രംഗം ഒന്നിൽ, അർജ്ജുനൻ ശിവനിൽ നിന്നും പാശുപതാസ്ത്രം വരമായി വാങ്ങിയ വാർത്ത അറിഞ്ഞ ദേവേന്ദ്രൻ തന്റെ പുത്രനായ അർജ്ജുനനെ കാണാൻ ആഗ്രഹിച്ചു. വലിയ ചില ദേവകാര്യങ്ങൾ പാർത്ഥന്റെ ബലവീര്യം കൊൺറ്റ് സാധിക്കേണ്ടതായി ഉണ്ട് എന്നും ഇന്ദ്രൻ ഓർത്തു. കൈലാസപാർശ്വത്തിൽ വാഴുന്ന അർജ്ജുനനെ കൂട്ടിക്കൊണ്ടുവരാനായി ദേവേന്ദ്രൻ തന്റെ സാരഥിയായ മാതലിയ്ക്കു കൽപ്പന നൽകുന്നതും. ഇന്ദ്രകൽപ്പനയനുസരിച്ച് മാതലി അർജ്ജുനനെ കൂട്ടിക്കൊണ്ടുവരുവാൻ ഇന്ദ്രന്റെ രഥവുമായി കൈലാസപാർശ്വത്തിലേയ്ക്ക് യാത്രതിരിയ്ക്കുന്നു.
രംഗം രണ്ടിൽ ഇന്ദ്രകൽപ്പനപ്രകാരം മാതലി അർജ്ജുനന്റെ സമീപം എത്തുന്നു. വീര്യവാനായിരിക്കുന്ന അർജ്ജുനനിൽ മാതലി പ്രശംസാവർഷം ചൊരിയുന്നു. പാശുപതാസ്ത്രവരലബ്ധി, ദ്രുപദരാജാവിന്റെ ബന്ധിച്ച് ദ്രോണർക്ക് നൽകിയ ഗുരുദക്ഷിണ, പാഞ്ചാലീപരിണയം എന്നീ അർജ്ജുനവീരകഥകൾ എടുത്തുപറഞ്ഞുകൊണ്ടുള്ള മാതലിയുടെ പ്രശംസാവചനങ്ങൾ കേട്ട്ന്താൻ ലജ്ജിയ്ക്കുന്നു എന്ന് അർജ്ജുനൻ പ്രതിവചിയ്ക്കുന്നു. ഈ ദിവ്യരഥം ആരുടേതാണെന്നും അങ്ങ് ആരാണെന്നുമുള്ള അർജ്ജുഅന്റെ ചോദ്യങ്ങൾക്കു മറുപടിയായി മാതലി താൻ ഇന്ദ്രസാരഥിയാണെന്നും ഇന്ദ്രകൽപ്പനപ്രകാരമാണ് താൻ വന്നിരിയ്ക്കുന്നത് എന്നും അർജ്ജുനനെ അറിയിക്കുന്നു. കുശലാന്വേഷണങ്ങൾക്കു ശേഷം ഇന്ദ്രരഥമേറി അർജ്ജുനനും മാതലിയും ദേവലോകത്തേയ്ക്കു യാത്രയാവുന്നു.
രംഗം മൂന്നിൽ മാതലിയോടൊപ്പം അർജ്ജുനൻ അമരാവതിപുരിയിൽ ഇന്ദ്രസന്നിധിയിൽ എത്തുന്നു. തന്റെ പിതാവായ ഇന്ദ്രനെ കാണാനായതിനാൽ തന്റെ ജന്മം സഫലമായിരിക്കുന്നു എന്നും, ശത്രുക്കളെ നശിപ്പിയ്ക്കാനുള്ള കഴിവുണ്ടാവാനായി ഒന്ന് അനുഗ്രഹിക്കണമെന്നും അർജ്ജുനൻ ഇന്ദ്രനോട് പറയുന്നു. ഇന്ദ്രപുത്രനായ ജയന്തന് ഈർഷ്യയുളവാക്കുമാറ് ദേവേന്ദ്രൻ തന്റെ അർദ്ധാസനം അർജ്ജുനനു നൽകുന്നു. ചിരകാലം സസുഖം വാഴുവാൻ ഇന്ദ്രൻ പുത്രനെ അനുഗ്രഹിയ്ക്കുന്നു.
രംഗം നാലിൽ ഇന്ദ്രസമ്മതപ്രകാരം മാതൃസ്ഥാനീയയായ ഇന്ദ്രാണിയെച്ചെന്നു കണ്ട് അർജ്ജുനൻ അനുഗ്രഹം വാങ്ങുന്നതാണ് ഈ രംഗത്തിലെ ഉള്ളടക്കം. വിജയം വരിക്കാനുള്ള ആശിസ്സ് ഇന്ദ്രാണി അർജ്ജുനനിൽ ചൊരിയുകയും സുഖവിവരങ്ങളന്വേഷിയ്ക്കുകയും ചെയ്യുന്നു. അവിടുത്തെ ദർശനം കൊണ്ട് ഞാൻ സുകൃതശാലികളിൽ പ്രഥമഗണനീയനായിത്തീർന്നിരിക്കുന്നുവെന്ന പ്രതിവചനത്തോടെ, അർജ്ജുനൻ ഇന്ദ്രാണിയെ വന്ദിയ്ക്കുന്നു. ശ്രീകൃഷ്ണന്റെ കാരുണ്യത്താൽ ഇനി നിങ്ങൾക്ക് നല്ലതു ഭവിയ്ക്കും എന്ന് ഇന്ദ്രാണി അനുഗ്രഹിയ്ക്കുന്നു. അർജ്ജുനന്റെ പദത്തിലെ അഷ്ടകലാശം എന്ന സവിശേഷനൃത്തശിൽപ്പം, ഇന്ദ്രാണിയിൽ നിന്നു പിരഞ്ഞശേഷം സ്വർഗം ചുറ്റിക്കാണുന്ന അർജ്ജുനൻ ചെയ്യുന്ന സ്വർഗ്ഗവർണ്ണന എന്നിവ ഈ രംഗത്തിനു ചാരുത പകരുന്നു. സ്വർഗ്ഗസ്ത്രീകളെ അപഹരിയ്ക്കാൻ വന്ന വജ്രകേതു – വജ്രബാഹുക്കളുണ്ടാക്കുന്ന കോലാഹലം ദർശിച്ച് അത് അന്വേഷിക്കാൻ അർജ്ജുനൻ തീരുമാനിയ്ക്കുന്നതോടെയാണ് സാധാരണ ഈ രംഗം അവസാനിയ്ക്കുന്നത്.
രംഗം അഞ്ചിൽ കഴിഞ്ഞ രംഗത്തിൽ അർജ്ജുനൻ ദേവലോകത്തെ അക്രമിക്കാൻ വരുന്നവരെ ജയിക്കുക തന്നെ എന്ന് നിശ്ചയിച്ച് കുത്തിമാറുന്നത് കണ്ടു. ഇവിടെ ദേവലോകത്തെ അക്രമിക്കാൻ വരുന്നവരുടെ രംഗം ആണിത്. വജ്രകേതു, വജ്രബാഹു എന്നിങ്ങനെ രണ്ട് അസുരന്മാർ ദേവലോകത്തെ അക്രമിച്ച് ദേവസുന്ദരികളെ പിടിച്ച് കൊണ്ടുപോകാൻ തുടങ്ങുന്നു. അർജ്ജുനൻ ആകട്ടെ ഇവരെ നേരിട്ട് തോൽപ്പിക്കുന്നു. ദേവസ്ത്രീകളെ മോചിപ്പിക്കുന്നു.
രംഗം ആറിൽ സ്വർഗ്ഗസുന്ദരിമാരിൽ പ്രധാനിയായ ഉർവ്വശി, അർജ്ജുനനെക്കണ്ട് കാമാർത്തയായി തന്റെ പാരവശ്യം സഖിയോട് പറയുന്നു. കാമദഹനത്തിനു ശേഷം കാമദേവതുല്യനായി ബ്രഹ്മാവ് നിർമ്മിച്ച അർജ്ജുനനിൽ താൻ അനുരക്തയാണ് എന്ന് ഉർവശി സഖിയോടു പറയുന്നു. പണ്ടു തപസ്സിളക്കാൻ ചെന്നു പരാജയപ്പെട്ടുപോരേണ്ടി വന്നത് ഓർമ്മിപ്പിച്ച് മനസ്സറിയാതെ കാമാധീനയാവരുത് എന്നു സഖി ഓർമ്മപ്പെടുത്തുന്നു. ഉർവ്വശി സഖിയോട് തന്റെ അനുരാഗം സഫലമാക്കുവാനുള്ള ഉപായം തേടുന്നു. ഏകാന്തത്തിൽ അർജ്ജുനന്റെ അടുത്തുചെന്ന് ഇംഗിതം അറിയിക്കാൻ സഖി ഉർവ്വശിയെ ഉപദേശിയ്ക്കുന്നു. ഇത്രയുമാണ് ഈ രംഗത്തിന്റെ സാരം.
രംഗം ഏഴിൽ, ഏറ്റവും ലളിതമായ പദവിന്യാസത്തോടുകൂടിയവളും, മനോഹരമായ അലങ്കാരങ്ങള്‍ കൊണ്ട് ശോഭിക്കുന്നവളും, മാധുര്യഗുണശീലയും, കണ്ടാല്‍ മാര്‍ദ്ദവമുള്ളവളെങ്കിലും ഉള്ളില്‍ കടുപ്പമുള്ളവളുമായ ഉര്‍വ്വശി സുന്ദരമായ കവിതയെന്നപോലെ വിജയസമീപം ചെല്ലുന്നു. എന്നിട്ട് വിവശീകൃതയായ ഉർവ്വശി, അർജ്ജുനനോട് തന്റെ ഇംഗിതം അറിയിക്കുന്നു. ഉർവ്വശിയോട് എന്നാൽ അർജ്ജുനന് വെറുപ്പാണുണ്ടായത്. അർജ്ജുനൻ ഉർവ്വശിയിൽ വിരക്തനായിത്തീർന്നു. മനുഷ്യരിലുള്ള ഭവതിയുടെ ആഗ്രഹം പരിഹാസ്യമാണെന്നും ഈ ബുദ്ധിഭ്രമം നല്ലതിനല്ലെന്നും അർജ്ജുനൻ പ്രതിവചിച്ചു. തന്റെ ആഗ്രഹത്തെ നിരസിച്ച അർജ്ജുനന്റെ വാക്കുകൾ കേട്ട് നിരാശയോടെ ഉർവ്വശി അർജ്ജുനനെ നപുംസകമായിത്തീരട്ടെ എന്നു ശപിച്ചു. ധീരനായ അർജ്ജുനൻ ഉർവ്വശീശാപത്താൽ ചിന്താപരവശനായിത്തീർന്നു. പുത്രദുഃഖമറിഞ്ഞ ഇന്ദ്രൻ അർജ്ജുനനെ സമാശ്വസിപ്പിച്ചു. ഉർവ്വശീശാപം നിനക്ക് ഉപകാരമായി വരും എന്ന് ഇന്ദ്രൻ അനുഗ്രഹിച്ചു. ഇത്രയുമാണ് ഈ രംഗത്തിന്റെ ഉള്ളടക്കം.
രംഗം എട്ടിൽ ഇന്ദ്രൻ രോമശമഹർഷിയെ വിളിച്ചുവരുത്തി ധർമ്മപുത്രസമീപം, അർജ്ജുനവൃത്താന്തം അറിയിക്കാനായി പറഞ്ഞയക്കുന്നു. ശേഷം ഇന്ദ്രന്‍ അര്‍ജ്ജുനനെ മന്ത്രസഹിതം ദിവ്യാസ്ത്രങ്ങള്‍ പഠിപ്പിച്ചു. അർജ്ജുനൻ ചിത്രസേനനില്‍ നിന്നും സംഗീതവും അഭ്യസിച്ച് സ്വര്‍ഗ്ഗത്തില്‍ സസുഖം നിവസിച്ചു.
രംഗം ഒമ്പതിൽ ഇന്ദ്രസഭയാണ്. ശസ്ത്രവിദ്യകളും മറ്റും പഠിച്ച അർജ്ജുനനോട് ഗുരുദക്ഷിണയായി ദേവശത്രുക്കളായ നിവാതകവചകാലകേയനെ നിഗ്രഹിക്കാൻ ഇന്ദ്രൻ ആവശ്യപ്പെടുന്നു.
രംഗം പത്തിൽ അർജ്ജുനൻ ദേവേന്ദ്രകൽപ്പന അനുസരിച്ച് യുദ്ധത്തിനായി പോകുന്നു. സമുദ്രതീരത്തുചെന്ന് കിരീടി ശത്രുവിന്റെ നേരെ ശംഖനാദം മുഴക്കി. തിരമാലകൾക്കുള്ളിലാണ് ഇവർ വസിക്കുന്നത് എന്ന് സങ്കൽപ്പം. അർജ്ജുനൻ അവരെ പോരിനു വിളിക്കുന്ന രംഗം ആണ് ഇത്.
രംഗം പതിനൊന്നിൽ നിവാതകവചൻ അർജ്ജുനനുമായി യുദ്ധത്തിനു വരുന്നു. അർജ്ജുനൻ പാശുപതാസ്ത്രം കൊണ്ട് നിവാതകവചനെ വധിക്കുന്നു.
രംഗം പന്ത്രണ്ടിൽ നിവാതകവചനെ കൊന്ന കാര്യം കാലകേയനോട് അസുരന്മാർ (ഭീരു) പറയുന്നു. മായാബലം കൊണ്ട് അർജ്ജുനനെ വധിക്കാമെന്ന് തീരുമാനിച്ച് സൈന്യസമേതം കാലകേയൻ പുറപ്പെടുന്നു.
രംഗം പതിമൂന്നിൽ അർജ്ജുനൻ സ്വർഗ്ഗത്തിലേക്ക് തിരിച്ച് പോകുമ്പോൾ കാലകേയൻ വന്ന് അർജ്ജുനനുമായി ഏറ്റുമുട്ടുന്നു. യുദ്ധാവസാനം കാലകേയന്‍ മായാവിദ്ധ്യയാല്‍ മറയുന്നു(പിന്നിലേക്ക് മാറുന്നു). വില്ലില്‍ ശരംതൊടുത്ത് അര്‍ജ്ജുനന്‍ കാലകേയനെ തിരയുന്നു. കാലകേയന്‍ പെട്ടന്ന് ഒളിഞ്ഞുനിന്ന്(പിന്നില്‍ വന്നു നിന്ന്) അര്‍ജ്ജുനനുനേരേ മോഹനാസ്ത്രമയക്കുന്നു. അര്‍ജ്ജുനന്‍ അസ്ത്രമേറ്റ് മോഹാലസ്യപെട്ട് നിലംപതിക്കുന്നു. കാലകേയന്‍ അര്‍ജ്ജുനന്റെ സമീപത്തുവന്ന് നോക്കി ചിരിക്കുന്നു. വീണ്ടും വില്ലുകൊണ്ട് അര്‍ജ്ജുനനെ പ്രഹരിച്ചിട്ട് കാലകേയന്‍, നിന്ദാമുദ്രയോടെ നിഷ്ക്രമിക്കുന്നു.
രംഗം പതിനാലിൽ, പാര്‍ത്ഥന്റെ ഈ അവസ്ഥയറിഞ്ഞ ശ്രീ പരമേശ്വരന്‍ നന്ദിശ്വരനോട് നിര്‍ദ്ദേശിച്ചു:‘നീ പോയി അര്‍ജ്ജുനനെ സഹായിക്കുക.‘ അതനുസ്സരിച്ച് നന്ദികേശ്വരന്‍ അര്‍ജ്ജുനസമീപത്തേക്ക് പോന്നു. അർജ്ജുനനെ മോഹനാസ്ത്രത്തിൽ നിന്നും മോചിപ്പിക്കുന്നു.
രംഗം പതിനഞ്ചിൽ ഹിരണ്യപുരത്തിൽ എത്തി നന്ദികേശ്വരൻ പോരിനു വിളിക്കുന്നു. ഈ രംഗത്തിൽ പാഠഭേദങ്ങൾ ഉണ്ട്. സാധാരണ നടപ്പില്ലാത്തവ ആണ്.
രംഗം പതിനാറിൽ പോരിനു വിളിക്കുന്ന നന്ദികേശ്വരനുമായി ആശുതമൻ ഏറ്റുമുട്ടുന്നു. (ഇത് കാലകേയന്റെ പദമായാണ് പദ്മാശാന്റെ ചൊല്ലിയാട്ടം പുസ്തകത്തിൽ) നന്ദികേശ്വ്വരൻ ആശുതമനെ യുദ്ധത്തിൽ വധിക്കുന്നു.
രംഗം പതിനേഴിൽ കിങ്കരനായ ആശുതമനെ വധിച്ചതറിഞ്ഞ് കാലകേയൻ അർജ്ജുനനോട് വീണ്ടും യുദ്ധത്തിനു പുറപ്പെടുന്നു. കാലകേയൻ വധിക്കപ്പെടുന്നു.
രംഗം പതിനെട്ടിൽ അർജ്ജുനൻ നന്ദികേശ്വരനെ വന്ദിച്ച് അനുഗ്രഹം തേടുന്നു.
രംഗം പത്തൊൻപതിൽ വിജയശ്രീലാളിതനായ അർജ്ജുനൻ അച്ഛനായ ഇന്ദ്രനോട് ചെന്ന് വാർത്തകൾ അറിയിക്കുന്നു. ഇന്ദ്രൻ അർജ്ജുനനെ അനുഗ്രഹിക്കുന്നതോടെ നിവാതകവചകാലകേയവധം ആട്ടക്കഥ സമാപിക്കുന്നു.