മഹാഭാരതത്തിലെ ‘ഇന്ദ്രലോകാഭിഗമനപര്‍വ്വ’ത്തില്‍ രംഗവിഭജനം നടത്തിയും, വിവിധരസാവിഷ്ക്കരണങ്ങള്‍ക്ക് അവസരങ്ങളോരുക്കിക്കൊണ്ടും, വേഷവൈവിധ്യവും സംഭവവൈചിത്ര്യവും പ്രകടമാക്കത്തക്കരീതിയിലുമുള്ള ചില പുതിയ സന്ദര്‍ഭങ്ങള്‍ വിഭാവനം ചെയ്തുകൊണ്ടുമാണ് തമ്പുരാന്‍ ഈ ആട്ടക്കഥ തയ്യാറാക്കിയിരിക്കുന്നത്.
1.മൂലകഥയില്‍ ഇന്ദ്രന്‍ തന്നെ സ്വര്‍ഗ്ഗത്തിലേക്കുക്ഷണിക്കുന്ന വിവരം മാതലിപറഞ്ഞിട്ടല്ല അര്‍ജ്ജുനന്‍ ആദ്യമായി അറിയുന്നത്. ഇന്ദ്രന്‍ ഹിമാലയത്തിലെത്തി തപസ്സിനായി പുറപ്പെട്ട അര്‍ജ്ജുനനെ കണ്ട് ആഭിനന്ദിക്കുകയും സ്വര്‍ഗ്ഗത്തിലേയ്ക്ക് ക്ഷണിക്കുകയും അതുനുമുന്‍പായി ശ്രീപരമേശ്വരനെ തപസ്സുചെയ്ത് വരങ്ങള്‍ സമ്പാദിക്കുവാന്‍ നിദ്ദേശിക്കുന്നതായും ഭാരതത്തില്‍ പറയുന്നുണ്ട്. ഇന്ദ്രന് പുത്രനിലുള്ള അഭിമാനവും, അവനെ കാണാനുള്ള അതിയായ ആകാംക്ഷയും പ്രകടിപ്പിക്കുവാനുള്ള സാധ്യത ആദ്യരംഗത്തിലും, അപരിചിതനായ ഒരുവന്റെ പ്രശംസകേട്ട് അര്‍ജ്ജുനന് ‘സലജ്ജോഹം’ ആടുവാനുള്ള അവസരം രണ്ടാംരംഗത്തിലും സൃഷ്ടിക്കുകയാണ് ആട്ടകഥാകൃത്ത് ഈ മാറ്റത്തിലൂടെ സൃഷ്ടിച്ചിരിക്കുന്നത്. ഇതു കൂടാതെ മൂലകഥയിലുള്ളതിലും പ്രാധാന്യം മാതലിയെന്ന കഥാപാത്രത്തിന് കൈവരുത്തുവാനും, മൂന്നാം രംഗത്തിലെ പിതൃപുത്ര സമാഗമം കൂടുതല്‍ നിര്‍വൃതിദായകമാക്കിതീര്‍ക്കുവാനും ഈ ചെറിയ വെതിയാനത്താല്‍ സാധ്യമായി.
2.സ്വര്‍ഗ്ഗസ്ത്രീകളെ അപഹരിക്കാന്‍ വന്ന വജ്രകേതു, വജ്രബാഹു എന്നീ അസുരന്മാരേ അര്‍ജ്ജുനന്‍ ഹനിച്ചതായ വൃത്താന്തം മൂലകഥയില്‍ ഇല്ല. തമ്പുരാന്‍ ഈ ചുവന്നതാടി വേഷങ്ങളെ പ്രവേശിപ്പിച്ച് ഇവിടെ ഒരു യുദ്ധരംഗം ഘടിപ്പിച്ചതിന്റെ ലക്ഷ്യം കഥാഗതി ഒന്നു ചടുലമാക്കുക എന്നതായിരിക്കാം. ഇതിലൂടെ തമ്പുരാന്‍ തുടര്‍ച്ചയായി വരുന്ന പതിഞ്ഞകാലത്തിലുള്ള രംഗങ്ങളുടെ വിരസത ഒഴിവാക്കുക മാത്രമല്ല, ആദ്യഭാഗത്തെ അര്‍ജ്ജുനവേഷം കെട്ടുന്ന നടന് തന്റെ ഊര്‍ജ്ജം നന്നായി ചിലവഴിച്ച് ചടുലമായ ഒരു യുദ്ധരംഗം ചെയ്ത് പിന്‍വാങ്ങുവാനുള്ള അവസരവുമാണ് ഒരുക്കുന്നത്.
3.ഉര്‍വ്വശിക്ക് കാമാർത്തയായി അര്‍ജ്ജുനനെ സമീപിച്ചതായിട്ടല്ല ഭാരതത്തില്‍ പറയുന്നത്. ദേവസഭയില്‍ വെച്ച് അര്‍ജ്ജുനന്റെ നോട്ടം ഉര്‍വ്വശിയില്‍ പതിയുന്നതായി കണ്ട ഇന്ദ്രന്‍, ചിത്രസേനന്‍ വഴി അര്‍ജ്ജുനന്റെ സമീപത്തേക്കു ചെല്ലുവാന്‍ ഉര്‍വ്വശിയെ പ്രേരിപ്പിക്കുന്നതായും, അങ്ങിനെ ഉർവ്വശി അര്‍ജ്ജുനനെ സമീപിക്കുന്നതായുമാണ് മഹാഭാരതത്തില്‍ പ്രസ്താപിച്ചിരിക്കുന്നത്. വജ്രകേതു, വജ്രബാഹുക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കുന്ന അര്‍ജ്ജുനനില്‍ കാമമുളവായി ഉര്‍വ്വശി വിജയനെ സമീപിക്കുന്നതായാണ് ആട്ടകഥയില്‍ ചിത്രീകരിച്ചിരിക്കുന്നത്. അർജ്ജുനന്റെ വീരോത്കർഷത്തിനനുഗുണമായി തമ്പുരാൻ വരുത്തിയ മാറ്റമാണിത്.
4.മഹാഭാരതത്തില്‍ നിവാതകവചന്മാരും കാലകേയന്മാരും അനേകകോടികളായി വര്‍ണ്ണിക്കുന്ന അസുരപ്പടകളാണ്. നിവാതകവചന്മാരെന്ന അസുരന്മാർ മുന്നൂറുകോടിയുണ്ടെന്നാണ് മഹാഭാരതം പറയുന്നത്. ആട്ടകഥയില്‍ രംഗപ്രയോഗ സൌകര്യാര്‍ത്ഥം ഇവരെ പ്രതിനിധീകരിക്കുന്ന ഓരോ അസുരനായകന്മാരായി നിവാതകവചനേയും കാലകേയനേയും അവതരിപ്പിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്.
5.നിവാതകവചരെ ഒരു മാനുഷന്‍ വധിച്ചതായുള്ള വിവരമറിഞ്ഞ് കാലകേയന്മാര്‍ അര്‍ജ്ജുനനോട് യുദ്ധത്തിനുവരുന്നതായല്ല ഭാരതത്തില്‍ പറഞ്ഞിട്ടുള്ളത്. നിവാതകവചരെ നിഗ്രഹിച്ച് മടങ്ങുംവഴി കണ്ട വലിയ കോട്ട, കാലകേയന്മാരുടേതാണെന്ന് മാതലിയില്‍ നിന്നും മനസ്സിലാക്കിയ അര്‍ജ്ജുനന്‍ അവരേയും നശിപ്പിക്കുവാന്‍ തീര്‍ച്ചയാക്കി, എന്നാണ് മഹാഭാരതത്തില്‍ കാണുന്നത്.
6.കാലകേയനുമായുള്ള യുദ്ധത്തില്‍ മോഹാലസ്യപ്പെട്ടുവീണ അര്‍ജ്ജുനനെ ഉണര്‍ത്തി ശക്തനാക്കാനായി നന്ദികേശ്വരന്‍ വരുന്നതായി മൂലകഥയില്‍ കാണുന്നില്ല. ഒരു വെള്ളത്താടി വേഷത്തേക്കൂടി അരങ്ങിലെത്തിക്കുക എന്നതാവാം ഈ മാറ്റത്തിന്റെ ലക്ഷ്യം. എന്നാല്‍ ഈ മാറ്റത്തിലൂടെ കഥാന്ത്യത്തില്‍ നായക കഥാപാത്രത്തിന്റെ പ്രഭാവത്തില്‍ ഒരു ക്ഷതം സംഭവിച്ചു എന്ന് പറയാതെ തരമില്ല.