സുധാശനേന്ദ്ര വാടാ സുധാശനേന്ദ്ര

രാഗം: 

ആഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

നരകാസുരവധം

കഥാപാത്രങ്ങൾ: 

നരകാസുരൻ

ഏവം താം രജനീചരീമനുനയൻ ഭൗമാസുരോ വീര്യവാൻ

ഗത്വാസൗ വിബുധേന്ദ്രപാലിതപുരീം യുദ്ധായ ബദ്ധോ രുഷാ

രൂക്ഷാക്ഷിക്ഷരദഗ്നിദീപിതദിശോ ഘോരാട്ടഹാസൈസ്തദാ

മുഞ്ചന്നംബുദനിസ്സ്വനം സുരപതിം വാണീമഭാണീദിമാം.

സുധാശനേന്ദ്ര വാടാ സുധാശനേന്ദ്ര!

സുധാശനേന്ദ്ര, വരിക നീ പോരിനുസുധീരനാമെന്നോടു രണഭൂമൗ

വിധൂയ തവ ബലമഖിലം വെൽവൻ

വിധാതൃവരബലഗർവിതനാം ഞാൻ

ചെനത്ത കേസരി വിപിനേ വന്നതി-

ഘനത്തിൽ നാദിച്ചീടുന്നേരം

ക്ഷണത്തിലിതരമൃഗങ്ങളതോടും

രണത്തിലെന്നതുപോലെ നീയും

അമർത്യരിപുകുലകാമിനിയോടോ
സമർത്ഥഭുജബലമതു കാട്ടേണ്ടൂ?

തിമർത്ത തവ മദമതു കളവൻ ഞാൻ

കിമർത്ഥമിഹ ബലമഖിലം തേ ഹി

മധുമഥനൻ പോരിനു വരികിലുമിഹ

വിധുരത നഹി മമ കേളെട മൂഢ!

മധുകൈടകഭസമനാകുന്നെന്നുടെ

അധികതരബലം കാണെട ഖേട!

അർത്ഥം: 

ശ്ലോകം  അർത്ഥം :-

ഇപ്രകാരം രാക്ഷസിയെ സമാശ്വസിപ്പിച്ചശേഷം ക്രോധത്തോടെ ദേവേന്ദ്രനാൽ പാലിക്കപ്പെടുന്ന നഗരത്തല്ലേയ്ക്ക് യുദ്ധത്തിനായി ചെന്ന വീരനായ നരകാസുരൻ തീവ്രങ്ങളായ കണ്ണുകളിൽനിന്നും പുറപ്പെടുന്ന തീക്കനൽകൊണ്ട് ദിക്കുകളെ ജ്വലിപ്പിച്ചുകൊണ്ടും ഇടിമുഴക്കം പോലെ അട്ടഹസിച്ച് ഭയം ജനിപ്പിച്ചുകൊണ്ടും ദേവേന്ദ്രനോട് ഈ വാക്കിനെ പറഞ്ഞു. 

പദം അർത്ഥം :-

ദേവേന്ദ്രാ, വാടാ, ദേവേന്ദ്രാ, നീ പോരിനുവരിക. സുധീരനായ എന്നോട് രണഭൂമിയിൽ നേരിട്ടാൽ, ബ്രഹ്മവരബലത്താൽ ഗർവ്വിതനായ ഞാൻ നിന്റെ സകലബലത്തേയും ജയിക്കുന്നുണ്ട്. കോപിഷ്ഠനായ സിംഹം കാട്ടിൽ വന്ന് ഘോരമായി ഗർജ്ജിക്കുമ്പോൾ ഉടനടി മറ്റുമൃഗങ്ങൾ ഭയന്നോടും. യുദ്ധത്തിൽ അതുപോലെയാണ് നീയും. എടാ, മൂഢാ, വിഷ്ണുതന്നെ ഇവിടെ പോരിനുവരുകിലും എനിക്ക് ഭയമില്ല. എടാ, നീചാ, മധുകൈടഭന്മാർക്ക് തുല്യനായ എന്റെ അപാരമായ ബലം കണ്ടുകൊൾക.

അരങ്ങുസവിശേഷതകൾ: 

ശ്ലോകം ഏവം താം രജനീചരീ, നാലാമിരട്ടി എടുത്തു പോരിന് വിളി, ‘അമർത്യ രിപുകുല..‘ എന്ന ചരണം പതിവില്ല.

ശ്ലോകത്തിനു ശേഷം, ചാപബാണങ്ങളും വാളും ഇരുകൈകളിലായി നിവർത്തിപ്പിടിച്ച് രംഗമദ്ധ്യത്തിലെ പീഠത്തിൽ നിന്നുകൊണ്ട് നരകാസുരൻ തിരതാഴ്ത്തുന്നു.

(ചുറ്റും നോക്കിക്കണ്ട് ആശ്ചര്യപ്പെട്ടിട്ട്) ‘ഹാ! സ്വർഗ്ഗം അതിമനോഹരം തന്നെ. ഇനി എന്റെ ശത്രുവായ ഇന്ദ്രൻ എവിടെയെന്ന് തിരയുകതന്നെ’ (സഞ്ചരിക്കുന്നതായി നടിച്ചശേഷം വലത്തുഭാഗത്തായി കണ്ട്) ‘ഛീ! ഇതാ ഇന്ദ്രൻ ഏറ്റവും പ്രതാപത്തോടെ ഇരിക്കുന്നു’ (പീഠത്തിൽ നിന്നും ചാടിയിറങ്ങി മുന്നിലേയ്ക്ക് ഉറപ്പിച്ച് നോക്കിയിട്ട്)’ഇനി വേഗം പോരിനു വിളിക്കുകതന്നെ’

നരകാസുരൻ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു.

പദാഭിനയം കലാശിച്ചശേഷം ‘നോക്കിക്കോ, എന്നാൽ കണ്ടുകൊൾക’ എന്നുകാട്ടി നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് നരകാസുരൻ ആയുധധാരിയായി വലത്തുവശത്തായി ഒരുകാൽ പീഠത്തിൽ ഉയർത്തിവെച്ച് നിൽക്കുന്നു. ഇടതുവശത്തുകൂടി അമ്പും വില്ലും ധരിച്ച് ഓടിപ്രവേശിക്കുന്ന ഇന്ദ്രൻ ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടി നിന്നിട്ട് നരകാസുരനെ കാണുന്നു. ഇന്ദ്രനെ കണ്ട് നരകാസുരൻ സമീപത്തേയ്ക്കുവന്ന് ജിജ്ഞാസയോടെ ദേഹമാസകലം നോക്കുന്നു.

ഇവിടെ ‘അഹല്യാമോക്ഷം’  ആട്ടം നരകാസുരൻ ആടുന്നു :

അഹല്യാമോക്ഷം 

(അഹല്യാമോക്ഷം എന്ന് ഈ കഥ പൊതുവെ അറിയപ്പെടുന്നതാണ്. വാസ്തവത്തിൽ ഇവിടെ ഇന്ദ്രനെ കളിയാക്കാനായി അഹല്യയ്ക് കിട്ടുന്ന മോക്ഷത്തിനൊന്നും പ്രസക്തി ഇല്ല എങ്കിലും ആട്ടത്തിന്റെ പേർ അങ്ങനെ ഇട്ടു എന്ന് മാത്രം.) 

ഇന്ദ്രനെ കണ്ട് നരകാസുരൻ സമീപത്തേയ്ക്കുവന്ന് ജിജ്ഞാസയോടെ ദേഹമാസകലം നോക്കുന്നു.

നരകാസുരൻ:’ഛീ! എടാ, നിന്റെ ദേഹമാസകലം ഇങ്ങിനെ കണ്ണുകളുണ്ടാകുവാൻ കാരണമെന്ത്?’ (ഇന്ദ്രൻ മൗനം പാലിക്കുന്നതുകണ്ട്)’മിണ്ടില്ലെ?’ (പരിഹസിച്ച് ചിരിച്ചിട്ട്)’എന്നാൽ ഞാൻ പറയാം. പണ്ട് നീ ഗൗതമമുനിയുടെ പത്നിയായ അഹല്യയെ കണ്ട് കാമിച്ചില്ലെ? പിന്നെ രാത്രിയിൽ ഒരു കോഴിയുടെ രൂപം ധരിച്ച് കൂവിയില്ലെ? പ്രഭാതമായി എന്നുകരുതി കുളിജപാദികൾക്ക് നദിയിലേയ്ക്ക് മഹർഷി പോയ തക്കം നോക്കി നീ അഹല്യയെ പ്രാപിച്ച് രമിച്ചില്ലെ? ആ സമയത്ത് ഉൾക്കണ്ണുകൊണ്ട് കാര്യം മനസ്സിലാക്കി ഏറ്റവും കോപത്തോടെ മുനി വന്ന്’ (ഗൗതമനായി ഭാവിച്ച്)’എടാ, നിന്റെ ദേഹമാകെ ലിംഗങ്ങളായിതീരട്ടെ’ (നരകാസുരനായി)’ഇങ്ങിനെ ശപിച്ചില്ലെ? പിന്നെ ദേവന്മാരോടുകൂടി നീ മഹർഷിയുടെ സമീപത്തുചെന്ന്’ (ഇന്ദ്രനായി നടിച്ച് ദൈന്യതയോടെ മഹർഷിയെ കണ്ട്, വണങ്ങിയിട്ട്)’അല്ലയോ മഹർഷിശ്രേഷ്ഠാ, എനിക്ക് ശാപമോചനം തരേണമേ’ (നരകാസുരനായി)’ഇപ്രകാരം യാചിച്ചില്ലെ? അപ്പോൾ മഹർഷി കോപം ശമിച്ച്’ (മറുവശം തിരിഞ്ഞുനിന്ന് മഹർഷിയായി ഭാവിച്ച്)’എന്നാൽ നിന്റെ ദേഹം മുഴവൻ കണ്ണുകളായി വരട്ടെ’ (അനുഗ്രഹിച്ചശേഷം തിരിഞ്ഞ് നരകാസുരനായി)’ഇല്ലേ?’ (ക്ഷോഭത്തോടെ)’അങ്ങിനെ വന്നതല്ലെ?

ഇന്ദ്രൻ:(ക്ഷോഭത്തോടെ)’നിന്റെ വരബലമൊന്നും എന്നോട് പറ്റില്ല. നോക്കിക്കോ’

ഇന്ദ്രൻ നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് പദം ആടുന്നു.

ശേഷം ഇന്ദ്രനും നരകാസുരനും തമ്മിൽ യുദ്ധം. യുദ്ധത്തിൽ ഇന്ദ്രൻ പേടിച്ചോടുന്നു.

ഐരാവതം

നരകാസുരൻ‍:(‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിയശേഷം വലത്തുഭാഗത്തായുള്ള പീഠത്തിൽ കയറിനിന്ന് ഇടത്തുകോണിലായി കണ്ടിട്ട്)’ഹോ!’ ഐരാവതം എന്ന നാൽക്കൊമ്പനാന ഇതാ വരുന്നു.’ (ചാടി താഴെയിറങ്ങി ഐരാവതത്തിനുനേരെ മൂന്നുവട്ടം അസ്ത്രം പ്രയോഗിച്ചശേഷം)’ഏ? കുലുക്കമില്ലെ?’ (ഓരോ കൈകൊണ്ടും മാറിമാറി അടിച്ചുനോക്കിയിട്ട്)’ഇളക്കമില്ലേ?’

തുടർന്ന് നരകാസുരൻ ഐരാവതവുമായി ബലം പിടിക്കുന്നു. മുന്നോട്ടും പിന്നോട്ടും പരസ്പരം തള്ളിനീങ്ങി ഒടുവിൽ നരകാസുരൻ ഐരാവതത്തെ പൊക്കി ചുഴറ്റി എറിയുന്നു. കറങ്ങി താഴെ വീഴുന്നതുകണ്ടിട്ട് നരകാസുരൻ ഐരാവതത്തിന്റെ മസ്തകത്തിൽ പ്രഹരിക്കുന്നു. അനന്തരം ഐരാവതം മസ്തകത്തിൽ അടിയേറ്റ് വേദനയോടും പാരവശ്യത്തോടുംകൂടി നിലത്തുവീണ് കൊമ്പുകുത്തുന്നതായി നരകാസുരൻ പകർന്നാടുന്നു.

ശേഷം സ്വർഗം ജയിക്കൽ ആട്ടം

(‘അഡ്ഡിഡ്ഡിക്കിട’ചവുട്ടി നിന്ന് അദിതിയെ കണ്ടിട്ട്) ‘ഇതാ ദേവമാതാവ് വിശേഷമായ ഒരു കുണ്ഡലം ധരിച്ചിരിക്കുന്നു’ (തഞ്ചം നോക്കി രണ്ടുകുണ്ഡലങ്ങളും പിടിച്ചുപറിച്ച് ഒറ്റക്കൈയിലാക്കി മറ്റേ കൈയ്യാൽ അദിതിയെ കഴുത്തിൽ പിടിച്ചുതള്ളുകയും കുണ്ഡലങ്ങൾ തേരിൽ വെയ്ക്കുകയും ചെയ്തശേഷം)’ഇനി എന്ത്?’ (വെൺകൊറ്റക്കുട, ചാമരാദികൾ നോക്കിക്കണ്ട് അവയെല്ലാം മുറിച്ചെടുത്ത് തേരിക്കൊണ്ടുവെച്ചശേഷം കല്പവൃക്ഷം കണ്ട്, അതിൽ ഒരെണ്ണം പിഴുതെടുക്കുമ്പോൾ വേര് പൊട്ടിപ്പോയി എന്നു നടിച്ചിട്ട് മറ്റൊന്ന് സൂക്ഷിച്ച് വേരോടുകൂടി പിഴുതെടുത്ത് തേരിൽ വെച്ച് വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടി നിന്നിട്ട്)’ഇനി എന്ത്?’ (ആലോചിച്ചിട്ട്)’ദേവസ്ത്രീകളെക്കൂടി കൊണ്ടുപോകണം’ (‘അഡ്ഡിഡ്ഡിക്കിട’ചവുട്ടി നിന്ന് ദേവസ്ത്രീകളെ കണ്ട്, അവരെ ഓടിച്ചിട്ടുപിടിച്ച് തേരികെട്ടിയിട്ടിട്ട്)’ഇനി എന്റെ പുരത്തിലേയ്ക്കു പോവുകതന്നെ’ (ഇടത്തേയ്ക്കു തിരിഞ്ഞ് സൂതനോടായി)’എടോ സൂതാ, രഥം തിരികെ തെളിച്ചാലും’ (വലത്തേയ്ക്കു തിരിഞ്ഞ് സേനാനികളോടായി)’നിങ്ങളെല്ലാവരും തിരികെ പുറപ്പെട്ടാലും’ (പീഠത്തിൽ കയറിനിന്ന് ഇരുവശവുമായി ഇളകി പുറപ്പെടുന്ന സൈന്യങ്ങളോടായി) ‘തിരിച്ച് നടക്കുവിൻ, നടക്കുവിൻ, നടക്കുവിൻ’ (പീഠത്തിൽ നിന്നും ചാടി താഴെയിറങ്ങിയിട്ട് ആത്മഗതമായി)’ഇനി വേഗം പുറപ്പെടുക തന്നെ’. നാലാരിട്ടിയോടെ പിന്മാറുന്നു.

ഇതാണ് ഇപ്പോൾ നടപ്പുള്ള അവതരണരീതി.

മനോധർമ്മ ആട്ടങ്ങൾ: 

അഹല്യാമോക്ഷം

നരകാസുരന്റെ സ്വർഗ്ഗജയം, ഐരാവതം