പരഭക്തിപൂർവം പണിയുന്നു ചേവടി

രാഗം: 

സാവേരി

താളം: 

അടന്ത

ആട്ടക്കഥ: 

നിഴൽക്കുത്ത്

കഥാപാത്രങ്ങൾ: 

ധർമ്മപുത്രർ

ഭസിതലസിതഗാത്രാ വഹ്നിവിദ്യോതനേത്രാ

വിധൂഗളദമൃതാർദ്രാ ധ്യാനയോഗേ വിനിദ്രാഃ

അഥ ഗീരീശ്സദൃക്ഷാഃ കേചിതാപുസ്സദീക്ഷാ

നിശിചരധുതസത്രാസ്താപസാ മിത്രപൗത്രം

പരഭക്തിപൂർവം പണിയുന്നു ചേവടി

പരഹംസ്യാഗ്ര്യരേ! ഇന്നു ഞാൻ.

പരമാർത്ഥമറിഞ്ഞേവം പരിശോഭിച്ചിടും നിത്യ-

പരിശുദ്ധരുടെ വേഴ്ച പുരുഷാർത്ഥപ്രദമത്രേ.

സുരനദിമുതലായോരരിയ തീർത്ഥജാലങ്ങ-

ളരികിൽ ചെല്ലുവോർക്കുള്ള ദുരിതം മാത്രമേ പോക്കൂ.

പരമകാരുണികരായ് ചരിക്കും തീർത്ഥപാദന്മാർ

വിരഞ്ഞെത്തി നരർക്കുള്ള പുരുപാപം നശിപ്പിക്കും.

കമനീകാഞ്ചനരൂപതിമിനക്രഭയങ്കര-

മുപതാപബാഡവാഗ്നിദവഥുവ്യഥാസങ്കുലം

ജനിനാശോർമ്മിമാലമിബ്ഭവസാഗരമദ്വൈത-

പരബോധപ്ലവമേറിത്തരിച്ച ഭാഗ്യവാന്മാരേ!

പുരി മേ പാദപംസുവാൽ പരിപാവനമാക്കുവാൻ

തിരുവുള്ളമുദിച്ചതിനൊരുകാരണമെന്തഹോ?

അരുളിച്ചെയ്യേണമതുമറിവിലുമറിവിനെ-

യറിയുന്നോർ കാമമേതും നിറവേറ്റുന്നതേ ധർമ്മം