രംഗം മൂന്ന്

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

മാതലിയോടൊപ്പം അർജ്ജുനൻ ഇന്ദ്രസന്നിധിയിൽ എത്തുന്നു. തന്റെ പിതാവായ ഇന്ദ്രനെ കാണാനായതിനാൽ തന്റെ ജന്മം സഫലമായിരിക്കുന്നു എന്നും, ശത്രുക്കളെ നശിപ്പിയ്ക്കാനുള്ള കഴിവുണ്ടാവാനായി ഒന്ന് അനുഗ്രഹിക്കണമെന്നും അർജ്ജുനൻ ഇന്ദ്രനോട് പറയുന്നു. ഇന്ദ്രപുത്രനായ ജയന്തന് ഈർഷ്യയുളവാക്കുമാറ് ദേവേന്ദ്രൻ തന്റെ അർദ്ധാസനം അർജ്ജുനനു നൽകുന്നു. ചിരകാലം സസുഖം വാഴുവാൻ ഇന്ദ്രൻ പുത്രനെ അനുഗ്രഹിയ്ക്കുന്നു. ഇത്രയുമാണ് മൂന്നാം രഗത്തിന്റെ ഉള്ളടക്കം. തോടി രാഗത്തിലുള്ള ‘ജനകതവദർശനാൽ’ എന്ന പതിഞ്ഞപദത്തിന്റെ ആവിഷ്കാരമാണ് ഈ രംഗത്തിന്റെ ആകർഷണീയമാക്കുന്നത്.

അനുബന്ധ വിവരം: 

മൂന്നാംരംഗത്തിന്റെ അവതരണത്തില്‍ തെക്കന്‍ ചിട്ടയിലുള്ള പ്രധാന വെത്യാസങ്ങള്‍: രംഗാന്ത്യത്തിലെ ആട്ടം ഇങ്ങിനെയാണ്: അര്‍ജ്ജുനന്‍:(ഇരിക്കുന്ന ഇന്ദ്രനെ കെട്ടിചാടി കുമ്പിട്ടിട്ട്) ‘അല്ലയോ പിതാവേ, എനിക്ക് ഇവിടെ വരുവാനും അങ്ങയെ കണ്ടു വന്ദിക്കുവാനും ഭാഗ്യം സിദ്ധിച്ചത് ദേവനാഥനായ ഇവിടുത്തേയും ലോകനാഥനായ ശ്രീകൃഷ്ണന്റേയും കാരുണ്യം കൊണ്ടുതന്നെ. ഇനി പുലോമജയായ അമ്മയെ കണ്ടുവന്ദിപ്പാനും സ്വര്‍ഗ്ഗലോകം സഞ്ചരിച്ച് കാണുവാനും എനിക്ക് കല്പന തരേണമേ’ ഇന്ദ്രന്‍:‘അല്ലയോ അര്‍ജ്ജുനാ, നിന്നെകൊണ്ട് ദേവലോകത്ത് പലകാര്യങ്ങള്‍ സാധിക്കേണ്ടതായുണ്ട്. അതിനാല്‍ കുറച്ചുകാലം ഇവിടെ വസിക്കുക.‘ (ജയന്തനോട്) ‘എടോ പുത്രാ, ഇവനെ അമ്മയുടെ വസതിയിലേക്ക് കൂട്ടികൊണ്ടുപോയാലും.’ ഇന്ദ്രന്‍ അനുഗ്രഹിച്ച് അര്‍ജ്ജുനനെ യാത്രയാക്കിക്കൊണ്ട് നിഷ്ക്രമിക്കുന്നു. അര്‍ജ്ജുനന്‍ തിരിഞ്ഞ് ജയന്തനെ കണ്ട്, തൊഴുത്, കൈകോര്‍ത്തുപിടിച്ച് വട്ടംവെച്ച്, വൈജയന്തം കണ്ടതായി നടിച്ച് നിഷ്ക്രമിക്കുന്നു.