പൂമാതിനൊത്ത ചാരുതനോ

രാഗം: 

ദർബാർ

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം നാലാം ദിവസം

കഥാപാത്രങ്ങൾ: 

കേശിനി (ദമയന്തിയുടെ തോഴി)

വെളിച്ചമേ ചെന്നു തിരഞ്ഞൊരോന്നേ
കളിച്ചവൻ ചൊന്നതു കേട്ടു പോന്നു
ഒളിച്ചു പിന്നൊട്ടു ധരിച്ചു ദൂതി
വിളിച്ചു ഭൈമീം വിജനേ പറഞ്ഞാൾ

പല്ലവി
പൂമാതിനൊത്ത ചാരുതനോ, വൈദർഭീ കേൾ നീ,
പൂരൂഷരത്നമീ ബാഹുകനോ.

അനുപല്ലവി
ധീമാനവനെന്നോടു
നാമവും വാർത്തയും ചൊന്നാൻ

ച.1
നളനില്ലൊരപരാധം പോൽ, ഉണ്ടെന്നാകിലും
കുലനാരിക്കരുതു കോപം പോൽ!
ഖലനല്ല വാക്കുകേട്ടാൽ ഛലമുണ്ടെന്നതും തോന്നാ,
പലതും പറഞ്ഞു പിന്നെ ഫലിതമത്രെ പാർത്തോളം.

ച.2
അന്നാദിപാകസംഭാരം സ്വാമി നിയോഗാൽ
വന്നതു കണ്ടേനന്നേരം
കുഭേ നിറഞ്ഞു നീരം കുതുമെത്രയും പാരം
ദംഭംകൂടാതെ ഘോരം ദഹനൻ കത്തിയുദാരം

ച.3
വേഗേന വച്ചങ്ങൊരുങ്ങിക്കൊണ്ടങ്ങു ചെന്നു
സാകേതപതിയെ വണങ്ങി
പോന്നു തേരിലൊതുങ്ങി പൂനിര കണ്ടുമങ്ങി
അവമർദ്ദനം തുടിങ്ങീ അവകളപ്പോൾ വിളങ്ങി

അർത്ഥം: 

ശ്ലോകസാരം: കേശിനി നേരിട്ട്‌ മുന്നിൽ ചെന്ന്‌ ഓരോന്ന്‌ അന്വേഷിച്ച്‌, ബാഹുകൻ പുറത്തൊന്നും അകമേ മറ്റൊന്നുമായി പറഞ്ഞതു കേട്ട്‌ അവന്റെ മുന്നിൽനിന്നും പോന്നിട്ട്‌, മറഞ്ഞു നിന്ന്‌ ചിലതെല്ലാം മനസ്സിലാക്കി ദമയന്തിയെ വിളിച്ച്‌ മറ്റാരും കേൾക്കാതെ പറഞ്ഞു.

സാരം: ലക്ഷ്മീ  ദേവിയെപ്പോലെ സുന്ദരിയായുള്ളോളെ, ദമയന്തീ, ഈ ബാഹുകൻ ആ പുരുഷരത്നംതന്നെയെന്നു തോന്നുന്നു. ബുദ്ധിമാനായ അവൻ, പേരും മറ്റു കാര്യങ്ങളും പറഞ്ഞു. നളന്‌ ഒരു അപരാധവും ഇല്ലത്രെ.  അഥവാ ഉണ്ടെങ്കിൽത്തന്നെ കുലസ്ത്രീ കൾക്ക്‌ കോപം പാടില്ല പോലും. ദുഷ്ടതയൊന്നുമില്ല.  നുണയനുമല്ല.  പിന്നെയും പലതും പറഞ്ഞു.  എല്ലാം കൂടി നോക്കുമ്പോൾ നമ്മുടെ കാര്യം ഫലിച്ചുവെന്നാണ്‌ തോന്നുന്നത്‌. അന്നം മുതലായവ പാകം ചെയ്യാനുള്ള സാമഗ്രികൾ ഋതുപർണ്ണകല്പനയാലെ  വന്ന നേരത്ത്‌, കുടത്തിൽ വെള്ളം നിറഞ്ഞു.  കണ്ടാൽ കൗതുകം തോന്നും. ഘോരനായ അഗ്നി ശാന്തമായി കത്തി. വേഗം എല്ലാം തയ്യാറാക്കി സാകേതാധിപനെക്കണ്ട്‌ വണങ്ങിയശേഷം തേരിൽ വന്നിരുന്ന്‌ വിശ്രമിക്കും നേരം പൂമാലകൾ വാടിക്കണ്ടു.  അവയെടുത്തു തിരുമ്മാൻ തുടങ്ങിയനേരം അവ പുതുമയോടെ പ്രകാശിച്ചു.

(കേശിനിയെ ആശ്ളേഷിച്ചു പറഞ്ഞയച്ചതിനു ശേഷം ദമയന്തി ആത്മഗതം ചെയ്യുന്നു.)

അരങ്ങുസവിശേഷതകൾ: 

ദമയന്തി ചിന്താമഗ്നയായി വലതുവശം ഇരിക്കുന്നു. കേശിനി പതിവനുസരിച്ച്‌ പ്രവേശിച്ചു വന്ദിച്ച്‌ പദം ആടുന്നു. പദത്തിനുശേഷം കേശിനിയെ പറഞ്ഞയച്ച്‌ ദമയന്തി(ഇരുന്നുകൊണ്ട്‌) ചിന്ത.