കത്തുന്ന വനശിഖിമദ്ധ്യഗനാരെടോ

രാഗം: 

ശങ്കരാഭരണം

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം മൂന്നാം ദിവസം

കഥാപാത്രങ്ങൾ: 

നളൻ

“പേടിക്കേണ്ടാവരുവനരികേ വൻകൊടുങ്കാട്ടുതീയിൽ
ചാടിക്കൊണ്ടാലൊരു ഭയമെനിക്കില്ല, ഞാൻതൊട്ടവർക്കും;
കൂടിക്കണ്ടാലുടനഴലൊഴിച്ചീടുവേനെ“ ന്നുചൊല്ലി-
ത്തേടിക്കണ്ടൊരുരഗപതിയോടൂചിവാൻ നൈഷധേന്ദ്രൻ.

പല്ലവി:
കത്തുന്ന വനശിഖിമദ്ധ്യഗനാരെടോ നീ?
തത്ത്വമേവ വദ മേ.

അനുപല്ലവി:
ചത്തുപോമിവിടെയെന്നു നീ നിനയ്ക്കേണ്ടാ,
ശാപംകൊണ്ടോ ചതികൊണ്ടോ ചാപലംകൊണ്ടോ?

ചരണം 1:
എരിഞ്ഞ തീയിൽ നിന്നല്ലിനി വേണ്ടൂ സല്ലാപം
ഇരുന്നുകൊള്ളുകയെന്റെ ചുമലിൽ നീ ഗതതാപം
അറിഞ്ഞതെങ്ങനെ നീ നൈഷധനെന്ന പേരെ?
പറഞ്ഞീടേണമിപ്പോളാരെന്നുള്ളതും നേരെ.

2
ഭുജംഗമെന്നുതോന്നി രൂപം കൊണ്ടു നിന്നെ,
വിശങ്കയെന്തെന്നല്ലീ? അതു ചൊല്ലാം പിന്നെ,
ഭൃശം ഗതോസി നൂനമാപദം വനവഹ്നേ
രുജം കളഞ്ഞു പറഞ്ഞീടേണം നേരുതന്നെ.

അർത്ഥം: 

ശ്ലോകസാരം:  നീ പേടിക്കേണ്ടതില്ല ഞാൻ അരികെ വരും,  ഈ വലിയ കാട്ടുതീയിൽ ചാടിക്കഴിഞ്ഞാൽ എനിക്കും ഞാൻ തൊട്ടവർക്കും ഒരു ഭയവുമില്ല.  അന്യോന്യം കണ്ടാൽ ഞാൻ നിന്റെ ദുഃഖം തീർക്കുന്നതാണ്‌. എന്നിങ്ങനെ പറഞ്ഞ്‌ അന്വേഷിച്ച്‌ കാണപ്പെട്ട സർപ്പശ്രേഷ്ഠനോട്‌ നൈഷധേന്ദ്രൻ ഇപ്രകാരം പറഞ്ഞു.

സാരം: കത്തുന്ന കാട്ടുതീയുടെ നടുവിൽ അകപ്പെട്ടവനായ നീ ആരാണ്‌.  വാസ്തവം എന്നോട്‌ പറഞ്ഞാലും. ഇവിടെ കിടന്ന്‌ ചത്തുപോവും എന്ന്‌ നീ വിചാരിക്കേണ്ട (തീയിൽ വീണത്‌) ശാപം കൊണ്ടായാലും ചതികൊണ്ടോ, ചാചല്യം കൊണ്ടോ ആയാലും. ഈ സല്ലാപം എരിഞ്ഞതീയിൽ നിന്നല്ല വേണ്ടത്‌.  ദു:ഖം കളഞ്ഞ്‌ എന്റെ ചുമലിൽ ഇരുന്നാലും നൈഷധൻ എന്ന പേരിനെ അറിഞ്ഞതെങ്ങനെയാണ്‌? നീ ആരാണെന്നുള്ളസത്യം പറഞ്ഞാലും.
 

അരങ്ങുസവിശേഷതകൾ: 

പദശേഷം നളൻ കാർക്കോടകനെ എടുത്ത്‌ കാട്ടുതീക്കു പുറത്തേക്ക്‌ നടക്കുന്നു.