മാ കുരു വിഷാദമധുനാ

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പ 20 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

ഇന്ദ്രൻ

ശ്രുത്വാതമുർവശീ ശാപ
വിവശീകൃത മാനസം
ആശ്വാസയാമാസ സുതം
ആശ്വേനം മേഘവാഹനം

പല്ലവി:
മാകുരുവിഷാദമധുനാ മഹനീയ
മാകുരുവിഷാദമധുനാ

ചരണം 1:
മനുജകുലമണിദിപമനസി കരുതുക ധൈര്യം
അനുചിതം ത്വയി ശാപമനുകൂലമായ്‌വരും

ചരണം 2:
ഉർവശീകൃത ശാപമുപകാരമായ്‌വരും
ഉർവരാരമണ രിപുഗർവഹര വീര!

ചരണം 3:
അജ്ഞാതവാസമതിലനുഭവിച്ചീടുമിതു
വിജ്ഞാന നിപുണ തവ സംശയമതില്ലെടോ

അർത്ഥം: 

ശ്രുത്വാ തമുര്‍വശീശാപ:
ഉര്‍വ്വശിയുടെ ശാപത്താല്‍ സുതന്‍ ദു:ഖിതനായതുകേട്ട് ഇന്ദ്രന്‍ ഉടനെതന്നെ വന്ന് ആശ്വസിപ്പിച്ചു.

മാ കുരു:
മഹത്വമുള്ളവനേ, വിഷാദിക്കരുതേ. മനുഷ്യവംശത്തിന് രത്നദീപമായുള്ളവനേ, മനസ്സില്‍ ധൈര്യം കരുതുക. അനുചിതമായ ഈ ശാപം നിനക്ക് അനുകൂലമായ്‌വരും. ഉര്‍വ്വശീകൃതമായ ശാപം ശത്രുക്കളുടെ അഹങ്കാരമടക്കുന്നവനായ നിനക്ക് ഉപകാരമായ് വരും. അജ്ഞാതവാസക്കാലത്ത് ഇത് നിനക്ക് അനുഭവിച്ചീടും. വിജ്ഞാനനിപുണാ, ഇതിനു സംശയമില്ലടോ.

അരങ്ങുസവിശേഷതകൾ: 

ഇന്ദ്രന്‍ വലതുഭാഗത്തുകൂടി ‘കിടതകധീം,താ’മോടെ പ്രവേശിച്ച് പുത്രനെ കണ്ട്, പിടിച്ചെഴുനേല്‍പ്പിച്ച് ആലസ്യമകറ്റുന്നു. ദു:ഖത്തോടെ കുമ്പിടുന്ന അര്‍ജ്ജുനനെ അനുഗ്രച്ചിട്ട് ഇന്ദ്രന്‍ പദാഭിനയമാരംഭിക്കുന്നു.