ദാനവാധമ വന്നതെന്തിഹ

രാഗം: 

കേദാരഗൌഡം

താളം: 

അടന്ത

ആട്ടക്കഥ: 

നരകാസുരവധം

കഥാപാത്രങ്ങൾ: 

ഇന്ദ്രൻ

നിശമ്യ തദ് ഭൂമിസുതസ്യ ഗർജ്ജിതം

രുഷാ ജ്വലൻ ജംഭരിപുർമ്മഹാമനാഃ

പ്രഗൃഹ്യ വജ്രം ശതധാരമുൽബണം

ജഗാദ വാചം നരകം രണോൽസുകഃ

ദാനവാധമ, വന്നതെന്തിഹ പോരിനായതിദുർമ്മതേ !

ഊനമെന്നിയെ നിന്നെയാക്കുവൻ ഭാനുതനയപുരത്തിൽ ഞാൻ

വീര വരിക രണാങ്കണേ എട വീര വരിക

ജംഭസൂദനനാകുമെന്നോടു പോരുവതിന്നിഹ വന്ന തേ

ഡംഭമാശു കളഞ്ഞുടൻ ദംഭോളികൊണ്ടു നിഹന്മി ഞാൻ..

അർത്ഥം: 

നീചനായ അസുരാ, ദുർമ്മനസ്സേ, പോരിനായി ഇവിടെ വന്നതെന്തിന്? നിഷ്പ്രയാസം നിന്നെ ഞാൻ കാലപുരിയിലാക്കുന്നുണ്ട്. വീരാ, യുദ്ധക്കളത്തിലേയ്ക്കു വരിക. എടാ, യുദ്ധക്കളത്തിലേയ്ക്കു വരിക. ജംഭാസുരനെ കൊന്ന ഈ എന്നോട് പൊരുതുവാനായി ഇവിടെവന്ന നിന്റെ അഹങ്കാരം പെട്ടന്നു കളഞ്ഞ് ഞാനുടനെ വജ്രായുധംകൊണ്ട് കൊല്ലുന്നുണ്ട്.