വിജയ തേ ബാഹു

രാഗം: 

ശങ്കരാഭരണം

താളം: 

അടന്ത 28 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

മാതലി

അമർത്ത്യവര്യസാരഥിർമരുത്വതോക്തമാസ്ഥയാ
സമസ്തനീതിഭാജനം സമേത്യ സവ്യസാചിനം
തമാത്തശസ്തലസ്തകാദുതിത്വരാസ്ത്രസഞ്ചയൈർ-
നികൃത്ത ശത്രുമസ്തകം സ വക്തുമാദദേ വചഃ   

പല്ലവി:
വിജയ, തേ ബാഹുവിക്രമം വിജയതേ

ചരണം 1
പരമേശൻ തവ രണനൈപുണ്യം കണ്ടു
പരിതോഷമകതാരിൽ കലർന്നുടൻ ബത
പരന്മാരാൽ സുദുർല്ലഭമായീടും പരമാസ്ത്രം
പരിചോടെ ലഭിച്ചതും പരമിഹ വിചാരിച്ചാൽ
                               
ചരണം 2    
കുരുനൃപകുമാരന്മാരൊക്കെവേ പോരിൽ
മറുത്തുനിൽക്കരുതാഞ്ഞു വലഞ്ഞുടൻ നീയും
കരുത്തുള്ള ദ്രുപദനെ പടുത്വമോടെ ബന്ധിച്ചു
ഗുരുഭൂതനു ദക്ഷിണ കുതുകമോടു ചെയ്തതും    

ചരണം 3
കരബലമിയലുന്ന നൃപന്മാരാലതി
ദുരാരോപമായുള്ള ധനുസ്സിങ്കൽ നല്ല
ശരമഞ്ചും തൊടുത്തെയ്തുമുറിച്ചു ലാക്കിനെ
ചാരുതരുണീമണിയെ പാണിഗ്രഹണം ചെയ്തൊരു വീര

അർത്ഥം: 

ശ്ലോകം: സകലനീതികൾക്കും പാത്രമായവനും താൻ കയ്യിലേന്തിയ വില്ലിൽ നിന്നു പൊഴിയുന്ന അസ്ത്രങ്ങളെക്കൊണ്ട് ശത്രുക്കളുടെ ശിരസ്സറുക്കുന്നവനും ആയ ആ അർജുനന്റെ സമീപത്തുചെന്ന് (മാതലി) ഇന്ദ്രൻ പറഞ്ഞയച്ച കാര്യം പറഞ്ഞുതുടങ്ങി. പദം:

അല്ലയോ അർജ്ജുനാ! അങ്ങയുടെ കരപരാക്രമം വിജയിക്കട്ടെ. പരമേശ്വരന്‍ അങ്ങയുടെ രണനൈപുണ്യം കണ്ട് സന്തോഷിച്ച് മറ്റുള്ളവര്‍ക്ക് ലഭിക്കാന്‍ പ്രയാസമുള്ള ദിവ്യാസ്ത്രം അങ്ങയ്ക്ക് തന്നതും, കൌരവകുമാരന്മാര്‍ മറുത്തുനില്‍ക്കാനാവാതെ പോരില്‍ തളര്‍ന്നുപോയപ്പോള്‍ ഉടനെ അങ്ങ് കരുത്തനായ ദ്രുപദനെ സമര്‍ത്ഥമായി ബന്ധിച്ച് ഗുരുഭൂതന് സസന്തോഷം ദക്ഷിണചെയ്തതും വിചാരിച്ചാല്‍ അത്ഭുതം തന്നെ. കരബലം തികഞ്ഞ നൃപന്മാരാല്‍ കുലയ്ക്കുവാനാവാതിരുന്ന ധനുസ്സില്‍ ശരങ്ങളഞ്ചും ഒന്നിച്ചുതൊടുത്ത് ലാക്കിനെ മുറിച്ച് സുന്ദരീരത്നത്തെ പാണിഗ്രഹണം ചെയ്തൊരു വീരാ, അങ്ങയുടെ കരപരാക്രമം വിജയിക്കട്ടെ.

അരങ്ങുസവിശേഷതകൾ: 

1) മാതലിയുടെ ഈ പദവും ചൊല്ലിയാട്ടസൗന്ദര്യം തികഞ്ഞതാണ്. 2) ഈ പദത്തിന്റെ ആവിഷ്കാരസമയത്ത് അപ്പുറത്തുള്ള അർജ്ജുനന്റെ ഇരിപ്പ് സവിശേഷപ്രാധാന്യമർഹിക്കുന്നതാണ്. മേലാപ്പ്, ആലവട്ടം തുടങ്ങിയ ആഡംബരങ്ങളോടെ വില്ലും അമ്പും ഇരുകൈകളും ധരിച്ച്, വീരരസം ഉടൽപൂണ്ട പോലെ ആണ് ഈ പദം അഭിനയിക്കുന്ന സമയത്തുള്ള അർജ്ജുനന്റെ ഇരിപ്പ്. 3) “ചാരുതരുണീമണിയെ പാണിഗ്രഹണം ചെയ്തൊരു വീരാ” എന്നിടത്ത് അർജ്ജുനൻ ലജ്ജനടിയ്ക്കുന്നു. വീണ്ടും പഴയ വീരഭാവത്തിൽ ഇരിക്കുന്നു.

അനുബന്ധ വിവരം: 

ശ്ലോകവൃത്തം-പഞ്ചചാമരം