രംഗം 5 – രൈവതവനം

ആരിവനഹോ സമരഘോരബലനെത്രയും

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പ

ആട്ടക്കഥ: 

രാജസൂയം (വടക്കൻ)

കഥാപാത്രങ്ങൾ: 

വിവിദൻ

ശ്ലോകം
ഇത്ഥം നീലാംബരൻ തൻ രമണികളോടൊത്തുടൻ രൈവതത്തിൽ
പ്രീത്യാമദ്യം സുപീത്വാ സുഖതരമവിടെ ക്രീഡചെയ്യും ദശായാം
അത്രാസീദ്വാനരേന്ദ്രൻ നരകനുടെ സഖാ തദ്വധാമർഷശാലീ
മത്താത്മാ വീക്ഷ്യരാമം വിവിദനതിഖലൻ ചിന്തചെയ്താനിവണ്ണം

 പദം
ആരിവനഹോ സമരഘോരബലനെത്രയും
ധീരത നടിച്ചു മരുവുന്നു വിപിനാന്തേ
അത്ര മമ ഘോരവനമാക്രമം ചെയ് വതിനു
ശക്തരായാരുള്ളു ഇത്രിഭുവനത്തിൽ?
സുരപതി മഹേന്ദ്രനോ സുന്ദരനിവൻ പാരം?
സുഭഗനതിഗഭീരൻ അഖിലഗുണപൂരുഷൻ
രവിസദൃശനിവനുടയ രൗദ്രമതു കാൺകയാൽ
സഭയമിഹ സത്വങ്ങൾ സകലമിളകുന്നു
മത്തഗജയൂഥമിഹ മൃത്യുഭയമാർന്നധികം
ആർത്തരായോടുന്നു ശക്തനിവനാരഹോ
ശൗര്യം വെടിഞ്ഞു ബഹു ശാർദ്ദൂലസിംഹമിവ
ഭീരുതയോടും വിപുല ഗുഹകളിലൊളിക്കുന്നു.
ചാരുമുഖിമാരായ നാരികളൊടിടചേർന്നു
സ്വൈരം രമിക്കുമിവൻ നരകരിപുതാനോ?
(കാലം ഇരട്ടിച്ച്)
ആരെങ്കിലും വിരവൊടിവനെ ഹതിചെയ്തു ഞാൻ
ചാരുമുഖിമാരെയും കൊണ്ടുപോന്നീടുവൻ.

അരങ്ങുസവിശേഷതകൾ: 

വിവിദന്റെ തിരനോക്ക്. ആട്ടം – ‘കഷ്ടം തന്നെ. എന്റെ സുഹൃത്തായിരുന്ന ആ നരകാസുരൻ മരിച്ചു പോയി. അദ്ദേഹത്തെ കൊന്ന ആ ദുഷ്ടനെ കയ്യിൽ കിട്ടിയാൽ ഞാൻ പൊടിയാക്കും.‘  ശ്രദ്ധിച്ച്- ‘ഈ വനത്തിൽ മാനുഷഗന്ധം വരുവാൻ കാരണമെന്ത്? ഇവിടെ വന്ന് വിഹരിക്കുവാൻ ആർക്കാണ് ധൈര്യമുള്ളത്?‘ സഞ്ചരിച്ച് നോക്കിക്കണ്ട്- ‘ ഇവർ ആരാണ്? ഇതാ ചില സുന്ദരിമാരും ഒരു പുരുഷനും. ഇവരോടു കൂടി നിർഭയം വിലസുന്ന ഇവർ ആരണ്? അന്വേഷിച്ച് അറിയുക തന്നെ‘ . നാലാമിരട്ടിയെടുത്ത് ശേഷം പദം ആടുന്നു.