കിമു തവ കുശലം

രാഗം: 

ശങ്കരാഭരണം

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം നാലാം ദിവസം

കഥാപാത്രങ്ങൾ: 

ഭീമരാജാവ് (ദമയന്തിയുടെ അച്ഛൻ)

സായാഹ്നേസൌ പുരമുപഗതോമണ്ഡിതം കുണ്ഡിനാഖ്യം
ജ്ഞാത്വാ ഭൈമീ പരിണയകഥാം ഹന്ത മിത്ഥ്യേതി ധീമാൻ
പൌരൈരാവേദിതനിജഗതിം ഭീമമേത്യർത്തുപർണ്ണ-
സ്തത്സല്ക്കാരപ്രമുദിതമനാസ്സംകഥാം തേന തേന.

പല്ലവി:
കിമു തവ കുശലം മനുകുലനായക
കിന്നു മയാ കരണീയം?

ച.1
പരിജനമില്ലാരും പരിച്ഛദമൊന്നുമില്ല
പാർത്ഥിവേന്ദ്ര പറയേണം
പരിചൊടു നിൻവരവു കാരണം കൂടാതെയല്ല
പരമൊന്നുണ്ടുള്ളിൽ പ്രണയം കരുതീട്ടതും

ച.2
ഇതു കരുതുന്നേരം കുതുകമെനിക്കു പാരം
എന്തെന്നല്ലീ പറയാമേ
പുരവും പരിജനവുമിതുതന്നെ തനിക്കെന്നു
പരമാർത്ഥം ബോധിച്ചല്ലോ പരിചോടു വന്നു ഭവാൻ

ച.3
സുകൃതി ഞാനെന്നതു സംശയമേതുമില്ല
സൌഖ്യമായി ഹൃദയേ മേ
സുകൃതമില്ലാതവർക്കു സുചിരം പ്രയത്നംകൊണ്ടും
സുജനസംഗമമുണ്ടോ സുലഭമായി വരുന്നൂ?

അർത്ഥം: 

ശ്ലോകസാരം: സായാഹ്നത്തിൽ സർവാഭരണ ഭൂഷിതനായി കുണ്ഡിനത്തിൽ എത്തിയ ബുദ്ധിമാനായ ഋതുപർണ്ണൻ ദമയന്തീവിവാഹവാർത്ത വ്യാജമാണെന്നറിഞ്ഞ ശേഷം, ജനങ്ങൾ പറഞ്ഞ്‌ ഋതുപർണ്ണന്റെ വരവറിഞ്ഞ്‌ ഓടിയെത്തിയ ഭീമരാജാവിന്റെ സൽക്കാരത്തെ സ്വീകരിച്ച്‌ സന്തുഷ്ടനായി സംഭാഷണം ചെയ്തു.

സാരം: അല്ലയോ മനുകുലനായകാ, അങ്ങേക്ക്‌ സുഖം തന്നെയോ! അങ്ങേക്ക്‌ ഞാൻ എന്താണ്‌ ചെയ്തു തരേണ്ടത്‌? അങ്ങയുടെ കൂടെ പരിജനങ്ങളും പരിവാരങ്ങളും ഒന്നുമില്ല. ഈ വരവ്‌ അകാരണമാവില്ല.  നമ്മൾ തമ്മിലുള്ള സ്നേഹം മൂലം എന്നോട്‌ പറയാം.

അരങ്ങുസവിശേഷതകൾ: 

ഋതുപർണ്ണൻ വലതുഭാഗത്തിരിക്കുന്നു. ഭീമരാജാവ്‌ പ്രവേശിച്ച്‌ കണ്ടാൽ ഇരുവരും ആലിംഗനം ചെയ്ത്‌ ഋതുപർണ്ണനെ ഇരുത്തി, പദം. ഒരു കിടതകിധിംതാം.