മൂഢാ നീമതിയാകുമോ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

കാലകേയൻ

ശ്രുത്വാസുഹൃന്നിധനമാത്തശരാസിചാപോ
ഗത്വാജവേനചതുരംഗബലൈസ്സമേത:
മദ്ധ്യേവിയൽപഥമമുംന്യരുണൽസദൈത്യോ
മൃത്യോർവശംകിലഗതോനിജഗാദപാർത്ഥം.26

പല്ലവി:
മൂഢാനീമതിയാകുമോമുന്നിൽനിന്നീടാൻ
മൃഢാനീമതിയാകുമോ

ചരണം 1:
മർത്ത്യനായനീയിന്നുദൈത്യരോടുപോർചെയ്കിൽ
ശക്തനായഹരിയോടെതിർക്കുമതി-
മുഗ്ദ്ധമായമൃഗമെന്നുവന്നുഭുവി

അർത്ഥം: 

ശൃത്വാ:
സുഹൃത്തിന്റെ വധത്തെകേട്ട ആ ദൈത്യന്‍ ചാപബാണങ്ങളേന്തി ചതുരംഗസേനയോടുകൂടി മൃത്യുവിന് വശഗതനായപോലെ പെട്ടന്ന് പുറപ്പെട്ടുചെന്ന് പാര്‍ത്ഥനെ ആകാശമദ്ധ്യത്തില്‍ തടുത്ത് ഇങ്ങിനെ പറഞ്ഞു.

മൂഢാ നീ മതിയാകുമോ:
മൂഢാ, മുന്നില്‍ നിന്നീടാന്‍ നീ മതിയാകുമോ? മനുഷ്യനായ നീ ഇന്ന് ദൈത്യരോട് പോര്‍ചെയ്താല്‍, തീര്‍ച്ചയായും ഭൂമിയില്‍ മാന്‍ ശക്തനായ സിഹത്തോടെതിരിടും.

അരങ്ങുസവിശേഷതകൾ: 

അര്‍ജ്ജുനന്‍ ഇടതുഭാഗത്ത് പീഠത്തില്‍ ഇരിക്കുന്നു. കാലകേയനും ഭീരുവും വലത്തുവശത്തുകൂടി എടുത്തുകലാശത്തോടെ പ്രവേശിക്കുന്നു.
കാലകേയന്‍‍:(‘അഡ്ഡിഡ്ദിക്കിട’വെച്ച് മുന്നോട്ടുവന്ന് ഇരുവശങ്ങളിലും നോക്കിയശേഷം) ‘അര്‍ജ്ജുനന്‍ എവിടെ?’ (വിചാരിച്ചിട്ട്) ‘ആ, മനസ്സിലായി. സിംഹനാദം പോലെയുള്ള എന്റെ രഥശബ്ദം കേട്ട് ഭയന്ന് ഒളിച്ചിരിക്കുകയായിരിക്കും. തിരഞ്ഞുനോക്കുകതന്നെ’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി ഇടത്തേക്കുതിരിഞ്ഞ് അര്‍ജ്ജുനനെ കണ്ട് സമീപത്തുചെന്ന് ആപാദചൂടം വീക്ഷിച്ചിട്ട്) ‘അര്‍ജ്ജുനന്‍ ഇവന്‍ തന്നെയായിരിക്കുമോ? അര്‍ജ്ജുനന് ഇരുകൈകളിലും ഞാണ്‍‌തഴമ്പുണ്ടെന്ന് കേട്ടിട്ടുണ്ട്. നോക്കാം’ (കൈകളില്‍ നോക്കിയിട്ട്) ‘അതെ, അതെ, ഇവന്‍ അര്‍ജ്ജുനന്‍ തന്നെ’ (അര്‍ജ്ജുനനോടായി) ‘ഏടാ, എന്റെ സുഹൃത്തായ നിവാതകവചനെ നിഗ്രഹിച്ചത് നീയല്ലെ?’
അര്‍ജ്ജുനന്‍:‘ഞാന്‍ തന്നെ. എന്തു വേണം?’
കാലകേയന്‍:‘എന്നാല്‍ കണ്ടുകൊള്‍ക’
കാലകേയന്‍ നാലാമിരട്ടിചവുട്ടിയിട്ട്, പദം അഭിനയിക്കുന്നു.