മറിമാൻകണ്ണി മൗലിയുടെ

രാഗം: 

ദ്വിജാവന്തി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം മൂന്നാം ദിവസം

കഥാപാത്രങ്ങൾ: 

ബാഹുകൻ

സുദേവോക്താ വാണീ സ്വദയിതതമോദന്തപിശുനാ
സുധാമിശ്രാ പൂർവ്വം ശ്രവസി വിഷധാരേവ പതിതാ
അഥോൽക്കേവാസഹ്യാ ന്യപതദൃതുപർണ്ണസ്യ ച ഗിരാ
തതശ്‌ചിന്താമാപത്തരളഹൃദയോ ബാഹുക ഇമാം.

ബാഹുകൻരങ്ഗത്തിന്റെനടുവിലിരുന്നുകൊണ്ട്‌
ആത്മഗതം

പല്ലവി:
മറിമാൻകണ്ണിമൗലിയുടെ മറിവാർക്കിതറിയാം!

അനുപല്ലവി:
ഒരുമയായ്‌ രമിച്ചിരുന്നൊരു മയാ അപരാധം
അവശം ചെയ്യപ്പെട്ടതോർത്താൽ
വിധുരം നിതരാം ചെയ്‌വാനോ?

ചരണം 1:
ആർത്തി പാരം വരുന്നേരം ഓർത്തുചൊല്ലുമോരോന്നേ
പേർത്തു കർണ്ണാകർണ്ണികയാ ധൂർത്തരതറിഞ്ഞു
ഓർത്തുറച്ചേവരുമങ്ങു പാർത്ഥിവന്മാരെത്തുകിലും
തീർത്തുചൊല്ലാം, നിന്ദ്യകർമ്മം താർത്തേൻമൊഴിചെയ്കയില്ല.

2.
അനവധി മമ പുനരപരാധം,
അതിനിതു സമുചിതമതിവാദം,
അഴൽ മനമതിലെഴുമൊരുപോതങ്ങവൾ പറകിലാമേ;
അതൊഴികെ അനുചിതമൊരുനാളും
അപഥിഷു മതിഗതി അവൾക്കില്ല
അതിപരിചിതമെനിക്കവൾശീലം;
അലമലമതിചലവിലപിതവിലസിതമിതു നൂനം.

അർത്ഥം: 

ശ്ലോകസാരം: സുദേവനാൽ പറയപ്പെട്ട തന്റെ ദയിതയുടെ വൃത്താന്തസൂചകമായ വാക്ക്‌ അമൃതം കലർന്ന വിഷധാരപോലെ ചെവിയിൽ പതിച്ചു.  പിന്നീട്‌ ഋതുപർണ്ണന്റെ വാക്ക്‌ അസഹ്യമായ ഉല്ക്കപോലെ വീണു.  തുടർന്ന്‌ ചഞ്ചലചിത്തനായ ഈ ബാഹുകൻ ഇവ്വണ്ണമുള്ള ചിന്തയെ പ്രാപിച്ചു.
 

സാരം: ഇളം പ്രായത്തിലുള്ള മാനിന്റെ കണ്ണുപ്പോലയുള്ള കണ്ണുകളോടുകൂടിയ ആ സുന്ദരിയുടെ മനസ്സിന്റെ തകിടം മിറച്ചിൽ ആർക്ക്‌ അറിയാം.?

രണ്ടുപേരും ഒന്ന്‌ എന്ന സങ്കല്പത്തോടെ രമിച്ചിരുന്നവനായ ഞാൻ അപരാധം ചെയ്തതിനു പകരമായി എന്നെ ഏറ്റവും വിരഹിയാക്കിത്തീർക്കാനാണോ അവളുടെ ഭാവം?

ദുഃഖം ക്രമാതീതമായി വന്നുപെടുമ്പോൾ ഒന്നിനെ തുടർന്ന്‌ മറ്റൊന്ന്‌ എന്ന നിലയ്ക്ക്‌ ഓരോന്ന്‌ ഓർത്ത്‌ പറഞ്ഞുവെന്ന്‌ വരാമല്ലോ!  അത്‌ ചെവിക്കു ചെവിയായി അ​‍ിറഞ്ഞ്‌ ധൂർത്തരായ നാടുവാഴികൾ ഒക്കെയും കുണ്ഡിനത്തിൽ എത്തിയാലും ഉത്തമസ്ത്രീയായ അവൾ നിന്ദ്യമായതൊന്നും ചെയ്യില്ല തീർച്ച.

എന്റെ അപരാധമാകട്ടെ അതിരില്ലാത്തതാകുന്നു.  അതിന്‌ ഈ അതിവാദം (പരുഷവചനങ്ങൾ) മനസ്സിൽ ദുഃഖം പെരുകിയ സമയത്ത്‌ അവൾ പറഞ്ഞിട്ടുണ്ടാകാം.  എന്നതൊഴികെ യാതൊരുകാലത്തും ഉചിതമല്ലാത്ത ആലോചന അവൾക്കു ഉണ്ടാകുന്നതല്ല.  അവളുടെ ശീലം എനിക്കു നല്ല പരിചയമൂള്ളതാണല്ലോ.  അവളുടെ ഏറ്റവും ചഞ്ചലമായ പുലമ്പലിന്റെ പ്രകടിതഫലം തന്നെയാണ്‌ ഇത്‌ (രണ്ടാം സ്വയംവരവാർത്ത്‌) തീർച്ച.

സ്ത്രീ രത്നത്തിന്റെ ഗുണങ്ങളാൽ ആകർഷിക്കപ്പെട്ട ചെവിയോടുകൂടിയവനേ ഹേ ഋതുപർണാ.  അങ്ങയാൽ അഭിപ്രായം പ്രകടിപ്പിക്കപ്പെട്ടു.  ഞാൻ ആലോച്ച്ചിട്ടാകട്ടെ സാധ്യമല്ല എന്നു പറുവാനും ഇല്ല.  വാർഷ്ണേയനും കൂടെ പോരട്ടെ.  അങ്ങ്‌ വിശിഷ്ടമായ തേരിൽ കയറിയാലും അങ്ങ്‌ ആദ്യം കുണ്ഡിനപുരത്തിൽ എത്തട്ടെ; പിന്നീട്‌ സൂര്യൻ അസ്തമിച്ചോട്ടെ..