മാതലേ നിശമയ

രാഗം: 

സുരുട്ടി

താളം: 

അടന്ത 28 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

ഇന്ദ്രൻ

ലബ്ധാസ്ത്രമീശാദ്വിജയംവിദിത്വാ
വൃദ്ധശ്രവാസ്തസ്യദിദൃക്ഷയാസൗ
അദ്ധാതമാനേതുമഭീപ്സമാനോ
ബദ്ധാഞ്ജലിംമാതലിമേവമൂചേ

പല്ലവി:
മാതലേ നിശമയ മാമക വചനം

അനുപല്ലവി:
പാര്‍വ്വതീശനോടാശു പാശുപതമസ്ത്രം
പരിചിനോടെ ലഭിച്ചുടന്‍ പാര്‍ത്ഥന്‍ വാണീടുന്നുപോല്‍

ചരണം1:
ധന്യശീലനായീടും മന്നവനതിധീരന്‍
എന്നുടെ സുതനെന്നു നന്നായി ധരിച്ചാലും

ചരണം2:
ഇത്ര ശൌര്യവാനായിട്ടിത്രിഭുവനത്തിങ്കല്‍
കുത്രാപി നഹി കശ്ചില്‍ ഓര്‍ത്തുകാണുന്നേരം

ചരണ3:
വെണ്മതികുലരത്നമായീടുമവന്‍ തന്നെ
കാണ്മാനേറ്റവുമുള്ളില്‍ കാംക്ഷ വളര്‍ന്നീടുന്നു

ചരണം4:
വലുതായ സുരകാര്യം പലതുമുണ്ടിഹ പാര്‍ത്ഥ-
ബലവീര്യേണ സാധിപ്പാന്‍ അലസനല്ലവനൊട്ടും

ചരണം5:
കുണ്ഠതവെടിഞ്ഞു നീ പാണ്ഡവന്‍ തന്നെ ഇങ്ങു
കൊണ്ടുപോന്നീടുവതിനുണ്ടാകൊല്ല താമസം

അർത്ഥം: 

മാതലേ, എന്റെ വാക്ക് കേട്ടാലും. പാര്‍വ്വതീശനില്‍നിന്ന് പാശുപതാസ്ത്രം ലഭിച്ച് പാര്‍ത്ഥന്‍ വാഴുന്നുവത്രേ. ധന്യശീലനും അതിധീരനുമായ ആ രാജാവ് എന്റെ സുതനാണെന്ന് ധരിച്ചാലും. ആലോചിച്ചാല്‍ ഇത്ര ശൌര്യവാനായി ഒരാള്‍ ത്രിഭുവനങ്ങളിലെവിടെയും ഇല്ല. ചന്ദ്രവംശത്തിലെ രത്നമാകുന്ന അവനെ കാണുവാന്‍ ഉള്ളില്‍ അതിയായ ആഗ്രഹം വളരുന്നു. വലുതായ ദേവകാര്യങ്ങള്‍ പലതും പാര്‍ത്ഥന്റെ ബലവീര്യത്താല്‍ സാധിപ്പാനുണ്ട്. ഒട്ടും അലസനല്ല അവന്‍. മടികളഞ്ഞ് നീ പാണ്ഡവനെ ഇങ്ങുകൊണ്ടുപോന്നീടുവാന്‍ ഒട്ടും താമസമുണ്ടാകരുത്.

അരങ്ങുസവിശേഷതകൾ: 

1) ശിൽപ്പസൗന്ദര്യം തികഞ്ഞ പദമാണീത്. അടന്തതാളത്തിന്റെ നിശ്ചിതമാത്രകളിൽ കൃത്യമായി ഘടിപ്പിയ്ക്കപ്പെടുന്ന മുദ്രാവിഷ്കാരം സാദ്ധ്യമാകും വിധമാണ് ഈ പദത്തിന്റെ രചന.  ചില മുദ്രകൾക്ക് സവിശേഷമായ ആവിഷ്കാരരീതിശാസ്ത്രം കൽപ്പിയ്ക്കപ്പെട്ടിരിക്കുന്നു.
2) “പാർത്ഥൻ വാണീടുന്നു പോൽ” എന്നിടത്ത് അർജ്ജുനന്റെ ഇപ്പോഴത്തെ വീരോചിതമായ ഇരുപ്പിനെ ദൃശ്യവൽക്കരിക്കാനെന്നോണം ഉത്തരീയത്തോടൊപ്പം കൈകൾ പിണച്ച് അവസാനിയ്ക്കുന്ന ഒരു പ്രത്യേകമുദ്രയിലാണ് ‘വാണീടുന്നു’ എന്നു കാണിക്കുന്നത്.
3) അവസാനത്തെ “മാതലേ നിശമയ” എന്ന പല്ലവിയ്ക്ക് മുദ്രകാണിയ്ക്കുമ്പോൾ മാതലേ എന്ന മുദ്രയ്ക്കു പകരം “തേർ തെളിയ്ക്കുന്നവനേ!” എന്നു കാണിക്കുന്നു.