എങ്ങാനുമുണ്ടോ കണ്ടു

രാഗം: 

തോടി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം നാലാം ദിവസം

കഥാപാത്രങ്ങൾ: 

ദമയന്തി

പ്രീതേയം പ്രിയദർശനത്തിനുഴറിപ്പീഡാം വെടിഞ്ഞാശു പോയ്
മാതാവോടുമിദം പറഞ്ഞനുമതിം മേടിച്ചുടൻ ഭീമജാ
മോദാൽപ്രേഷിതകേശിനീ മൊഴികൾ കേട്ടഭ്യാഗതം ബാഹുകം
ജാതാകൂതശതാനുതാപമസൃണാ കേണേവമൂചേഗിരം

പല്ലവി

എങ്ങാനുമുണ്ടോ കണ്ടു, തുംഗാനുഭാവനാം നിൻ
ചങ്ങാതിയായുള്ളവനേ?

അനുപല്ലവി
അംഗാരനദിയിൽ ബഹുതരംഗാവലിയിൽ ഞാനോ
മുങ്ങാവതോ മുങ്ങി മങ്ങിനേനറിയാഞ്ഞേനേതും

അർത്ഥം: 

ശ്ലോകസാരം: ഈ ഭൈമി, പ്രിയനെ കാണാൻ പരിഭ്രമിച്ച്‌, പീഡയെ വെടിഞ്ഞ്‌ അമ്മയോട്‌ ചെന്നു പറഞ്ഞത്‌ അവരുടെ അനുവാദവും വാങ്ങി, പ്രതീക്ഷയോടെ പറഞ്ഞയക്കപ്പെട്ട കേശിനിയുടെ വാക്കുകേട്ട്‌ വന്നു ചേർന്ന ബാഹുകനോട്‌, നൂറുകണക്കിനുണ്ടായ പശ്ചാത്താപത്താൽ മൃദുലയായി ഇങ്ങനെയുള്ള വാക്കു പറഞ്ഞു.

സാരം: സാമർത്ഥ്യം കൊണ്ട്‌ നിനക്ക്‌ ചങ്ങാതിയായുള്ള മഹാനുഭാവനെ എങ്ങാനും കാണുകയുണ്ടായോ? തീക്കട്ടയാകുന്ന നദിയിലുള്ള വലിയ അലകളിൽ ഞാൻ മുങ്ങാവുന്നിടത്തോളം മുങ്ങി ശ്രമപ്പെട്ടു. കാര്യമൊന്നും അറിഞ്ഞതുമില്ല.

അരങ്ങുസവിശേഷതകൾ: 

ദമയന്തി ഇടത്തുവശം നില്ക്കുന്നു. ബാഹുകൻ ഇടത്തുനിന്ന്‌ പ്രവേശിച്ച്‌ വലത്തുവന്നു നില്ക്കുന്നു, ദമയന്തി വന്ദിച്ച്, പരസ്പരം കണ്ടാൽ പദം. ഒരു കിടതകിധീംതാം.