നൈഷധേന്ദ്ര, നിന്നോടു ഞാൻ

രാഗം: 

ഗൌളീപന്ത്

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം മൂന്നാം ദിവസം

കഥാപാത്രങ്ങൾ: 

കാർക്കോടകൻ

ദഹനമോചിത ഏഷ മഹീഭുജാ
ദശപദശ്രവണേ കൃതദംശനഃ
വിഷധരാധിപതിർവിഗതജ്വരോ
നിഷധരാജമശാദ്വികൃതാകൃതിം.

പല്ലവി:
നൈഷധേന്ദ്ര, നിന്നോടു ഞാൻ നേരുതന്നെ ചൊല്ലാം

അനുപല്ലവി:
വൈഷമ്യമായി മമ, വലുതഹോ! വിധി ജഗതി.

ചരണം 1:
മതിമതി വിശങ്ക തവ മമ ജനനി കദ്രുവല്ലോ
മഹിമാതിരേകത്തിനു മന്ദത പിണഞ്ഞു മമ

2
ഊക്കേറുമഹിവരരിൽ കാർക്കോടകാഖ്യനഹം
ഓർക്കേണമൊരു മുനിയെ മാർഗ്ഗേ ചതിച്ചിതഹം

3
വായ്ക്കും കോപംപൂണ്ടു മുനി ദീർഘമൊരു ശാപം തന്നു
പോക്കുമഴൽ നളനെന്നു മോക്ഷവഴിയരുളി പിന്നെ

4
ചാപല്യജാതമിഹ ശാപവുമകന്നു മമ
തേ പകരം ചെയ്തതുള്ളിൽ കോപകരമല്ലറിക

5
നിന്നഴൽക്കു മൂലം കലി വന്നകമേ വാഴുന്നവൻ
എന്നുടയ വിഷമേറ്റു നിന്നെയവൻ വിടുമുടനേ

6
നിന്നെയറിയരുതൊരുവനെന്നിട്ടു നിന്നുടൽ മറച്ചു,
പിന്നെ നീ ഇത്തുകിലുടുക്കിൽ നിന്നുടൻ നിനക്കു വരും.

അർത്ഥം: 

ശ്ലോകസാരം: രാജാവിനാൽ മോചിതനായ സർപ്പശ്രേഷ്ഠൻ, ദുഃഖം തീർന്നവനായി, ദശ എന്ന വാക്ക്‌ കേട്ടമാത്രയിൽ കടിക്കപ്പെട്ടവനും വികൃതനുമായ നിഷധരാജാവിനോട്‌ ഇപ്രകാരം നിർദ്ദേശിച്ചു.

സാരം: നൈഷധേന്ദ്ര നിന്നോട്‌ ഞാൻ നേര്‌ പറയാം.  എനിക്ക്‌ വൈഷമ്യം നേരിട്ടതോർത്താൽ വിധി വലുതുതന്നെ. നിന്റെ സംശയം മതി.  എന്റെ അമ്മ കദ്രുവാണ്‌.  എന്റെ മഹിമയ്ക്ക്‌ കുറവ്‌ നേരിട്ടു. വിഷവീര്യമേറുന്ന സർപ ശ്രേഷ്ഠൻമാരുടെ കൂട്ടത്തിൽ കാർക്കോടകൻ എന്ന പേരോടു കൂടിയവനാണു ഞാൻ.  ഞാനൊരു മഹർഷിയെ വഴിയിൽ വെച്ചു ചതിക്കുകയുണ്ടായി. വർദ്ധിച്ച കോപത്തോടെ മുനി വളരെക്കാലത്തേക്ക്‌ അനുഭവിക്കേണ്ടതായ ഒരു ശാപം നൽകി.  നളൻ നിന്റെ ദുഃഖം തീർക്കും എന്ന്‌ ശാപമോചനഉപായവും അരുളിചെയ്തു. നിന്റെ ദുഃഖത്തിനുള്ള കാരണം ഹൃദയത്തിൽ വാഴുന്നവനായ കലിയാണ്‌.  എന്റെ വിഷമേറ്റ്‌ അവൻ ഉടനെ നിന്നെ വിടും. നിന്നെ ആരും തിരിച്ചറിയരുത്‌ എന്നു കരുതി നിന്റെ ഉടൽമറച്ചു.  പിന്നെ ഈ വസ്ത്രം ഉടുത്താൽ നിന്റെ ഉടൽ നിനക്ക്‌ സിദ്ധിക്കും.