സ്വല്പപുണ്യയായേൻ 

രാഗം: 

നാഥനാമാഗ്രി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം നാലാം ദിവസം

കഥാപാത്രങ്ങൾ: 

ദമയന്തി

താമരബന്ധുവംശമുടയോരവനിപതിലകൻ
ഭീമനരേന്ദ്രനൊടുമൊരുമിച്ചരമത കുഹചിൽ
ഭീമജയാകിലാകുലമനാ രമണനെഅറിയാ-
ഞ്ഞാമയഭൂമധൂമമലിനാ സഖിയെനിരദിശൽ

പല്ലവി
സ്വല്പപുണ്യയായേൻ ഞാനോ
തോഴിയെന്മൊഴി കേൾ നീ

അനുപല്ലവി
സുപ്രസന്നവദനം രമണം
കാണ്മനെന്നു കാമകോടിസുഷമം

ച.1
വിരഹമോ കഠോരം കടലിതു വീതഗാധപാരം
വിധുരവിധുരമിതിൽ വീണുഴന്നു,
വിഷമമെന്നുറച്ചു വേദന പാരം
വിരവിനൊടെന്നാൽ നീയതെല്ലാം
വീര്യപുമാനെകാണ്മാനയി വേല ചെയ്യേണം

ച.2
വികൃതരൂപമേതമൃതുപർണ്ണഭൂമിപാലസൂതം
വിദിതനിഷധപതിവീരനെന്നു
വിരവിൽ വന്നു ചൊല്ലി ഭൂസുരനേകൻ
തിരകവനോടു പോയി നീയതെല്ലാം
ധീരനവന്റെ മൊഴി കേട്ടു വീണ്ടുവരേണം

ച.3
അശനശയനപാനം കഥമവനതുമറിഞ്ഞീടേണം
ഒളിവിൽ മരുവി പുനരോടിവന്നു
സകലമാശു മമ കേശിനി ചൊല്ലേണം
കളയരുതേ നീ കാലമേതും,
ക്ളേശവിനാശനത്തിനു നൂനം കൌശലമേതൽ

അർത്ഥം: 

ശ്ലോകസാരം: സൂര്യവംശജാതനായ രാജശ്രേഷ്ഠൻ (ഋതുപർണ്ണൻ) ഭീമരാജാവിനോടൊപ്പം ഒരിടത്തു നേരം പോക്കി.  ദമയന്തിയാകട്ടെ, ഭർത്താവിനെ തിരിച്ചറിയാഞ്ഞ്‌ മനസ്സിളകി.  വർദ്ധിച്ച ദുഃഖമാകുന്ന പുകയിൽ മങ്ങിയവളായി സഖിയെ നിയോഗിച്ചു.

സാരം: ഞാൻ ഭാഗ്യമില്ലാത്തവളായിത്തീർന്നു.  തോഴീ എന്റെ വാക്കു കേൾക്കു.  കോടിക്കണക്കിനു കാമദേവൻമാരെപ്പോലെ സുന്ദരനായ എന്റെ രമണന്റെ പ്രസന്നവദനം ഞാനിനി എന്നു കാണും! വിരഹം അതികഠിനമാകുന്നു.  ഇതിൽ വിഹ്വലതയോടെ വീണ്‌ തളർന്ന്‌, അധികവേദന വിഷമമെന്ന്‌ തിരിച്ചറിഞ്ഞു.  അതിനെല്ലാം വേണ്ടി എന്റെ ഈ ആപത്തിനെ നീക്കാൻ നീ വീര്യവാനായ ബാഹുകനെ കാണാൻ ശ്രമിക്കണം. അന്നപാനാദികൾ, ഉറക്കം എന്നിവ അവൻ നിർവഹിക്കുന്നതെങ്ങിനെയെന്നറിയണം.  ഒളിവിൽ ഇരുന്ന്‌ എല്ലാം അറിഞ്ഞ്‌ വേഗം വന്ന്‌ എന്നോട്‌ പറയണം.  സമയം കളയരുത്‌.  ഈ കൗശലം എന്റെ ക്ളേശം നശിപ്പിക്കാനാണ്‌.

അരങ്ങുസവിശേഷതകൾ: 

രണ്ടാംരംഗത്തിലെനിലതന്നെ.ദമയന്തിനൈരാശ്യത്തോടെതോഴിയോട്‌:

ആട്ടം:
സഖിയോട്‌: അതുകൊണ്ട്‌ ഇനി വേഗം നീ പോയി വരിക
സഖി:ഞാൻ വേഗം പോയി വരാം എന്ന്‌ കാണിച്ച്‌ മാറിപ്പോകുന്നു.

ദമയന്തി വേണ്ട ഉപദേശങ്ങൾ നല്കി, കേശിനിയെ യാത്രയാക്കുന്നു.