തനയ ധനഞ്ജയ ജീവ

രാഗം: 

ശങ്കരാഭരണം

താളം: 

അടന്ത 28 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

ഇന്ദ്രൻ

പാര്‍ശ്ശ്വവര്‍ത്തിനമതീവ ജയന്തം
സേര്‍ഷ്യമാശു കലയന്‍ വിജയന്തം
ആസനാര്‍ധമധിരോപ്യ മുദാ തം
പ്രശ്രയാവനതമാഹ മഹേന്ദ്ര:

പല്ലവി:
തനയ ധനഞ്ജയ! ജീവ ചിരകാലം
വിനയാദിഗുണഗണനിലയ നീ

ചരണം 1:  
സുനയശാലികളായ ധർമ്മജാദികൾ
സുഖേന വസിക്കുന്നോ ജഗൽ-
ജനനകാരണഭൂതനായിരിക്കുന്ന
ജനാർദ്ദനസേവ ചെയ്തീടുന്നോ? തവ
ജനനിയാകിയ കുന്തീദേവിയും
സ്വൈരമായി പാർത്തിടുന്നോ?
പാരിൽ ജനങ്ങളും പരിതാപമകന്നു
നിങ്ങളോടു ചേർന്നിരിക്കുന്നോ? മമ  

ചരണം 2:   
പാതിരാജ്യം കപടത്താലേ ഹരിച്ചവർ
മേലിൽ നന്മയോടെ ബതപാരിൽ വാണീടുവാൻഡ
വഴിവരികയില്ലെന്നതുമറിഞ്ഞീടേണം
നീതിമാർഗ്ഗം പിഴയാതെ നടക്കുന്നോർ-
ക്കല്ലലതി ദുർല്ലഭമെന്നു ധരിച്ചാലും ധന്യശീല മമ
                       
ചരണം 3:   
സച്ചിദാനന്ദസ്വരൂപനായ
നാരായണനവതരിച്ചതും ഭുവി
നിശ്ചയമെല്ലാജനങ്ങൾക്കഭയ-
ദാനം ചെയ്‌വാനാവെന്നതും
നിശ്ചലചിത്തനായവിടെ നിത്യവും
സേവിച്ചുകൊണ്ടാൽ മുക്തിവന്നീടും-പിന്നെ
തുച്ഛമായുള്ളൈഹികത്തെ ലഭിപ്പാൻ
എന്തുവൈഷമ്യം വീര മൗലേ മമ 

ചരണം 4:   
കരുണാസാഗരനായ കമലലോചനൻകലി-
കല്മഷാപഹൻ ഗോപകമനിമാരുടെ മനം
കവർന്നീടുന്നൊരു ചാരുകപടമാനുഷൻ തന്റെ
കഴലിണ കനിവോടു കരുതീടുന്ന നിങ്ങൾക്കു
കാമിതങ്ങൾ പാർക്കിൽ കിമപി ദുർല്ലഭമായി-
ട്ടില്ലെന്നു ധരിച്ചാലും പാണ്ഡുനന്ദനമമ    

അർത്ഥം: 

പാർശ്വവർത്തിനമതീവ:
പാര്‍ശ്വത്തില്‍ വര്‍ത്തിക്കുന്ന ജയന്തന് അസൂയജനിക്കുമാറ് ഇന്ദ്രന്‍ വിജയന് തന്റെ അര്‍ധാസനം നല്‍കി. വിനയം കൊണ്ട് തലകുനിഞ്ഞവനായ അര്‍ജ്ജുനനോട് സസന്തോഷം ഇന്ദ്രന്‍ പറഞ്ഞു.

തനയ ധനഞ്ജയാ:
തനയാ, ധനഞ്ജയാ, വിനയാദിഗുണഗണങ്ങള്‍ക്ക് ഇരിപ്പിടമായവനേ, നീ ചിരകാലം ജീവിച്ചാലും.

അരങ്ങുസവിശേഷതകൾ: 

ശ്ലോകം ചൊല്ലിതുടങ്ങുമ്പോള്‍ ഇന്ദ്രന്‍ എഴുന്നേറ്റ് അര്‍ജ്ജുനനെ വാത്സല്യപൂര്‍വ്വം കടാക്ഷിച്ച്, ആലിംഗനം ചെയ്ത് കൊണ്ടുവന്ന് അര്‍ധാസനം നല്‍കി ഇരുത്തുന്നു. ശ്ലോകം അവസാനിച്ചാല്‍ അര്‍ജ്ജുനന്‍ എഴുന്നേറ്റ് സിംഹാസനത്തില്‍ തൊട്ടുവന്ദിച്ച്, പൂര്‍വ്വസ്സ്ഥിതിയില്‍ നില്‍ക്കുന്നു.

പദത്തിനു ശേഷം ആട്ടം:
അര്‍ജ്ജുനന്‍:(ഇരിക്കുന്ന ഇന്ദ്രനെ കെട്ടിചാടി കുമ്പിട്ടിട്ട്) ‘അല്ലയോ പിതാവേ, എനിക്ക് ഇവിടെ വരുവാനും അങ്ങയെ കണ്ടു വന്ദിക്കുവാനും ഭാഗ്യം സിദ്ധിച്ചത് ദേവനാഥനായ ഇവിടുത്തേയും ലോകനാഥനായ ശ്രീകൃഷ്ണന്റേയും കാരുണ്യം കൊണ്ടുതന്നെ. ഇനി പുലോമജയായ അമ്മയെ കണ്ടുവന്ദിപ്പാനും സ്വര്‍ഗ്ഗലോകം സഞ്ചരിച്ച് കാണുവാനും എനിക്ക് കല്പന തരേണമേ’
ഇന്ദ്രന്‍‍:‘വേഗത്തില്‍ ചെന്ന് കണ്ടുകൊള്‍ക’
അര്‍ജ്ജുനന്‍ വീണ്ടും ഇന്ദ്രനെ കുമ്പിട്ട് നിഷ്ക്രമിക്കുന്നു. ഇന്ദ്രനും അനുഗ്രഹിച്ച് അര്‍ജ്ജുനനെ യാത്രയാക്കിക്കൊണ്ട് നിഷ്ക്രമിക്കുന്നു.

തിരശ്ശീല

അനുബന്ധ വിവരം: 

ശ്ലോകത്തിന്റെ വൃത്തം-സ്വാഗത