രംഗം നാല്

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

ഇന്ദ്രസമ്മതപ്രകാരം മാതൃസ്ഥാനീയയായ ഇന്ദ്രാണിയെച്ചെന്നു കണ്ട് അർജ്ജുനൻ അനുഗ്രഹം വാങ്ങുന്നതാണ് ഈ രംഗത്തിലെ ഉള്ളടക്കം. വിജയം വരിക്കാനുള്ള ആശിസ്സ് ഇന്ദ്രാണി അർജ്ജുനനിൽ ചൊരിയുകയും സുഖവിവരങ്ങളന്വേഷിയ്ക്കുകയും ചെയ്യുന്നു. അവിടുത്തെ ദർശനം കൊണ്ട് ഞാൻ സുകൃതശാലികളിൽ പ്രഥമഗണനീയനായിത്തീർന്നിരിക്കുന്നുവെന്ന പ്രതിവചനത്തോടെ, അർജ്ജുനൻ ഇന്ദ്രാണിയെ വന്ദിയ്ക്കുന്നു. ശ്രീകൃഷ്ണന്റെ കാരുണ്യത്താൽ ഇനി നിങ്ങൾക്ക് നല്ലതു ഭവിയ്ക്കും എന്ന് ഇന്ദ്രാണി അനുഗ്രഹിയ്ക്കുന്നു. അർജ്ജുനന്റെ പദത്തിലെ അഷ്ടകലാശം എന്ന സവിശേഷനൃത്തശിൽപ്പം, ഇന്ദ്രാണിയിൽ നിന്നു പിരഞ്ഞശേഷം സ്വർഗം ചുറ്റിക്കാണുന്ന അർജ്ജുനൻ ചെയ്യുന്ന സ്വർഗ്ഗവർണ്ണന എന്നിവ ഈ രംഗത്തിനു ചാരുത പകരുന്നു. സ്വർഗ്ഗസ്ത്രീകളെ അപഹരിയ്ക്കാൻ വന്ന വജ്രകേതു – വജ്രബാഹുക്കളുണ്ടാക്കുന്ന കോലാഹലം ദർശിച്ച് അത് അന്വേഷിക്കാൻ അർജ്ജുനൻ തീരുമാനിയ്ക്കുന്നതോടെയാണ് സാധാരണ ഈ രംഗം അവസാനിയ്ക്കുന്നത്. ഈ രംഗത്തോടു കൂടി, ആദ്യാവസാനവേഷക്കാരനായ അർജ്ജുനന്റെ ഭാഗം അവസാനിയ്ക്കാറാണു പതിവ്. ഈ രംഗാവസാനം വരെ മാത്രമായും കാലകേയവധം അരങ്ങിൽ പതിവുണ്ട്. ഇതുവരെയുള്ള രംഗങ്ങളിൽ അരങ്ങിലെത്തുന്ന അർജ്ജുനന് ‘ഒന്നാം അർജ്ജുനൻ’ എന്നു വിളിയ്ക്കാറുണ്ട്. തുടർന്നുള്ള രംഗങ്ങളിൽ ഉള്ള അർജ്ജുഅനനെ ‘രണ്ടാം അർജ്ജന‌ൻ’ എന്നും.