സലജ്ജോഹം തവ

രാഗം: 

ശങ്കരാഭരണം

താളം: 

അടന്ത 56 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

ചരണം 1:
സലജ്ജോഹം തവ ചാടുവചനത്താലതി-
നലംഭാവം മനസി നീ വഹിച്ചാലും ഹന്ത
ചിലരതു ശ്രവിക്കുമ്പോൾ ഞെളിഞ്ഞീടുന്നവർ ഭുവി
ജളന്മാരെന്നതു നൂനം ഛലമല്ല മഹാമതേ

പല്ലവി:
ചൊൽകെടോ നീയാരെന്നു ചൊൽകെടോ

ചരണം 2:
ചാരുശോഭ തേടീടുന്ന വരമാരുടെരഥമിതെന്നതും ഭവാ-
നരുണനോ കിമു വരുണനോ മനസി
കരുണയോടിവിടെ വന്ന കാരണവും നീ
ചൊല്‍കെടോ നീയാരെന്നു സത്യം

അർത്ഥം: 

താങ്കളുടെ പ്രശംസകേട്ട് ഞാന്‍ ലജ്ജിക്കുന്നു. ഇനിയും പ്രശംസിക്കാതിരിക്കാന്‍ മനസ്സുണ്ടാവണം. കഷ്ടം! ചിലര്‍ ഇതുകേള്‍ക്കുമ്പോള്‍ ഞെളിയാറുണ്ട്. ഭൂവില്‍ അവര്‍ വിഢികളാണെന്നു തീര്‍ച്ച. മഹാമതേ, ഈ പറഞ്ഞത് കളവല്ല. സുന്ദരമായിശോഭിക്കുന്ന ഈ രഥം ആരുടെയാണ്? ഭവാന്‍ ആദിത്യസാരഥിയായ അരുണനാണോ? അതോ വരുണനോ? മനസ്സില്‍ കരുണയോടെ ഇവിടെ വന്നകാരണവും, താങ്കളാരെന്നുമുള്ള സത്യവും പറയുക.

അരങ്ങുസവിശേഷതകൾ: 

1) കഥകളിലോകം കണ്ട ഏറ്റവും മികച്ച പദങ്ങളിലൊന്ന് എന്നു കീർത്തികേട്ട പദമാണ് സലജ്ജോഹം. ദുഷ്കരവും മഹത്വമാർന്നതുമായ രംഗാവിഷ്കരണരീതിശാസ്ത്രം ഈ പദത്തിനെ അന‌ന്വയമാക്കുന്നു. അർജ്ജുനന്റെ ധർമ്മവീരത്തിന്റെ ഉജ്ജ്വലപ്രകാശനമാണ് ഈ പദത്തിൽ ദർശിക്കുന്നത്.
2) ഈ പദത്തിലെ സംബോധനകളെല്ലാം ഇടം കൈകൊണ്ടാണ് കാണിയ്ക്കുന്നത്. എങ്കിലും എല്ലാ സംബോധനകളും ആദരപൂർവ്വമാണ്.
3) “ചിലരതുശ്രവിയ്ക്കുമ്പോൾ” എന്നതിലെ ‘ചില’ രണ്ടു മുദ്രകൾ കൊണ്ട് പൂർത്തിയാക്കപ്പെടുന്നു.
4) “ഞെളിഞ്ഞീടുന്നവർ ഭുവി” എന്നിടത്ത് പ്രശംസകേട്ട് ഞെളിയുന്ന ജളന്റെ സ്വഭാവവിശേഷത്തെ അർജ്ജുഅനൻ പകർന്ന് അഭിനയിക്കുകയാണ്.
5) ആവർത്തിച്ചുവരുന്ന പ്രശംസയിൽ അധികമധികം അഹങ്കരിയ്ക്കുന്നു എന്നു നടിയ്ക്കുന്ന ആരോഹണം കാണാം.
6) ഓരോ സങ്കോചമുദ്രകൾക്കും ശേഷം ശരീരത്തെ വിപുലമാക്കിക്കാണിയ്ക്കുന്ന മുദ്രകൾ ഉണ്ട്. അർജ്ജുനന്റെ വീരോൽക്കർഷത്തെ ഈ മുദ്രകളുടെ വിപുലമാനം പ്രത്യക്ഷീഭവിപ്പിയ്ക്കുന്നു.
7) അരുണൻ എന്നതിന് ‘സൂര്യന്റെ തേരാളി’ എന്നാണ് മുദ്രകാണിയ്ക്കുന്നത്.

അനുബന്ധ വിവരം: 

1) പഴയ തെക്കൻ കളരിയിലും കല്ലുവഴിക്കളരിയിലും ഒരുപോലെ പരമപ്രാധാന്യമർഹിക്കുന്നതാണ് സലജ്ജോഹത്തിന്റെ ചൊല്ലിയാട്ടം.
2) കഥകളിയാചാര്യനായ പന്നിശ്ശേരി നാണുപിള്ള തന്റെ ‘കഥകളിപ്രകാരം’ എന്ന പുസ്തകത്തിൽ സലജ്ജോഹത്തിന്റെ തെക്കൻ ആവിഷ്കരണം വിവരിച്ചിട്ടുണ്ട്.
3) ‘അലംഭാവം മനസി നീ” എന്നിടത്ത് മുകളിലേയ്ക്ക് കൈകൾ ഉയർത്തുമ്പോൾ വിരലുകൾ അനക്കിക്കൊണ്ടും, അല്ലാതെയും രണ്ടു വഴികൾ നടപ്പുണ്ട്.
4) സലജ്ജോഹത്തിന്റെ ആവിഷ്കരണം എന്നും ആദ്യാവസാനക്കാർക്കു മുന്നിലെ വെല്ലുവിളിയായിരുന്നു. സലജ്ജോഹം അർജ്ജുനനെ സംബന്ധിച്ചുള്ള മിത്തുകൾ പഴയ നടന്മാരെപ്പറ്റിയുള്ള വിവരണങ്ങളിൽ കാണാം.