സരസികവിലോചന ചരണം താവകമഹം

രാഗം: 

മാരധനാശി

താളം: 

അടന്ത

ആട്ടക്കഥ: 

നരകാസുരവധം

കഥാപാത്രങ്ങൾ: 

ഇന്ദ്രൻ

തതസ്സ ജിത്വാ നരകാസുരോ രണേ

ശതക്രതും ഛത്രമഥാസ്യ ചാമരേ

ജഹാര തന്മാതുരുദഗ്രകുണ്ഡലേ

തദൂചിവാൻ ശ്രീപതയേ സുരാധിപഃ

സരസികവിലോചന, ചരണം താവകമഹം

ശരണാഗതോസ്മി മാധവ ! 

ശരണാഗതവത്സല, ശശിബിംബവരാനന!

കരുണാവാരിധേ, മയി കരുണയുണ്ടാകേണം

അധികം ശോഭിതമായ ഛത്രം അത്രയുമല്ല,

അദിതി തന്റെ കുണ്ഡലവും

അധമചരിതനാകുമവനപഹരിച്ചല്ലൊ,

വിധുകിരണസദൃശചാമരയുഗളവും !

സുരവൈരികുലവരനാകും ഭൗമനിന്നഹോ!

സുതരാം ബാധകൾ ചെയ്യുന്നു

അരുവയർമണികളെ അധുനാ കൊണ്ടുപോയല്ലോ!

അവനതിവിരോധങ്ങൾ മുനികളോടു ചെയ്യുന്നു

വീരനാമവനെയിന്നു സംഹരിക്കേണം വിശ്വനായക, ഭവാൻ

കാരണപൂരുഷ, കമനീയതരാകൃതേ!

നാരദനുതലീല, നളിനനാഭ, ഹേ വിഭോ!