കഥകളിയുടെ തൗര്യത്രികഭംഗി തികഞ്ഞ ആട്ടക്കഥയാണ് കാലകേയവധം. രചനാസൗഭാഗ്യവും രംഗസൗഭാഗ്യവും തികഞ്ഞ അപൂർവ്വം ആട്ടക്കഥകളിലൊന്ന് കാലകേയവധമാണ്. പഴയ തെക്കൻ കളരിയിലും കല്ലുവഴിക്കളരിയിലും കാലകേയവധം പരമപ്രാധാന്യമർഹിക്കുന്ന കഥകളിയായി പരിലസിയ്ക്കുന്നു. രംഗപരിചരണത്തെ മനസ്സിൽ കണ്ടെന്നവണ്ണം രചിയ്ക്കപ്പെട്ട കണക്കൊത്ത പദങ്ങൾ, പ്രൗഢവും ഗഹനഭാവമാർന്നതുമായ കാവ്യബിംബങ്ങൾ എന്നിവ കാലകേയവധത്തിനെ ആട്ടക്കഥാസാഹിത്യത്തിന്റെ മുൻനിരയിൽ പ്രതിഷ്ഠിയ്ക്കുന്നു. കോട്ടയം കഥകൾ രംഗപ്രചാരം നേടിയതുമുതൽ ഇന്നോളം കാലകേയവധം കളിയരങ്ങിൽ കൊണ്ടാടപ്പെട്ട കഥകളിയാണ്. പാത്രാവിഷ്കരണത്തിൽ മൂലകഥയിൽ നിന്നു വരുത്തിയ മാറ്റങ്ങളടക്കം കളിയരങ്ങിന്റെ തൗര്യത്രികശോഭയ്ക്ക് മാറ്റുകൂട്ടുന്നു. ആദ്യവസാനപുരുഷവേഷക്കാർക്കു മുന്നിൽ കാലകേയവധം ഒന്നാം അർജ്ജുനനും, ആദ്യാവസാനസ്ത്രീവേഷക്കാർക്കു മുന്നിൽ ഉർവ്വശിയും എന്നും വെല്ലുവിളിയായി നിന്ന വേഷങ്ങളാണ്. ഭാവവൈചിത്ര്യം, വിവിധരസാവിഷ്കരണസാദ്ധ്യതകൾ എന്നിവ കാലകേയവധത്തിൽ കലാത്മകമയി സമ്മേളിച്ചിരിക്കുന്നു.
ആട്ടക്കഥാകൃത്ത്: കോട്ടയത്തു തമ്പുരാൻ