രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പ്രീതിപ്രദേസ്മിൻ ഋതുപർണ്ണരാജേ
സ്ഫീതപ്രകാശേ നിഷധൗഷധീശേ
നിശാന്തശാന്തേ തത ആവിരാസീ-
ദ്വാന്താമൃതാ വാങ്മയകൗമുദീയം.
പല്ലവി:
വിജനേ, ബത! മഹതി വിപിനേ നീയുണർന്നിന്ദു-
വദനേ, വീണെന്തുചെയ്വൂ കദനേ?
അനുപല്ലവി:
അവനേ ചെന്നായോ, ബന്ധു-
ഭവനേ ചെന്നായോ ഭീരു?
എന്നു കാണ്മനിന്ദുസാമ്യരുചിമുഖ-
മെന്നു പൂണ്മനിന്ദ്രകാമ്യമുടലഹം?
ചരണം 1:
ദയിതേ, ലഭിപ്പതെന്തങ്ങയി! തേ വിശക്കുന്നേരം
മയി ദേവി, മായാമോഹശയിതേ,
അരുതേ! ശിവ ശിവ! സുചരിതേ, നിന്നെനിനപ്പാൻ
കീരവാണി, ഭൈരവാണി, സാരവ-
ഫേരവാണി ഘോരകാനനാനി ച.
2.
വ്യസനേപി തവ ഗുരുജഘനേ, കുശലം? നീല-
നയനേ, മദമന്ഥരഗമനേ,
ഗഹനേ സന്താപങ്ങൾക്കു സഹനേ ശിഷ്യരല്ലയോ
ഹരിണപാളി കരിവരാളി, ഇവർ തവ
തരുവരേഷു തരുവരേഷു പൂജകൾ.
3.
ഉരഗാഭരണനെന്നിൽ ഉരുകാരുണ്യമുണ്ടെങ്കിൽ
നരകാദിഭയമില്ലെന്നറിക.
തിരിയാഞ്ഞോ ഞാനും നിന്നെ ഭരിയാഞ്ഞു? നിനക്കില്ലേ
വൃത്തശുദ്ധി വിഷ്ണുഭക്തി മയ്യൊരു
ഭർത്തൃബുദ്ധി കൃത്യസക്തിയും തുണ?
അർത്ഥം:
ശ്ലോകസാരം: ഈ ഋതുപർണ്ണരാജാവിന്റെ പ്രീതിക്കുപാത്രമായിരിക്കെ വർദ്ധിച്ച പ്രകാശവാനായ നളൻ, ഗൃഹത്തിൽ ശാന്തനായിരിക്കുമ്പോൾ അവനിൽനിന്നും അമൃതമയമായ ഈ വാങ്മയചന്ദ്രിക ആവിർഭവിച്ചു.
സാരം: വിജനത്തിൽ, കൊടുങ്കാട്ടിൽ നീ ഉണർന്ന്, അല്ലയോ ചന്ദ്രമുഖി ദുഃഖത്തിൽ വീണ് നീ എന്ത് ചെയ്യും!
നീ വനം വിട്ട് നാട്ടിലെത്തിയോ! ബന്ധുഗൃഹത്തിലെത്തിയോ! ഭയശീലേ..
ചന്ദ്രനോട് തുല്യം ശോഭയാർന്ന ആ മുഖം ഞാനിനി എന്നു കാണു? ഇന്ദ്രനുംകൂടി കൊതിക്കത്തക്കതായ ഉടൽ ഏതൊരു നാളിൽ ഞാൻ ആലിംഗനം ചെയ്യും!.
അല്ലയോ പ്രേയസി! നിനക്കു വിശക്കുന്ന നേരം എന്താ ലഭിക്കുക. എന്നിൽ മായാമോഹത്താൽ ശയിക്കപ്പെട്ടവളായുള്ളോളേ.. ശിവ ശിവ നിന്നെ വിചാരിക്കാൻ കൂടി ഈയുള്ളവന് അസാധ്യമത്രെ.. അതി മധുരമായ കണ്ഠനാദത്തോടു കൂടിയവളേ ഭയങ്കരങ്ങളും കുറുക്കൻമാരുടെ ശബ്ദത്തോടുകൂടിയതുമായ കൊടുങ്കാടുകൾ (നിന്റെ നിലയോട് എത്ര മാത്രം വിരുദ്ധമാണ്).
പരമശിവന് എന്നിൽ കാരുണ്യമുണ്ടെങ്കിൽ എനിക്ക് നരകഭയം ഇല്ല. നിനക്ക് ചരിതത്തിന്റെ പാവനതയും വിഷ്ണുവിങ്കലുള്ള ഭക്തിയും എന്നിൽ ഭർതൃബുദ്ധിയും, കൃത്യസക്തിയും തുണ ഉണ്ട് എന്നറിഞ്ഞിട്ടാണ് ഞാൻ നിന്നെ ഭരിക്കാതിരുന്നത്.