരിടുവാന്‍ മായാവിയായ കൃഷ്ണനും സാധിച്ചില്ല. ഇങ്ങിനെ സര്‍വ്വ രാജാക്കന്മാരുടേയും നാഥനായി ഞാന്‍ ഭൂമിയെ മുഴുവന്‍ അധീനമാക്കി’ (വീണ്ടും പീഠത്തിലിരുന്ന് ഉത്തരീയം വീശവേ വലുതായ ശബ്ദം കേട്ട് ഞെട്ടി എഴുന്നേറ്റിട്ട്) ‘എന്താണ് വലുതായ ശബ്ദം കേട്ടത്? എന്റെ ഗോപുരദ്വാരിയില്‍ സ്ഥാപിച്ചിരിക്കുന്ന പെരുമ്പറകള്‍ ആരോ അടിച്ച് പൊട്ടിച്ചതാണോ? അവ പൊട്ടുന്ന ദിവസം അനിക്കൊത്ത എതിരാളി വരുമെന്ന് പണ്ട് പിതാവ് അരുളിയിട്ടുണ്ട്. ആരാണ് അവ തകര്‍ത്തത്?’ (പിന്മാറി തിരിഞ്ഞ് മുമ്പിലേയ്ക്ക് വന്ന് സൂക്ഷിച്ച് നോക്കിയിട്ട്) ‘ആരാണ് ദൂരെനിന്നും എന്റെ നേരേ വരുന്നത്? മൂന്ന് ബ്രാഹ്മണരാണോ? അതെ, പൂണൂല്‍ ഉണ്ട്. എന്നാല്‍ ബ്രാഹ്മണര്‍ ഇത്തരത്തിലുള്ള വസ്ത്രാഭരണങ്ങള്‍ അണിയുന്നത് മുന്‍പ് കണ്ടിട്ടില്ല. തന്നെയുമല്ല ഇവരെ കണ്ടാല്‍ ക്ഷാത്രവീര്യം മൂര്‍ത്തീകരിച്ച് പ്രത്യേക്ഷമായതാണോ എന്നുതോന്നുകയും ചെയ്യുന്നു. എങ്കിലും ഇവര്‍ ബ്രാഹ്മണര്‍ തന്നെ. ഇതാ അവര്‍ എന്റെ സമീപത്തേയ്ക്കു വരുന്നു. ഇനി അവരെ സല്‍ക്കരിച്ച് വന്നകാര്യം ചോദിച്ചറിയുക തന്നെ.’
ജരാസന്ധന്‍ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ തിര ഉയര്‍ത്തുന്നു.
[ ജരാസന്ധന്റെ തന്റേടാട്ടത്തില്‍ ചില നടന്മാര്‍ മനോധര്‍മ്മാനുശ്രുതമായി സ്വന്തം ജനന കഥ കൂടി ആടാറുണ്ട്.
ജരാസന്ധന്റെ ഉല്‍പ്പത്തി-
മഗധരാജാവായ ബൃഹദ്രഥന് കാശീരാജാവിന്റെ പുത്രിമാരായ രണ്ട് പത്നിമാരുണ്ടായിരുന്നു. ഇദ്ദേഹം സന്തതിയില്ലായ്കയാല്‍ വംശനാശം ഭയന്ന് വളരെ ദു:ഖിതനായി കഴിഞ്ഞുവന്നു. ഒരിക്കല്‍ ചണ്ഡകൌശികന്‍ എന്ന ഒരു മഹര്‍ഷിയെ കാണാനിടയായപ്പോള്‍ ബൃഹദ്രഥന്‍ തന്റെ സങ്കടം അദ്ദേഹത്തോട് ഉണര്‍ത്തിച്ചു. രാജാവിന് ആ താപസന്‍ ഒരു മാമ്പഴം നല്‍കുകയും, ‘ഈ ദിവ്യഫലം പത്നിക്കു നല്‍കുക,നിന്റെ അഭീഷ്ടം സിദ്ധിക്കും’ എന്ന് പറഞ്ഞ് അനുഗ്രഹിക്കുകയും ചെയ്തു. മഗധാധിപന്‍ ആ പഴം രണ്ടാക്കി ഭാഗിച്ച് തന്റെ രണ്ടു ഭാര്യമാര്‍ക്കും നല്‍കി. അതു ഭക്ഷിച്ച രാജപത്നിമാര്‍ രണ്ടുപേരും മഹര്‍ഷിയുടെ അനുഗ്രഹഭലമായി താമസിയാതെതന്നെ ഗര്‍ഭം ധരിച്ചു. എന്നാല്‍ ഗര്‍ഭപൂര്‍ത്തിയായപ്പോള്‍ ഇരുവരും പ്രസവിച്ചത് ഒരു ശിശുവിന്റെ പകുതി ദേഹം വീതമായിരുന്നു. രാജാവും പത്നിമാരും പൂര്‍വ്വാധികം ദു:ഖിതരായിതീര്‍ന്നു. രാജനിർദ്ദേശാനുസ്സരണം കിങ്കരന്മാര്‍ ശിശുദേഹങ്ങള്‍ സ്മശാനത്തില്‍ നിക്ഷേപിച്ചു. ഈ സമയത്ത് ശവംതിന്നു നടന്നിരുന്ന ജര എന്നൊരു വൃദ്ധരാക്ഷസി ഈ മാംസപിണ്ഡങ്ങള്‍ കാണാനിടയായി. അവള്‍ ഇവ ഒരുമിച്ച് കൈയ്യിലെടുത്ത് ഭക്ഷിക്കാനൊരുങ്ങവെ ആ അര്‍ദ്ധദേഹങ്ങള്‍ കൂടിച്ചേരുകയും ജീവചൈതന്യം ഉണ്ടാവുകയും ചെയ്തു. സംഗതികള്‍ മനസ്സിലാക്കിയ ജര സുന്ദരീവേഷം ധരിച്ച് ശിശുവിനെ രാജാവിന് കാഴ്ച്ചവെയ്ച്ചു. ആനന്ദഭരിതനായ മഗധാധീശനും പത്നിമാരും ബാലനെ സംരക്ഷിച്ച് വളര്‍ത്തി. ഇപ്രകാരം ജരയാല്‍ സന്ധിപ്പിക്കപ്പെട്ടവനാകയാല്‍ ബാലന് ‘ജരാസന്ധന്‍’ എന്ന് പേര്‍ സിദ്ധിച്ചു.]
ജരാസന്ധന്റെ തന്റേടാട്ടത്തില്‍ ചില നടന്മാര്‍ മനോധര്‍മ്മാനുശ്രുതമായി പെരുമ്പറകളുടെ ഉത്ഭവകഥയും ആടാറുണ്ട്.
പെറുമ്പറകളുടെ ഉത്ഭവകഥ-
ജരാസന്ധന്‍ പ്രായപൂര്‍ത്തിയായതോടെ പിതാവായ ബൃഹദ്രഥന്‍ രാജ്യഭാരം പുത്രനുനല്‍കി പത്നിമാരോടൊനിച്ച് വാനപ്രസ്ഥത്തിനായി ഗമിച്ചു. അദ്ദേഹം ഇങ്ങിനെ ചണ്ഡകൌശികന്റെ ആശ്രമത്തില്‍ കഴിയുന്നകാലത്ത് ഒരിക്കല്‍ ഗജരൂപത്തിലെത്തിയ ഋഷഭന്‍ എന്നു പേരായ ഒരു അസുരനുമായി ഏറ്റുമുട്ടാനിടയായി. ഋഷഭനെ വധിച്ച ബൃഹദ്രഥന്‍ അവന്റെ ചര്‍മ്മം ഉപയോഗിച്ച് മൂന്ന് വലിയ പെരുമ്പറകള്‍ നിര്‍മ്മിച്ച് തന്റെ നഗരിയുടെ കവാടത്തില്‍ സ്ഥാപിച്ചു. ഈ പെരുമ്പറയില്‍ ഒന്ന് മുട്ടിയാല്‍ അതിന്റെ മുഴക്കം ഏതാണ്ട് ഒരുമാസം വരേയ്ക്കും നീണ്ടുനില്‍ക്കുമത്രേ!
അനുബന്ധ വിവരം:
സാക്ഷാദ്വൈകുണ്ഠവാസീ:- 10 , 2 താളവട്ടം കൂട്ടിപാടുന്നു.
ഭൂസുര ശിരോമണികളാം: 5-താളവട്ടം പദം, കലാശം – ആകെ 6 താളവട്ടം