Knowledge Base
ആട്ടക്കഥകൾ

മുന്നേ ഗുണങ്ങൾ കേട്ടു

രാഗം: 

തോടി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം നാലാം ദിവസം

കഥാപാത്രങ്ങൾ: 

ദമയന്തി

ച.2
മുന്നേ ഗുണങ്ങൾ കേട്ടു തന്നേ മനമങ്ങു പോന്നു,
പിന്നെ അരയന്നം വന്നു നിന്നെ സ്തുതിചെയ്തു,
തന്നെ അതുകേട്ടു ഞാനുമന്നേ വരിച്ചേൻ മനസി
നിന്നേ, പുനരെന്നേ
ഇന്ദ്രനഗ്നിയമനർണ്ണസാമധിപനും കനിഞ്ഞിരന്നു
എന്നതൊന്നുംകൊണ്ടുമുള്ളിലന്നു-
മഭിന്നനിർണ്ണയമനിഹ്നുതരാഗം,
മന്നവർതിലക സമുന്നതം സദസി
വന്നു മാലയാലേ വരിച്ചുകാലേ
എന്നപോലെ ഇന്നു വേല

പല്ലവി:
എങ്ങായിരുന്നു തുണയിങ്ങാരെനിക്കയ്യോ!
ശൃംഗാര വീര്യവാരിധേ!

അർത്ഥം: 

സാരം: അരയന്നം വന്ന്‌ നിന്നെ സ്തുതിക്കുന്നതിനു മുന്നേതന്നെ നിന്റെ ഗുണങ്ങൾ കേട്ട്‌ മനസ്സ്‌ നിന്നിൽ ചേർത്തിരുന്നു.  നിന്നെ മനസ്സുകൊണ്ട്‌ അന്നേ ഞാൻ വരിച്ചിരുന്നു.  പിന്നെ ഇന്ദ്രാദികൾ വന്ന്‌ ഇരന്നിട്ടുകൂടി, ഒരിക്കൽ ചെയ്ത നിശ്ചയത്തിന്‌ മാറ്റം കൂടാതെ, അനുരാഗത്തെ ലജ്ജകൊണ്ടു മറയ്ക്കാതെ സമുന്നതമാകും വണ്ണം സദസ്സിൽ വന്ന്‌ ഞാൻ നിന്നെ മാലകൊണ്ട്‌ യഥാകാലം വരിച്ചു.  അതുപോലെയാണ്‌ ഇപ്പോഴത്തെ പ്രവൃത്തിയും. എവിടെയായിരുന്നു ഇതുവരെയും? ശൃംഗാരവീര്യങ്ങളക്കു സമുദ്രമായവനേ.. ആരാണിവിടെ എനിക്കു തുണ?