വാരിജേക്ഷണ ശൃണു വചനം

രാഗം: 

യദുകുലകാബോജി

താളം: 

അടന്ത 14 മാത്ര

ആട്ടക്കഥ: 

നരകാസുരവധം

കഥാപാത്രങ്ങൾ: 

പത്നി(മാർ)

വാരിജേക്ഷണ, ശൃണു വചനം മമ ശാരദശശിവദന,

വാരിജശരസമ, നിന്നെ കാൺകയാലേ

മാരമാൽ പെരുകീടുന്നെന്നുടെ മാനസേ

സാരസോത്ഭവനാദി സുരവരരെല്ലാരും

സാരത വെടിഞ്ഞങ്ങു ഭൂമിയിൽ ചരിക്കുന്നു

സാരമാകും തവ വിക്രമം കൊണ്ടല്ലൊ,

വാരണവരവരയാനസുശീല!

ചെന്താർബാണകേളികൾ ചന്തമോടു ചെയ്‌വതി-

നന്തികേ വരികെന്റെ ബന്ധുരാകാരാ,

പന്തൊക്കും കുളിർമുല പുണരുക സാദരം

ബന്ധൂകാധരം നുകർന്നമ്പൊടു സുമതേ!

അർത്ഥം: 

താമരക്കണ്ണാ, ശരത്ക്കാലചന്ദ്രനൊത്ത മുഖകാന്തിയോടുകൂടിയവനേ, എന്റെ വാക്കുകൾ ശ്രവിച്ചാലും.

കാമതുല്യാ, ഭവാനെ കാണുകയാൽ എന്റെ മനസ്സിൽ കാമവേദന പെരുകുന്നു. സുന്ദരശരീരാ, ഭംഗിയായി കാമകേളികളാടുവാനായി എന്റെ അരുകിലേയ്ക്കു് വന്നാലും. സുമതേ, ദയയോടെ പന്തിനൊക്കുന്ന കുളിർമുല പുണർന്ന് വഴിപോലെ ചെമ്പരത്തിപ്പൂപോലുള്ള അധരം നുകർന്നാലും.

അരങ്ങുസവിശേഷതകൾ: 

സാരസോത്ഭവനാദി എന്ന ചരണം പതിവില്ല. എന്നുടെ മാനസേ കഴിഞ്ഞാൽ ചെന്താർബാണ എന്ന ചരണമേ ഉള്ളൂ. പദം കഴിഞ്ഞു നരകാസുരന്റെ ആട്ടം.

(ആത്മഗതമായി)’ഹോ! ഈ ലോകത്തിൽ ഇവൾക്കുതുല്യം സൗന്ദര്യമുള്ളവൾ വേറെ ആര്? ഞങ്ങളെപ്പോലെ നടത്തത്തിന് ഭംഗിയുണ്ടായിട്ട് മറ്റാരുമില്ലെന്ന് ഹംസങ്ങൾക്ക് ഒരു ഗർവ്വുണ്ട്. ഇവളുടെ ഗമനഭംഗി വിചാരിച്ചാൽ ഹംസങ്ങളുടെ ഗർവ്വ് വൃഥാവിൽ തന്നെ. പിന്നെ, കുയിലുകൾ ഞങ്ങളെപ്പോലെ ശബ്ദഗുണം വേറെയാർക്കും ഇല്ലെന്ന് അഹങ്കരിക്കുന്നു. ഇവളുടെ ശാരീരഗുണം വിചാരിച്ചാൽ കുയിലുകൾ മൗനം ദീക്ഷിക്കണം. പിച്ചകപൂവിന് തന്നോളം മാർദ്ദവം മറ്റൊന്നിനുമില്ലെന്ന് ഗർവ്വുണ്ട്. ഇവളുടെ ദേഹമാർദ്ദവം വിചാരിച്ചാൽ പിച്ചകപ്പൂകൂടി കരിങ്കല്ലുപോലെ തോന്നും. ഇവളുടെ ദേഹകാന്തി വിചാരിച്ചാൽ ശ്രീഭഗവതി കാഷായമുടുത്ത് സംന്യസിക്കണം. ഇത്ര സൗന്ദര്യമുള്ള ഇവളെ ഭാര്യയായി ലഭിച്ചത് എന്റെ ഭാഗ്യംതന്നെ. കഷ്ടം! ലക്ഷ്മിയെജയിക്കുന്നവളായ ഇവൾ സമീപത്ത് വസിക്കുമ്പോൾ ദേവസ്ത്രീകളെ പിടിച്ചുകൊണ്ടുവരുവാനായി ഞാൻ നക്രതുണ്ഡിയെ നിയോഗ്ഗിച്ചുവല്ലോ?’ (ലജ്ജനടിച്ചിട്ട്)’ഉം, ആകട്ടെ.’

ഈ ആട്ടം 

അസ്യാശ്ചേൽ ഗതിസൗകുമാര്യമധുനാ ഹംസസ്യഗർവ്വെരലം
സല്ലാപോയദി സാദ്ധ്യതാം പരഭൃതൈർവ്വാചം യമത്വവ്രതം
അംഗാനാമകഠോരതാ യദിദൃഷൽ പ്രായൈവ സാ മാലതീ
കാന്തിശ്ചേൽ കമലാ കിമത്രബഹുനാ കാഷായമാലംബ്യതാം 

എന്ന ശ്ലോകത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.

തുടർന്ന് നരകാസുരൻ എഴുന്നേറ്റ് പത്നിയെ ആലിംഗനം ചെയ്യുന്നു. ആലിംഗനം ചെയ്ത് സുഖദൃഷ്ടിയിൽ നിൽക്കുമ്പോൾ അവിചാരിതമായി എന്തോ ശബ്ദം കേട്ട് ശ്രദ്ധിക്കുന്ന നരകാസുരൻ ‘എന്തെങ്കിലും ആകട്ടെ’ എന്ന് മുഖംകൊണ്ട് ഭാവിച്ച് വീണ്ടും സുഖദൃഷ്ടിയിൽ നിൽക്കുന്നു.

(വീണ്ടും ശബ്ദംകേട്ട് ആത്മഗതമായി)’ഒരു ശബ്ദം കേൾക്കുന്നതെന്ത്?’ (വിണ്ടും ശ്രദ്ധിച്ചശേഷം ആശ്വസിച്ചിട്ട്)’എന്തെങ്കിലും ആകട്ടെ. എനിക്കെന്ത്?’ (വീണ്ടും സുഖദൃഷ്ടിയിൽ നിൽക്കവെ അത്യുഗ്രത്തിൽ ശബ്ദം കേട്ടതായി നടച്ച് ഉടൻ പത്നിയെ വിടർത്തിനിർത്തിയിട്ട് ആത്മഗതമായി)’ഒട്ടും നിസാരമല്ല’ (ഒന്നാലോചിച്ചശേഷം)’എന്തായാലും വേഗം പോയി അറിയുകതന്നെ’ (ചിരിച്ചുകൊണ്ട് പത്നിയോടായി)’അല്ലയോ പ്രിയേ, ഈ കേൾക്കുന്ന ശബ്ദം എന്താണെന്ന് ഞാൻ പോയി അറിയട്ടെ. നീ അന്തപ്പുരത്തിൽ പോയി സുഖമായി ഇരുന്നാലും.’

ശബ്ദവർണ്ണന ആട്ടം-

(‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്നിട്ട്)’അതിഭയങ്കരമായ ശബ്ദം കേൾക്കുന്നതെന്ത്?’ (ആലോചിച്ചിട്ട്)’പർവ്വതങ്ങൾ തമ്മിൽ കൂട്ടിമുട്ടിയിട്ടുള്ള ശബ്ദമാണോ?’ (ചിന്തിച്ചുറപ്പിച്ചിട്ട്)’അല്ല. പണ്ട് ഇന്ദ്രൻ തന്റെ വജ്രായുധംകൊണ്ട് പർവ്വതങ്ങളുടെ ചിറക്’ (ഇന്ദ്രനായിഭാവിച്ച് ‘അഡ്ഡിഡ്ഡിക്കിട’വെച്ചിട്ട്)’എവിടെ? എവിടെ?’ (തിരഞ്ഞുനോക്കി ഇരുവശങ്ങളിലുമായി പർവ്വതങ്ങളെ കണ്ട്, ഓരോന്നിനെയായി ഓടിച്ചെന്നുപിടിച്ച് ചിറകുകൾ വെട്ടിക്കളഞ്ഞ് അവയെ അവിടെത്തന്നെ സ്ഥാപിച്ചിട്ട് നരകാസുരനായി)’ഇപ്രകാരം ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇത് പർവ്വതങ്ങളുടെ ശബ്ദമല്ല. പിന്നെയെന്ത്?’ (ചിന്തിച്ചിട്ട്)’സമുദ്രത്തിൽ ജലം നിറഞ്ഞ് തിരമാലകളോടുകൂടിയുള്ള ശബ്ദമാണോ?’ (വീണ്ടും ആലോചിച്ചുറപ്പിച്ചിട്ട്)’അല്ല. പണ്ട് ഊ(ഔ)ർവ്വരൻ എന്ന മഹർഷി, സമുദ്രത്തിൽ വർദ്ധിക്കുന്ന ജലം ഭക്ഷണമാക്കി നിശ്ചയിച്ച് ബഡവാഗ്നിയെ സമുദ്രമദ്ധ്യത്തിൽ സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ സമുദ്രത്തിന്റെ ശബ്ദമല്ല. പിന്നെ എന്ത്?’ (ആലോചിച്ചുനിൽക്കെ അതികഠോരമായ ശബ്ദം കേട്ട് രൂക്ഷഭാവത്തിൽ)’ചെവിപൊട്ടിത്തെറിക്കുന്നതെന്ത്? എന്തായാലും അറിയുകതന്നെ’

രൂപവർണ്ണന/നിണംവരവ് ആട്ടം-
(‘അഡ്ഡിഡ്ഡിക്കിട’വെച്ചിട്ട് വലതുവശത്തുള്ള പീഠത്തിൽ കയറി ഇടത്തുഭാഗത്ത് ദൂരേയ്ക്ക് ദൃഷ്ടിയുറപ്പിച്ച് ആലോചനയോടുകൂടി)’ദൂരെ ഒരു ശോഭകാണുന്നതെന്ത്? (പീഠത്തിൽ നിന്നും ചാടിയിറങ്ങി ഇടതുകോണിലേയ്ക്ക് ഓടിചെന്ന് സൂക്ഷിച്ചുനോക്കിയശേഷം വീണ്ടും പിന്നോക്കം വന്ന് ഇടംകാൽ പീഠത്തിലുയർത്തിവെച്ചുനിന്ന് ഇടത്തുഭാഗത്തേയ്ക്കുതന്നെ നോക്കിക്കൊണ്ട്)’ഒരു സ്ത്രീയുടെ മൂക്കും കാതും മുലകളും ഛേദിക്കപ്പെട്ട് നിണമണിഞ്ഞ് വരികയാണ്. ഇവൾ ആര്?’ (വീണ്ടും ഓടി ഇടത്തുകോണിലേയ്ക്കുവന്ന് ഉദ്വേഗത്തോടെ നോക്കിയിട്ട്)’ഏ? എന്റെ കൽപ്പനയോടുകൂടി സ്വർഗ്ഗത്തിലേയ്ക്കുപോയ നക്രതുണ്ഡിയോ?’ (സൂക്ഷിച്ചുനോക്കി മനസ്സിലാക്കിയശേഷം പെട്ടന്ന് പിന്നോട്ടുചാടിനിന്നിട്ട്)’അതെ, അതെ. കഷ്ടം! ഇവളെ ഇപ്രകാരം ചെയ്തതാര്? അറിയുകതന്നെ’ 

നരകാസുരൻ പിന്നിൽ വലതുകോണിൽനിന്നും വാൾകുത്തിപ്പിടിച്ചുകൊണ്ട് മുന്നിൽ ഇടത്തുകോണിലേയ്ക്കുഓടി വരുന്നു. നക്രതുണ്ഡിയെ മാടിവിളിച്ചുകൊണ്ട് തിരിച്ച് പിന്നിലേയ്ക്കുവരുന്നു. ഇപ്രകാരം മൂന്നുപ്രാവിശ്യം നരകാസുരൻ വിളിക്കുമ്പോഴേക്കും, ‘അയ്യയ്യയ്യോ’ എന്നു നിലവിളിച്ചുകൊണ്ടും രണ്ടുസഹായികളുടെ തോളിൽ കയ്യിട്ടുകൊണ്ടും സദസ്യർക്കിടയിലൂടെ വരുന്ന നിണം(നിണമണിഞ്ഞ നക്രതുണ്ഡി) രംഗത്തേയ്ക്കു പ്രവേശിച്ച് നരകാസുരനെ വണങ്ങി വലത്തുഭാഗത്തായി നിലത്തിരുന്ന് കരയുന്നു.
നരകാസുരൻ:(അനുഗ്രഹിച്ചശേഷം നക്രതുണ്ഡിയെ നന്നായി നോക്കിക്കണ്ടിട്ട്)’കഷ്ടം! ഇപ്രകാരം ചെയ്തത് ആര്? വേഗം പറഞ്ഞാലും.’
നക്രതുണ്ഡി ഇരുന്നുകൊണ്ടുതന്നെ അവ്യക്തമായി മുദ്രകൾ കാട്ടിക്കൊണ്ട് പദം ആടുന്നു.

( നിണം ഇല്ലാതെയും ഈ ഭാഗം പതിവുണ്ട്. നരകാസുരൻ നിനത്തെ കണ്ടതായി നടിച്ച് മുകളിൽ പറഞ്ഞ ആട്ടം ആടുന്നു. )

നക്രതുണ്ഡിയെ പറഞ്ഞയച്ച്  തിരിഞ്ഞുവന്ന് ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടി) ‘ഇനി ശത്രുവായ ഇന്ദ്രനോട് യുദ്ധത്തിനായി ഒരുങ്ങുകതന്നെ’

ചെറിയയനരകാസുരരന്റെ പടപ്പുറപ്പാട്

(‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടതുഭാഗത്ത് സൂതനെകണ്ട്,അനുഗ്രഹിച്ചിട്ട്) ‘എടോ സൂതാ,വേഗം തേര്‍ ഒരുക്കി കൊണ്ടുവന്നാലും.’ (സൂതനെ അനുഗ്രഹിച്ചയച്ചശേഷം ‘അഡ്ഡിഡ്ഡിക്കിട’വെച്ചുനിന്ന് വലത്തേക്കു തിരിഞ്ഞ് സേനാനികളെ കണ്ട്, അനുഗ്രഹിച്ചിട്ട്) ‘അല്ലയോ ദൂതന്മാരേ, നമ്മുടെ ആയുധങ്ങളെല്ലാം വേഗത്തില്‍ കൊണ്ടുവരിക.’ (സേനാനികളെ അനുഗ്രഹിച്ചയച്ചുതിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടത്തേക്കു തിരിഞ്ഞ് സൂതനെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (സൂതന്റെ മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)’ഉവ്വോ?’ (രഥം നോക്കിക്കണ്ട്, പിടിച്ചിളക്കി പരിശോധിച്ച് തൃപ്തനായിട്ട് സൂതനോടായി) ‘വരട്ടെ’ (വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വലത്തേക്കു തിരിഞ്ഞ് സേനാനികളെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (മറുപടി കേൾക്കുന്നതായി നടിച്ചിട്ട്) ‘ഉവ്വോ? എന്നാൽ കൊണ്ടുവാ’ 

വലംകൈ മലർത്തിനീട്ടി അമ്പും വില്ലും വാങ്ങി ഞാണ്‍ മുറുക്കി വില്ല് തൊട്ടുവന്ദിച്ചിട്ട് ഞാണൊലിയിട്ട് പരിശോധിക്കുന്നു. തുടർന്ന് അമ്പും വില്ലും ഓരോ കൈകളിലായി പിടിച്ച് മുന്നിലേയ്ക്ക് കുമ്പിട്ട് പിന്നോക്കം ചാടിനിന്ന് ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിയിട്ട് അമ്പും വില്ലും തേരിലേയ്ക്ക് വെച്ചുകെട്ടുന്നു. അനന്തരം വാളും പരിചയും, ത്രിശൂലം, കുന്തം മുതലായ ആയുധങ്ങളോരോന്നും വാങ്ങി ഇതുപോലെ പയറ്റി ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടി രഥത്തില്‍ വെച്ചുകെട്ടുന്നു* . തുടര്‍ന്ന് ഇരുപുറങ്ങളിലുമുള്ള തന്റെ ഉടവാളുകള്‍ ഓരോന്നായി അരയിൽനിന്നും എടുത്ത് ഇളക്കിതുടച്ചിട്ട് ഉറയിൽത്തന്നെ വെച്ചുറപ്പിക്കുന്നു.

(താളം:തൃപുട)

പരുന്തുകാൽ’ചവുട്ടിക്കൊണ്ട് പടക്കോപ്പണിഞ്ഞ് അരയും തലയും മുറുക്കി യുദ്ധസന്നദ്ധനാകുന്നു.

(താളം:ചെമ്പട)

(‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടത്തുഭാഗത്തായി സൂതനെക്കണ്ട്) ‘എടോ സൂതാ, ഇനി സ്വർഗ്ഗത്തിലേയ്ക്ക് തേര് വഴിപോലെ തെളിച്ചാലും’ (വലത്തേയ്ക്കുതിരിഞ്ഞ് സേനാനികളെ കണ്ട്) ‘നിങ്ങളെല്ലാവരും എന്നോടുകൂടി യുദ്ധത്തിനായി പുറപ്പെട്ടാലും‍’ (ഇടംകൈയ്യിൽ ചാപബാണങ്ങളും വലംകൈയ്യിൽ വാളും ഏന്തിക്കൊണ്ട് പീഠത്തില്‍ കയറിനിന്ന് ഇരുഭാഗങ്ങളിലും ഇളകി പുറപ്പെടുന്ന സൈന്യങ്ങളെ കണ്ട്) ‘നടക്കുവിന്‍, നടക്കുവിൻ, നടക്കുവിന്‍’ (ചാടി താഴെയിറങ്ങിയിട്ട് ആത്മഗതമായി) ‘ഇനി വേഗം പോയി സ്വർഗ്ഗം ജയിക്കുകതന്നെ’

അനന്തരം ചാപബാണങ്ങളും വാളും ധരിച്ചുകൊണ്ട് നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം നരകാസുരൻ തേരിലേക്ക് ചാടിക്കയറുന്നതായി നടിച്ചിട്ട് രൂക്ഷഭാവത്തോടെ പിന്നോക്കം കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.

അനുബന്ധ വിവരം: 

ഇങ്ങനെ ആണ് ഇപ്പോൾ പൊതുവെ പതിവ്.

മനോധർമ്മ ആട്ടങ്ങൾ: 

നിണം വരവ്

പടപ്പുറപ്പാട്

ശബ്ദവർണ്ണന