സഫലം സമ്പ്രതി ജന്മം

രാഗം: 

സൌരാഷ്ട്രം

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം നാലാം ദിവസം

കഥാപാത്രങ്ങൾ: 

ഭീമരാജാവ് (ദമയന്തിയുടെ അച്ഛൻ)

ത്രൈലോക്യപ്രാണവാക്യം കുരു നള, ജയ, ജീവേ,തി വിദ്യാധരന്മാർ

കാലേസ്മിൻ തൂകിനാർ പൂമഴ ദിവി, ഭുവി കേൾക്കായി മംഗല്യവാദ്യം,

ആലോക്യാശ്ചര്യമേവം നിരവധി നിഷധാധീശനും പേശലാംഗീ-

മാലിംഗ്യാലിംഗ്യ പുത്രാവപി സമമഖിലൈഃ പ്രാപ ഭീമം പ്രസന്നം

പദം:
സഫലം സമ്പ്രതി ജന്മം നിനയ്ക്കിൽ
ഇല്ലിനി മരിക്കിലും ക്ഷതി.

അനു.
ഇഹലോകമിത, ഫലം മതമഖിലം,
അവലോകിതമഥ നിന്മുഖ കമലം.

ച.1
ജീവിതമായതെനിക്കിവളേ കേൾ
ശ്രീവീരസേനനു നീയിവ ലോകേ,
ദൈവതകാരുണ്യംകൊണ്ടു വിലോകേ
ദിവസമന്വാധികൾ സന്തി ന കേ കേ?
യാവദസുവ്യയം, എനിക്കു കിനാവിലപി ഭയം,
പണ്ടേ മമ ഭാവമുരുദയം, നാരീരത്നംമൂ വുലകിലിയം,
ഏവമേവ നീ, വിശേഷപൂരുഷ,
ജീവലോകപാവനാത്മപൗരുഷ,
ജീവ പിരായ നിരായമയമൂഴിയിൽ,
മാ വിയോഗം വ്രജതമൊരുപൊഴുതും,
ആവിലമാകരുതാശയമാരക്കും
ഉഭാവിമൗ വാം വിധി തന്നു മമ നിധി സഫലം.

അർത്ഥം: 

ശ്ലോകസാരം: മൂന്നു ലോകങ്ങളുടെയും പ്രാണനായ വായുവിന്റെ വാക്കിനെ അനുസരിച്ചാലും, നീ ജയിച്ചാലും, നീ വളരെക്കാലം ജീവിച്ചാലും എന്നു പറഞ്ഞുകൊണ്ട്‌ ഈ സമയത്ത്‌ ആകാശത്തിൽ പുഷ്പവൃഷ്ടി ചെയ്ത്‌ വിദ്യാധരന്മാർ മുഴക്കിയ മംഗല്യവാദ്യങ്ങൾ ഭൂമിയിൽ മാറ്റൊലികൊണ്ടു. ഇപ്രകാരമുള്ള അളവറ്റ ആശ്ചര്യത്തെ കണ്ട്‌ ഭൈമിയെ ആലിംഗനം ചെയ്തിട്ട്‌ പുത്രനെയും പുത്രിയെയും ചേർത്തുപിടിച്ച്‌ എല്ലാവരോടുംകൂടി സന്തുഷടനായ ഭീമന്റെ സമീപത്തു ചെന്നു.

സാരം: എന്റെ ജന്മം സഫലമായി. ഇനി മരിച്ചാലും വിഷമമില്ല. നിന്നെ പിരിഞ്ഞപ്പോൾ ഈ ലോകം മുഴുവൻ ശൂന്യമെന്നു തോന്നിപ്പോയി. ഇപ്പോൾ നിന്റെ മുഖകമലം കണ്ടപ്പോൾ ജന്മസാഫല്യം ലഭിച്ചതുപോലെ തോന്നുന്നു. വീരസേനനു നീ എങ്ങനെയോ അതുപോലെ, എനിക്ക്‌ ഇവൾ ജീവനാണ്‌. ദൈവകാരുണ്യം കൊണ്ട്‌ ഇപ്പോൾ ഇവളെ കണ്ടുകൊണ്ടിരിക്കുന്നു. ഓരോ ദിവസവും എന്തെല്ലാം ആധികളാണു വന്നുകൊണ്ടിരിക്കുന്നത്‌! ആജീവനാന്തം ഇതിങ്ങനെത്തന്നെയായിരിക്കുംതാനും. അതുകൊണ്ടാകാം സ്വപ്നത്തിൽപ്പോലും വിടോഗശങ്കകൊണ്ട്‌ എനിക്കു ഭയമാണ്‌. പണ്ടേ ഞാൻ തരളഹൃദയനാണ്‌. ഇവളാണെങ്കിൽ നാരീരത്നം. നീയാണെങ്കിൽ ജീവികളിൽവച്ച്‌ പാവനമായ ആത്മപൗരുഷത്തോടുകൂടിയ വിശേഷപുരുഷനും. ദുഃഖമില്ലാതെ നിങ്ങൾ വളരെക്കാലം ഭൂമിയിൽ ജീവിച്ചിരിക്കുക.

അരങ്ങുസവിശേഷതകൾ: 

(വലതുവശത്തിരിക്കുന്ന ഭീമരാജാവിന്റെ സമീപത്തിലേയ്ക്ക്‌ നളനും ദമയന്തിയും കുട്ടികളും  പ്രവേശിക്കുന്നു. മൂന്ന്‌ കിടതകിധിംതാം. ദമയന്തിയെയും കുട്ടികളെയും വലതുവശത്താക്കി, നളനെ ഇടതുവശത്തിരുത്തി, ഭീമരാജാവ്‌ പദം അഭിനയിക്കുന്നു)