നിഷധേന്ദ്ര, ബന്ധുകുമുദാകരചന്ദ്ര

രാഗം: 

മോഹനം

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം നാലാം ദിവസം

കഥാപാത്രങ്ങൾ: 

ഹംസം

കൊല്ലാഞ്ഞാലോ കൊൽകിലോ നല്ലതെന്ന-
ങ്ങുല്ലാസത്തോടോർത്തു നിന്നു നളൻതാൻ
നില്ലാതോളം കൗതുകാൽ വന്നിതപ്പോൾ
കല്യാണാത്മാ ഹംസരാജോ ബഭാഷേ.

പല്ലവി:
നിഷധേന്ദ്ര, ബന്ധുകുമുദാകരചന്ദ്ര,
നീ ജയിക്ക നയവാരിധേ,

അനു.
ഹൃഷിതരോമാസ്മി ഞാനിഹ സഖേ, സമവാപ്തൻ
വിഷമങ്ങൾതീർന്നു തേ വീര്യമുണ്ടായ്‌വരിക.

1
ബന്ധുവാകിൽ വിപദി വേണ്ടൂ ഭവ്യം വരുമ്പോളാരില്ലാത്തൂ?
എന്നു ഞാനറിഞ്ഞിട്ടും വന്നില്ലിത്രനാളും,
വെന്തു മേ ഹൃദയമാകിൽ എന്നതുകൊണ്ടെന്തുഫലം?
എന്തുചൊൽ‌വൂ, അന്യായം നിന്നോടു കലിവിരോധം.

2
നളിനഭവനിലയനാൽ ഞാനിഹാഗതനായി,
നള, നിന്നോടൊന്നു ചൊല്ലുവാനരുളിച്ചെയ്തു ധാതാ:
“നലമൊടേ ഭൈമിയോടുമൊരുമിച്ചു നീ ധരണി തന്നിൽ
നവനവവിഭൂതിരസമനുഭവിച്ചു വസിക്ക“ എന്നു

3
പുനരപി വിശേഷിച്ചൊന്നരുളിയതു കേൾക്ക നീ:
‘ഭുജബലനിധേ, വധിയായ്കപുഷ്കരനെ‘ എന്ന്‌.
‘ഭുവി ദിവി ച തവ കീർത്തി ദുരിതഫലശമനീ‘തി
ഭുവനപതിയനുഗ്രഹിച്ചു ഭൂപ,തേ കുശലമസ്തു.

അർത്ഥം: 

ശ്ലോകസാരം: കൊല്ലാതിരിക്കുകയാണോ കൊല്ലുകയാണോ നല്ലത്‌ എന്ന്‌ നളൻ ഒരു നിമിഷം ഓർത്തുനിന്നു. വർദ്ധിച്ച സന്തോഷത്തോടെ കല്യാണാത്മാവായ സ്വർണ്ണഹംസം അവിടെയെത്തി നളനോടു പറഞ്ഞു.

സാരം: ബന്ധുക്കളെ സന്തോഷിപ്പിക്കുന്ന നയശാലിയായ നിഷധരാജാവേ, നീ ജയിക്കുക. ബ്രഹ്മലോകത്തുനിന്നു ഞാൻ വരുന്നു. ബ്രഹ്മദേവൻ നിന്നോട്‌ ഒന്നു ചൊല്ലുവാൻ അരുളിയിരിക്കുന്നു. ദമയന്തിയോടുകൂടി നീ ഭൂമിയിൽ നവ്യമായ വിഭൂതിരസങ്ങൾ അനുഭവിച്ചു ജീവിക്കുക എന്നാണ്‌ അദ്ദേഹം അരുളിചെയ്യുന്നത്‌. വിശേഷ്ച്ചു മറ്റൊന്നുകൂടി പറഞ്ഞിരിക്കുന്നു; കൈക്കരുത്തുള്ള നീ പുഷ്കരനെ വധിക്കരുത്‌ എന്ന്‌. ഭൂമിയിലും സ്വർഗ്ഗത്തിലും നിന്റെ കീർത്തി ദുരിതഫലത്തെ ശമിപ്പിക്കുന്നതാണ്‌ എന്നും ലോകനാധനായ ബ്രഹ്മാവ്‌ അനുഗ്രഹിക്കുന്നു. രാജാവേ, നിനക്കു നന്മയുണ്ടാകട്ടെ.

അരങ്ങുസവിശേഷതകൾ: 

ത്രിപുടതാളത്തിൽ ഹംസം പ്രവേശിച്ച്‌ നളനെ തടഞ്ഞ്‌ പദം. ഇടതുവശത്തു പുഷ്കരൻ. വലതുവശത്ത്‌ നളൻ.