സുകുമാര നന്ദകുമാര വരിക അരികിൽ നീ മോദാൽ

രാഗം: 

ആനന്ദഭൈരവി

താളം: 

ത്രിപുട

ആട്ടക്കഥ: 

പൂതനാമോക്ഷം

കഥാപാത്രങ്ങൾ: 

ലളിത

സുകുമാര! നന്ദകുമാര!

വരിക അരികിൽ നീ മോദാൽ

കൊണ്ടൽനിര കൊതികോലും

കോമളമാം തവ മേനി

കണ്ടിടുന്ന ജനങ്ങടെ

കണ്ണുകളല്ലൊ സഫലം

കണ്ണുനീർ കൊണ്ടു വദനം

കലുഷമാവാനെന്തു മൂലം

തൂർണ്ണം ഹിമജലംകൊണ്ടു

പൂർണ്ണമാമംബുജം പോലെ

പൈതലെ! നിനക്കു പാരം

പൈദാഹമുണ്ടെന്നാകിലോ

പ്രീതിയോടെന്മുലകളെ-

താത! പാനം ചെയ്താലും

പല്ലവമൃദുലമാകും പാദം

പാണികൊണ്ടെടുത്തു

മെല്ലവെ മുഖത്തണച്ചു

മന്ദം പുഞ്ചിരി തൂകുന്നു

അരങ്ങുസവിശേഷതകൾ: 

ചെമ്പട 16ലും പതിവുണ്ട്. 

ഇവിടെ പദശേഷം ഒരു ചെറിയ ആട്ടം പതിവുണ്ട്:-

(ഈ ആട്ടം കലാകാരന്റെ മനോധർമ്മപ്രകാരം മാറുന്നതാണ്. ഒരു സാമാന്യരൂപം ഇവിടെ ചേർക്കുന്നു.)

‘ഹോ ഇതുപോലെ സുന്ദരനായ ഒരു ബാലനെ ഞാൻ ഇതിനു മുൻപ് എവിടേയും കണ്ടിട്ടില്ല.’ (കുറച്ചു നേരം ലാളിച്ചു) ‘ഞാൻ ഇവിടെ വന്ന കാര്യം മറന്നുപോയല്ലൊ. ഈ കുട്ടിയെ കൊല്ലാനോ!?..വയ്യ.’ (വിചാരിച്ച് പേടിച്ച്) ‘ഇതിനെ കൊല്ലാതെ പോയാൽ ആ കംസൻ എന്റെ തലവെട്ടും എന്ന് ഉറപ്പ്.’ (രൂക്ഷമായി കൂട്ടിയെ എടുക്കാൻ പോകുന്നു, പക്ഷെ പിന്നെയും വാത്സല്യം തോന്നുന്നു, അല്പം ആലോചിച്ച്) ‘ഞാൻ മരിച്ചാലും സാരമില്ല. ഈ കുട്ടിയെ എനിക്ക് കൊല്ലാൻ സാദ്ധ്യമല്ല. തിരിച്ച് പോകുക തന്നെ.’ (പതിയെ പിന്മാറുന്നു, പാതി വഴി പോയി തിരിഞ്ഞ് വന്ന് രൂക്ഷതയോടെ) ‘ഇല്ല്യാ..ഞാൻ ഇതിനു മുൻപ് എത്ര എത്ര കുട്ടികളെ കഴുത്ത് ഞെരിച്ച് കൊന്നിട്ടുണ്ട്, പിന്നെ ഈ ഒരു കുട്ടിയോട് മാത്രം എന്തിനു ഇത്ര വാത്സല്യം!? പറ്റില്ല. വേഗം ഇവനേയും കൊല്ലുക തന്നെ. (ആലോചിച്ച്) ‘സ്തനങ്ങളിൽ വിഷം പുരട്ടി ഇവനെ കുടിപ്പിക്കുക തന്നെ.’ (നാലുപുറവും ആരുമില്ലെന്ന് ഉറപ്പ് വരുത്തി, കുട്ടിയെ എടുത്ത് നിലത്തിരുന്ന്, സ്തനങ്ങളിൽ വിഷം പുരട്ടി, സാവധാനം മുലയൂട്ടുന്നു. ആനന്ദം നടിച്ച്) ‘ഇവന്റെ അമ്മ എന്തൊരു പുണ്യവതി’ (മുലകൊടുത്തുകൊണ്ട് ഇരിക്കുമ്പോൾ ക്രമേണ ഓരോരോ ദേഹാസ്വാസ്ഥ്യങ്ങൾ നടിച്ച്,  കുട്ടിയെ മുലയിൽ നിന്നും വിടുവിക്കാൻ ശ്രമിക്കുന്നു. വേദന സഹിക്കവയ്യാതെ ആകുമ്പോൾ മുഖത്തു കരിതേച്ച് ലളിതവേഷം വിട്ട് സ്വന്തം രൂപത്തിലേയ്ക്ക് മാറിയതായി ഭാവിച്ച് മുടി കടിക്കുകയും ദംഷ്ട്രകാട്ടി അലറുകയും ചെയ്തുകൊണ്ട് പൂതന അങ്ങുമിങ്ങും ഓടുന്നു. ഒടുവിൽ വിഷ്ണുരൂപം കാണുന്നതായി നടിച്ച് പിന്നോക്കം മരിച്ചു വീഴുന്നു.) 

ഇതാണ് ഈ ആട്ടക്കഥയുടെ ഇപ്പോഴത്തെ അവതരണരീതി.

മനോധർമ്മ ആട്ടങ്ങൾ: 

പൂതനാമോക്ഷം ലളിത പൂതന