രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഇതി നിജജനയിത്രീമങ്ങൊരോ വാർത്ത ചൊല്ലി-
ത്തദനുമതിയെ വാങ്ങിത്താതനും ബോധിയാതെ
സപദി കില സുദേവം സാരനാമദ്വിജേന്ദ്രം
സകുതുകമിതി ചൊന്നാൾ സാ സമാനായ്യ ഭൈമീ.
പല്ലവി:
കരണീയം ഞാനൊന്നു ചൊല്ലുവൻ കേൾക്ക സുദേവ,
ചരണം 1:
ധരണിയിൽ മണ്ടിപ്പണ്ടു താതശാസനം കൈക്കൊണ്ടു
തദനു ചേദിപുരി പുക്കുകൊണ്ടു നീയെന്നെക്കണ്ടു.
2
അവിടന്നെന്നെക്കൊണ്ടുപോന്നു താതപാദസന്നിധി ചേർത്തു,
ആരതോർത്തു ദൈവഗതിയല്ലേ മേദിനീദേവ.
3
ഇന്നിയുമപ്പോലെൻനിമിത്തമെൻ മാതാവിൻ നിയോഗത്താൽ
ഇനിയും നിന്നാലൊന്നുണ്ടു വേണ്ടൂ കേൾക്ക സുദേവ.
4
ഇവിടെ നിന്നു നടകൊണ്ടു ഋതുപർണ്ണഭൂപനെക്കണ്ടു
സ പരിതോഷം പൂജ കൈക്കൊണ്ടു സാരസ്യം പൂണ്ടു.
5
സമയഭേദം നോക്കിക്കൊണ്ടു സഭയിലൊന്നു ചൊല്ലിക്കൊണ്ടു
സാധുശീല, വരിക നീ വീണ്ടും വൈകാതെകണ്ടു.
6
നമുക്കതുകൊണ്ടുപകാരം നൈഷധദർശനം സാരം
നിനക്കല്ലേ നീരസം പാരം നിത്യസഞ്ചാരം.
7
സത്വരം നീ നിർവ്വിചാരം സാധയ മേ കാര്യഭാരം
സത്തുക്കൾക്കന്യാധിസംഹാരം സർവ്വാധികാരം.
അർത്ഥം:
സാരം: ഇപ്രകാരം സ്വമാതാവിനോട് ഓരോ വൃത്താന്തങ്ങൾ പറഞ്ഞ്, അവരുടെ അനുവാദം വാങ്ങി, അച്ഛൻ പോലും അറിയാൻ ഇടവരാതെ ഉടനെ സുദേവൻ എന്നു പേരുള്ള കാര്യവിവരമുള്ള ബ്രാഹ്മണനെ വരുത്തിയിട്ട് മനസ്സിന്റെ സന്തോഷം പ്രകടമാക്കി ഇപ്രകാരം പറഞ്ഞു.
സാരം: ചെയ്യപ്പെടേണ്ട ഒരു കാര്യം ഞാൻ പറയാം. കേൾക്കുക സുദേവ. പണ്ട് അച്ഛന്റെ ആജ്ഞപ്രകാരം ഭൂമി മുഴുവൻ മണ്ടി നടന്ന് ചേദിപുരിയിൽ വെച്ച് നീയെന്നെ കണ്ടു. അവിടന്ന് എന്നെ കൂട്ടിക്കൊണ്ടുപോന്ന് അച്ഛന്റെ അറികിലെത്തിച്ചു. ഇങ്ങനെ വന്നത് വിധിയുടെ ശക്തി.. അല്ലേ ബ്രാഹ്മണശ്രേഷ്ഠാ!.
ഇവിടെ നിന്നും നടന്ന് ഋതുപർണ്ണരാജാവിനെക്കണ്ട് ആതിഥ്യസൽക്കാരം സ്വീകരിച്ച്, ആതിഥേയന് സ്വീകാര്യമായ സഹൃദയത്വം പ്രകടിപ്പിട്ട്, സമയത്തിന്റെ ?തരാതരം? നിരീക്ഷിച്ചുകൊണ്ട്, സഭയിൽ ഒന്നു ചൊല്ലിയിട്ട് അങ്ങ് വീണ്ടും വരുക.
എനിക്ക് അതുകൊണ്ടുള്ള ഉപകാരം നൈഷധദർശനമാണ്. അങ്ങേക്ക് എന്നും സഞ്ചരിക്കുക എന്നതിൽ വളരെ നീരസം തോന്നരുതേ.